Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (06/07/2024)


 പ്രഭാത വാർത്തകൾ

2024 | ജൂലൈ 6 | ശനി | മിഥുനം 22


◾ ബ്രിട്ടനില്‍ അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി നേതാവ് കിയര്‍ സ്റ്റാര്‍മറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. അതോടൊപ്പം ഇന്ത്യന്‍ വംശജനായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-യുകെ ബന്ധം സജീവമായിരുന്നതിന് അദ്ദേഹത്തിന് മോദി നന്ദിയും അറിയിച്ചു.

◾ നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഒറ്റപ്പെട്ട ചില സംഭവങ്ങളില്‍ കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ചില വ്യക്തികള്‍ ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇത് പരീക്ഷയെ വ്യാപകമായി ബാധിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സത്യസന്ധതയോടെയാണ് പരീക്ഷ എഴുതിയതെന്നും ഇവരെ ബാധിക്കുന്ന തീരുമാനം ഉണ്ടാകരുതെന്നും വിശ്വാസ്യത ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.


◾ മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റിന് ക്ഷാമമുണ്ടെന്നും അധിക സീറ്റ് വേണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്  കമ്മിറ്റി . സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സപ്ലിമെന്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിച്ചാവണം ബാച്ച് തീരുമാനിക്കാനെന്ന് ശുപാര്‍ശയില്‍ പറയുന്നു. എന്നാല്‍ മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് മലപ്പുറത്തെ പ്ലസ് വണ്‍ അധിക ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുമെന്നാണ് കരുതുന്നത്.


◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംപ്രീണനം കേരളത്തില്‍ തിരിച്ചടിയായെന്ന ആരോപണത്തെ മറികടക്കാന്‍ സി.പി.എം ആശയപ്രചാരണത്തിനിറങ്ങുന്നു. മുസ്ലിംപ്രീണനമെന്നത് തെറ്റായ പ്രചാരണമെന്നും മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടിയുടെ മുസ്ലിം ന്യൂനപക്ഷത്തോടുള്ള സമീപനമെന്നും ലോക്‌സഭാതിരഞ്ഞെടുപ്പ് അവലോകനംചെയ്തുള്ള കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കി.


◾ ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ സാഹചര്യം വിലയിരുത്തിയെന്നും നാല് മേഖലാ യോഗങ്ങളും കഴിഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാര്‍ത്ത വാസ്തവമില്ലാത്തതെന്നും, തെറ്റായ പ്രചാരണ വേല ജനങ്ങള്‍ തള്ളുമെന്നും സിപിഎമ്മില്‍ തര്‍ക്കവും ബഹളവുമാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇത് ജനം തള്ളിക്കളയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.


◾ പ്രതിഭാശാലികളെ നാടിന് സംഭാവന ചെയ്ത പ്രസ്ഥാനമാണ് എസ്എഫ്ഐ എന്ന് എം വി ഗോവിന്ദന്‍ . എസ്എഫ്ഐയെ തകര്‍ക്കാന്‍ പലരും അവസരം കാത്തിരിക്കുകയാണ്. എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനമാണെന്നും അവര്‍ അവരുടെ രീതിയില്‍ പ്രതികരിക്കുന്നതാണെന്നും പ്രശ്നങ്ങളെല്ലാം നല്ലരീതിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചുപോകുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ പറഞ്ഞ ഭാഷയേക്കാള്‍ മോശമല്ല എസ്എഫ്ഐയുടേതെന്നും അദ്ദേഹം വ്യക്തമാക്കി. 


◾ ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാന്‍ എസ് എഫ് ഐ വളര്‍ന്നിട്ടില്ലെന്ന് എഐഎസ്എഫ്. ക്രിയാത്മക വിമര്‍ശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ട്, തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള പക്വത കാണിക്കണം. അതിന് പകരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെയും എഐഎസ്എഫിനെയും താറടിച്ച് സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്ഐയെന്നും എഐഎസ്എഫ് നേതാക്കള്‍ പ്രസ്താവനയില്‍ വിമര്‍ശിച്ചു.


◾ കാപ്പാ കേസ് പ്രതിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തതു മന്ത്രി വീണാ ജോര്‍ജ്. മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് സിപിഎമ്മില്‍ ചേര്‍ന്നത്. 60 പേര്‍ക്ക് അംഗത്വം നല്‍കിയ പരിപാടിയിലെ പ്രധാന അംഗമായാണ് ശരണ്‍ ചന്ദ്രന്‍ എത്തിയത്.


◾ വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ട്രയല്‍ റണ്‍ 12ന് നടത്തുമെന്നും ഈ വര്‍ഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


◾ പാനൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. സ്ഫോടനക്കേസിലെ മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി സബിന്‍ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവര്‍ക്കാണ് തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.


◾ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. തന്നെ അറസ്റ്റ് ചെയ്തെന്ന രീതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയതിനെയാണ് തെറ്റായ പ്രചാരണത്തിന് ഉപയോഗിച്ചതെന്നും പ്രിന്‍സിപ്പല്‍ വിമര്‍ശിച്ചു.


◾ എകെജി സെന്റര്‍ ആക്രണത്തിന്റെ മുഖ്യസൂത്രധാരന്‍ സുഹൈല്‍ ഷാജഹാന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്. പൊലിസ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജിയില്‍ വാദം നടന്നത്. എന്നാല്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നല്‍കിയാല്‍ വീണ്ടും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് ആവശ്യപ്പെടാത്തതുകൊണ്ടാണ് മുമ്പ് ഹാജരാകാത്തതെന്നുമായിരുന്നു പ്രതിയുടെ വാദം.


◾ ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നല്‍കിയിട്ടും പെന്‍ഷന്‍ക്കാര്‍ക്ക് തുക കൃത്യമായി വിതരണം ചെയ്യുന്നില്ല എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുതിര്‍ന്നവര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 6.88 ലക്ഷം പേര്‍ക്കാണ് ചെറിയ തോതില്‍ കേന്ദ്ര സഹായമുള്ളത്. അത് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സഹായവും സംസ്ഥാനം മൂന്‍കൂറായി തുക നല്‍കിയത്. എന്നാല്‍, അതും പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍കാരെ വലയ്ക്കുകയാണെന്ന് മന്ത്രി പറഞ്ഞു.



◾ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തില്‍ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള നിര്‍മ്മാണത്തിന്റെ പൈലിങ് പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.2017ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇന്‍ഫോപാര്‍ക്ക് പാതയ്ക്ക് 2022ലാണ് കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയതെന്ന് മന്ത്രി രാജീവ് പറഞ്ഞു. എന്നാല്‍ പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശ വായ്പാ ഏജന്‍സി പിന്മാറിയതിനാല്‍ നിര്‍മാണം വീണ്ടും വൈകിയെന്നും മന്ത്രി പറഞ്ഞു.


◾ മാര്‍ക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകന്‍ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ഥിയെ ശിക്ഷിച്ച എറണാകുളം കോടനാട് സ്‌കൂളിലെ അധ്യാപകനെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും എന്നാല്‍, പെട്ടെന്നുണ്ടായ കോപത്തെത്തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.


◾ പാലക്കാട് തന്നാല്‍ കേരളം ഞങ്ങള്‍ എടുക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്ഥാനാര്‍ഥികള്‍ വരണമെന്നും പാലക്കാട്ടെയും ചേലക്കരയിലേയും വിജയം ആഘോഷിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒപ്പം ഞാനുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.


◾ മാന്നാര്‍ കല കൊലപാതക കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം. മൂന്നു പേരെയും മൂന്ന് സ്ഥലത്തിരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യേണ്ട ആളുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തും. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഉടന്‍ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ.


◾ മലപ്പുറം എടപ്പാളില്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്ന സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിയുടെ  ഇരുകാലുകളും ഒടിഞ്ഞു .  കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമഗ്രികള്‍ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.


◾ അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾ ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചത്. പാലക്കാടും വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.


◾ അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്കും നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം,കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാല്‍ എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാംവയസിലും ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്.



◾ കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയില്‍ ഭൂമിക്ക് വിള്ളല്‍ . ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഭൂമിക്ക് വിള്ളല്‍ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ഭൂമിയില്‍ വിള്ളല്‍ കണ്ടെത്തിയതെന്നാണ് വിവരം.


◾ റോഡു നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്  മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. നജീബ് കാന്തപുരം എംഎല്‍എയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.റോഡുകളുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ശാസ്ത്രീയ മാര്‍ഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎല്‍എമാര്‍ക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.


◾ ബി ജെ പി കേന്ദ്ര ഘടകം സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു. പല സംസ്ഥാന ഘടകങ്ങളിലും മാറ്റമുണ്ടെങ്കിലും കേരളത്തിന്റെ ചുമതലയില്‍ പ്രകാശ് ജാവ്ദേക്കര്‍ തന്നെ തുടരും. സഹചുമതല ഒഡീഷയിലെ എം പി അപരാജിത സാരംഗിക്കായിരിക്കും. പത്തനംതിട്ടയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന അനില്‍ ആന്റണിക്ക് നാഗാലാന്‍ഡിന്റെയും മേഘാലയയുടെയും ചുമതലയുണ്ടാകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സഹ കോര്‍ഡിനേറ്റര്‍ സ്ഥാനം വി മുരളീധരനും നല്‍കി.


◾ ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇന്ന് കൊല്ലത്ത് തങ്ങുന്ന ഉപരാഷ്ട്രപതി നാളെ ഡല്‍ഹിക്ക് മടങ്ങും.


◾ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇനി യുപിഐ വഴി പണം നല്‍കാനാവും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.


◾ ഹത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഭോലെ ബാബയുടെ അടുത്ത അനുയായിയും സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളുമായിരുന്ന ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ  ഒളിവില്‍ പോയ ഇയാള്‍ ഇന്ന് നേരിട്ടെത്തി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കൂടിയാണ് ദേവ് പ്രകാശ് മധുക്കര്‍.


◾ വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാല്‍ സിംഗിനെ സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ നിന്നും ദില്ലിയിലേക്ക് കൊണ്ടുവരും. അസമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും കൊണ്ടുവരുന്ന അമൃത് പാല്‍ സിംഗിന്റെ സത്യപ്രതിജ്ഞ ലോക്സഭാ സ്പീക്കറുടെ ചേംബറിലാണ് നടക്കുക. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാല്‍ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് അമൃത് പാല്‍ സിംഗ് വിജയിച്ചത്.


◾ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മയ്ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 79 ആണ് മഹുവയ്ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം. 


◾ ബിഹാറിലെ പാലങ്ങള്‍ പൊളിഞ്ഞു വീണ സംഭവത്തില്‍ ജല വിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്‍ഷന്‍ നടപടിയുമായി സര്‍ക്കാര്‍. 15 ദിവസത്തിനിടയില്‍ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.



◾ യൂറോ കപ്പിലെ അത്യന്തം ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ അധികസമയത്ത് നേടിയ ഗോളിന്റെ മികവില്‍ ജര്‍മനിയെ വീഴ്ത്തി സ്പെയിന്‍ യൂറോകപ്പിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് സ്പെയിനിന്റെ ജയം. നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി മത്സരം സമനിലയിലായിരുന്നു. 51-ാം മിനിറ്റില്‍ സ്‌പെയിന്‍ ലീഡെടുത്തപ്പോള്‍ 89-ാം മിനിറ്റില്‍ ഫ്ളോറിയന്‍ വിര്‍ട്സിവലൂടെ ജര്‍മനി തിരിച്ചടിച്ചു. ഒടുവില്‍ 119-ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ സ്‌പെയിന്‍ സെമി സാധ്യമാക്കി.


◾ യൂറോ കപ്പിലെ മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലിലെ ഷൂട്ടൗട്ട് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് യൂറോ കപ്പ് ഫുട്ബോള്‍ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്റെ വിജയം. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ അവസാന യൂറോകപ്പാണിത്. സെമിയില്‍ സ്‌പെയിനാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.


◾ ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) സ്റ്റോക്ക് എക്സ്ചേഞ്ചിലെ ത്രൈമാസ ബിസിനസ് അപ്ഡേറ്റ് അനുസരിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സിന് 27 ശതമാനം വരുമാന വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 4,376 കോടി രൂപ ആയിരുന്നു. 27 ശതമാനം വളര്‍ച്ച അനുസരിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒന്നാം പാദത്തിലെ വരുമാനം ഏകദേശം 5,558 കോടി രൂപയാണെന്ന് കണക്കാക്കുന്നു. ഇന്ത്യന്‍, മിഡില്‍ ഈസ്റ്റേണ്‍ വിപണികളിലെ മികച്ച പ്രകടനമാണ് കല്യാണ്‍ ജ്വല്ലേഴ്‌സിനെ ഒന്നാം പാദത്തില്‍ വരുമാന വര്‍ധനവിന് സഹായിച്ചത്. മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉളളത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ 13 പുതിയ ഫ്രാഞ്ചൈസി ഷോറൂമുകള്‍ തുറന്നതായി കമ്പനി അറിയിച്ചു. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍ 13 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ 40 ഓളം ഷോറൂമുകള്‍, 30 ഓളം കാന്‍ഡിയര്‍ ഷോറൂമുകള്‍, യു.എസില്‍ ദീപാവലിയോടെ ആദ്യത്തെ ഷോറൂം എന്നിങ്ങനെ 130 ലധികം പുതിയ ഷോറൂമുകള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാനാണ് കല്യാണ്‍ ജൂവലേഴ്‌സ് പദ്ധതിയിടുന്നത്. ജൂണ്‍ വരെ 277 ഷോറൂമുകളാണ് കമ്പനി നടത്തിയത്. 75 ലക്ഷം രൂപ പ്രാരംഭ മൂലധനത്തില്‍ 1993ല്‍ കേരളത്തിലെ തൃശൂരില്‍ ആദ്യത്തെ ജ്വല്ലറി ഷോറൂം തുറന്ന ടി.എസ് കല്യാണരാമനാണ് കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപിച്ചത്. വസ്ത്ര വ്യാപാര രംഗത്തും കമ്പനി ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുടക്കത്തില്‍, കമ്പനിയുടെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2012 ഓടെ ആണ് കല്യാണ്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സാന്നിധ്യം അറിയിച്ചത്. 2013 ഓടെ കമ്പനി അന്താരാഷ്ട്ര വിപണികളിലേക്കും പ്രവേശിച്ചു.


◾ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കുബേര'. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ നിറയ്ക്കുകയാണ് ചിത്രത്തിലെ രശ്മികയുടെ ഫസ്റ്റ് ലുക്ക്. ക്യാരക്ടറിനെ പരിചയപ്പെടുത്തുന്നതിനായി ഒരു വിഡിയോയും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. രാത്രിയില്‍ വിജനമായ ഒരു സ്ഥലത്ത് നിന്ന് പണപ്പെട്ടി കുഴിച്ചെടുക്കുന്ന രശ്മികയെ ആണ് വിഡിയോയില്‍ കാണാനാവുക. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷും കമ്മുലയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പിയും അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 31 ന് ചിത്രം തിയറ്ററുകളില്‍ എത്തും.


◾ ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോനിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു 'എംഎസ് ധോനി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി'. ചിത്രത്തില്‍ ധോനിയായി എത്തിയത് അന്തരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തായിരുന്നു. പ്രേക്ഷക മനം കവര്‍ന്ന ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ധോനിയുടെയും സുശാന്തിന്റേയും ആരാധകര്‍ക്കുള്ള ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. എംഎസ് ധോനി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി റീ റിലീസ് ചെയ്തിരിക്കുകയാണ്. ധോനിയുടെ 43-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്തത്. ജൂലൈ 5 മുതല്‍ 11 വരെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. നീരജ് പാണ്ഡെയാണ് എംഎസ് ധോനി: ദ് അണ്‍ടോള്‍ഡ് സ്റ്റോറി സംവിധാനം ചെയ്തത്. അരുണ്‍ പാണ്ഡെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനുപം ഖേര്‍, ഭൂമിക ചൗള, കിയാര അദ്വാനി, ദിഷ പഠാനി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2020 ജൂണ്‍ 14 നാണ് സുശാന്തിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.



◾ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഓഫ്-റോഡ് എസ്യുവിയായ ഡിഫെന്‍ഡര്‍ ഒക്ടയെ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചു. 2024 ജൂലൈ രണ്ടാം വാരത്തില്‍ ഗുഡ്വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ ഈ മോഡല്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും. പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട 2.65 കോടി രൂപ പ്രാരംഭ വിലയില്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തും. ഡിഫന്‍ഡര്‍ ഒക്ട എഡിഷന്‍ വണ്ണിന്റെ വില 2.85 കോടി രൂപ മുതല്‍ ആരംഭിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 4.4എല്‍ വി8 ട്വിന്‍-ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ് ഈ ഓഫ്-റോഡ് ബീസ്റ്റിന്റെ ഹൃദയം. ഈ സജ്ജീകരണം 635ബിഎച്പി പവറും 800എന്‍എം വരെ ടോര്‍ക്കും നല്‍കുന്നു. ഡിഫന്‍ഡര്‍ 110 ഢ8 നെ അപേക്ഷിച്ച്, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ടയ്ക്ക് ഉയര്‍ന്ന റൈഡിംഗ് പൊസിഷനും ഗ്രൗണ്ട് ക്ലിയറന്‍സും കൂടാതെ മെച്ചപ്പെട്ട വാട്ടര്‍-വേഡിംഗ് ശേഷിയും ഉണ്ട്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട വളരെ ഫീച്ചറുകള്‍ നിറഞ്ഞ ഓഫ്-റോഡിംഗ് മെഷീനുകളില്‍ ഒന്നാണ്.  മികച്ച അണ്ടര്‍-ബോണറ്റ് എയര്‍ ഫ്ലോയ്ക്ക്, ഫോര്‍-എക്‌സിറ്റ് ആക്റ്റീവ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റമുള്ള ഒരു പുതിയ റിയര്‍ ബമ്പര്‍, കൂടാതെ മറ്റു പല ഫീച്ചറുകളും വാഹനത്തിന് ലഭിക്കുന്നു.


◾ പല കാലങ്ങളിലായി സുധാമൂര്‍ത്തി വളരെയധികം ആകര്‍ഷകവ്യക്തിത്വങ്ങളെ കണ്ടുമുട്ടിയിട്ടുണ്ട്. അവരുടെ ജീവിതങ്ങള്‍ ഹൃദയസ്പര്‍ശിയായ കഥകളെ സൃഷ്ടിക്കുന്നതിനും അതുവഴി മൂല്യവത്തായ പാഠങ്ങള്‍ അനാവരണം ചെയ്യുന്നതിനും ഇടയാക്കി. എല്ലാം നേടിയിട്ടും സന്തോഷം കണ്ടെത്താനാവാത്ത വിഷ്ണുവും, മറ്റുള്ളവര്‍ക്ക് പറയാന്‍ അവസരം കൊടുക്കാതെ തുടര്‍ച്ചയായി സംസാരിക്കുന്ന വെങ്കട്ടും ഈ പുസ്തകത്തിലെ ചില കഥാപാത്രങ്ങളാണ്. ഒരു തീവണ്ടിയാത്രയിലൂടെ എന്നെന്നേക്കുമായി ജീവിതം മാറിമറിഞ്ഞ പെണ്‍കുട്ടിയും ഒരു യാചകനു കുളിക്കാനുള്ള ചൂടുവെള്ളം നല്കി പിന്നീട് ഒരു കുളിക്കടവുതന്നെ സൃഷ്ടിച്ച ഗംഗയും പിന്നെ മറ്റനേകം പേരും. ഇവരെല്ലാം നമ്മുടെ ജീവിതത്തിലേക്ക് നല്കുന്നത് മൂല്യമേറിയ പാഠങ്ങളാണ്. രണ്ട് അമ്മക്കഥകള്‍, തിരി കൊളുത്തൂ ഇരുള്‍ മായട്ടെ തുടങ്ങി കുറെ മികച്ച പുസ്തകങ്ങള്‍ നമുക്കു നല്കിയ സുധാമൂര്‍ത്തിയില്‍നിന്നും എല്ലാ വായനക്കാരെയും ആനന്ദിപ്പിക്കാവുന്ന ഹൃദയസ്പര്‍ശിയായ കുറെ യഥാര്‍ത്ഥ ജീവിതകഥകള്‍. 'ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍'. സുധ മൂര്‍ത്തി. ഡിസി ബുക്സ്. വില 230 രൂപ.


◾ കൂടുതലായി ഉറങ്ങുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍, അതിന്റെ പിന്നിലെ കാരണം പലര്‍ക്കും അറിയില്ല. ഇത് വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുന്നത്. ഇടയ്ക്കിടെയുള്ള ഉറക്കവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ ഹൈപ്പര്‍ടെന്‍ഷനിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ഇടയ്ക്കിടെയുള്ള ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസ്‌കെമിക് സ്ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഇതിനായി 2006 നും 2010 നും ഇടയില്‍ യുഎസില്‍ താമസിച്ചിരുന്ന 40 നും 69 നും ഇടയില്‍ പ്രായമുള്ള 500,000-ത്തിലധികം പങ്കാളികളെ യുകെ ബയോബാങ്ക് റിക്രൂട്ട് ചെയ്തു. അവര്‍ പതിവായി രക്തം, മൂത്രം, ഉമിനീര്‍ എന്നിവയുടെ സാമ്പിളുകളും അവരുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും നല്‍കി. ഉച്ചയുറക്കവും സ്ട്രോക്ക് അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു. 11 വര്‍ഷം ഫോളോ അപ്പ് ചെയ്തു. രാത്രിയിലെ മോശം ഉറക്കം മോശം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല അത് നികത്താന്‍ അമിത ഉറക്കം പര്യാപ്തമല്ല താനും. പലരും രാത്രി ഉറക്കമില്ലായ്മ പരിഹരിക്കാനായാണ് കൂടുതല്‍ ഉറങ്ങുന്നത്. എന്നാല്‍, ഇത് ഹൃദയാരോഗ്യത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഉള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക