◾ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്.
◾ മനു ഭാക്കറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമാക്കുന്നുവെന്നും ചരിത്ര നേട്ടമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
◾ ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28) ആണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
◾ ദില്ലിയിലെ റാവൂസ് കോച്ചിംഗ് സെന്റര്‍ ഉടമ അറസ്റ്റിലായി. സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മലയാളി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ലൈസന്‍സ് പ്രകാരം ബേസ്മെന്റില്‍ പാര്‍ക്കിങിനാണ് അനുമതിയുള്ളത്. എന്നാല്‍, പാര്‍ക്കിങിനുള്ള ബേസ്മെന്റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലെ എല്ലാ കോച്ചിംഗ് സെന്ററുകളിലും പരിശോധനയ്ക്ക് ദില്ലി മേയര്‍ നിര്‍ദേശം നല്‍കി.
◾ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സുരക്ഷിതമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വത്തെയും വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുരക്ഷിതമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വം എന്നിവയ്ക്ക് സാധാരണക്കാരായ പൗരന്‍മാര്‍ ജീവന്‍കൊടുക്കേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാര്‍ഥികളുടെ മരണം കൊലപാതകമാണെന്നും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് 15 വര്‍ഷം ബി.ജെ.പിയാണ് അധികാരത്തിലുണ്ടായിരുന്നതെന്നും അതിന്റെ ഫലമാണ് ദുരന്തത്തിന് പിന്നിലെന്നും എ.എ.പി. എം.എല്‍.എ. ദുര്‍ഗേഷ് പഥക് പറഞ്ഞു.
◾ ദില്ലിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ 13 കോച്ചിംഗ് സെന്ററുകളുടെ ബേസ്‌മെന്റുകള്‍ സീല്‍ ചെയ്തു. ഇന്നലെ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ കോച്ചിംഗ് സെന്ററുകള്‍ക്ക് എതിരെയാണ് നടപടി. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സംഭവ സമയത്ത് മുപ്പത് വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയര്‍ സര്‍വീസ് അറിയിച്ചു. അപകടത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയ ദില്ലി സര്‍ക്കാര്‍ മജിസ്റ്റീരില്‍ അന്വേഷണം പ്രഖ്യാപിച്ചു.
◾ മിഷന്‍ 2025 മായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടിയിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതില്‍ എ ഐ സി സി നടപടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസിക്ക് എ ഐ സി സി നിര്‍ദേശം നല്‍കി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി കെപിസിസിക്ക് കത്തയച്ചിട്ടുണ്ട്. വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. അനാവശ്യമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്നതിലാണ് നടപടി.
◾ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുമെന്ന് അറിയിപ്പ്. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം. തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാല്‍ മാത്രം ഇന്ന് പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്. മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തിരച്ചില്‍ അവസാനിപ്പിക്കുയാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഈശ്വര്‍ മാല്‍പെ, നേവി, എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ എല്ലാവരുംകൂടെ ഒന്നിച്ച് ശ്രമിച്ചിരുന്നുവെന്നും നിലവിലെ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലും പ്രതികരിച്ചിരുന്നു.
◾ അര്‍ജുനെ കണ്ടെത്തുന്ന ദൗത്യത്തില്‍ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ബാര്‍ജ് നദിയില്‍ ഉറപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റര്‍മാര്‍ പോകുന്നത്. 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കര്‍ണ്ണാടക കളക്ടര്‍ തൃശൂര്‍ കളക്ടറോട് വിവരം തേടിയിരുന്നു.
◾ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മഴവില്‍ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനില്‍ ദാസാണ് പരാതി നല്‍കിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ചാനല്‍ ഉടമക്ക് ഇന്ന് നോട്ടീസ് നല്‍കും.
◾ ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുകയാണെന്നും എസ്എന്‍ഡിപി ഇപ്പോഴും ഇടതിന്റെ കയ്യില്‍ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതു തോറ്റു പോയതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
◾ സംസ്ഥാനത്തെ 49 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക എന്നും അധികൃതര്‍ അറിയിച്ചു.
◾ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്നത് വ്യാജപ്രചരണമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിറക്കി. ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീടത് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും കുറിപ്പില്‍ വ്യക്തമാക്കി.
◾ തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ത്രീയാണ് അക്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
◾ ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസ് ഫാക്ടറിയില്‍ നിന്ന് അമോണിയ ചോര്‍ന്നു. ഫാക്ടറിയില്‍ പൊട്ടിത്തെറി ഉണ്ടാവുകയും പിന്നാലെ അമോണിയം ചോരുകയുമായിരുന്നു. ഐസ് ഫാക്ടറിക്ക് ഏകദേശം 200 മീറ്ററോളം ചുറ്റളവില്‍ താമസിച്ചിരുന്നവര്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
◾ തൃശൂര്‍ ചാമക്കാലയില്‍ കണ്ണില്‍ മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടില്‍ സുബിതയെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
◾ കൊല്ലം പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്റെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞെന്നും, പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
◾ കൊച്ചി മരടില്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ സ്വകാര്യ ഫ്ളാറ്റിന് പിഴ ചുമത്തി നഗരസഭ. കുണ്ടന്നൂര്‍ ജംഗ്ഷനടുത്തുളള ഗ്രാന്‍ഡ് മെഡോസ് എന്ന ഫ്ളാറ്റിനാണ് നഗരസഭ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. രഹസ്യ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ നഗരസഭാ ആരോഗ്യ വിഭാഗം വലിയ മോട്ടര്‍ ഉപയോഗിച്ച് തോട്ടിലേക്ക് മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നു.
◾ പത്തനംതിട്ട റാന്നിയില്‍ അമ്മൂമ്മയോട് പിണങ്ങി വീടുവിട്ട പത്തു വയസ്സുകാരിയെ കണ്ടെത്തി. റാന്നി വലിയകാവിലാണ് അമ്മൂമ്മ വഴക്ക് പറഞ്ഞതിന് പിണങ്ങി വസ്ത്രങ്ങളും പണവും എടുത്ത് വീട്ടില്‍ നിന്നു പോയത്. ആറ് കിലോമീറ്റര്‍ അപ്പുറം തൂളിമണ്ണെന്ന സ്ഥലത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ട നാട്ടുകാരിയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ടിവി വാര്‍ത്തയില്‍ കുട്ടിയുടെ ഫോട്ടോ കണ്ടതോടെ പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് വീട്ടിലെത്തിക്കുകയും ചെയ്തു.
◾ തൃശൂര്‍ പുതുക്കാട് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ കേസ്. ഒന്നര മാസം മുന്‍പ് ബന്ധുവിന്റെ വീട്ടില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകന്‍ ഇന്നലെയാണ് മരിച്ചത്. ഭര്‍ത്താവ് ആനന്ദ് അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആത്മഹത്യശ്രമത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ നേരത്തെ തന്നെ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു.
◾ വയനാട് ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഇതുവരെ 193 കുട്ടികള്‍ ചികിത്സ തേടി. ഇതില്‍ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. 73 കുട്ടികള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ആര്‍ക്കും ഇതുവരെ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു. സ്‌കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.
◾ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതോടൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.
◾ ആലപ്പുഴ മാരന്‍കുളങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയുമായ എം.രജീഷും ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അനന്തുവും മരിച്ചു. കലവൂര്‍ പ്രീതികുളങ്ങര ഭാഗത്ത് നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞാണ് അപകടമുണ്ടായത്.
◾ ദേശീയപാതയില്‍ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡില്‍ എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച കുളത്തൂര്‍ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രന്‍ നായരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാവിലെ മരിച്ചത്.
◾ മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിച്ചുവാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടയില്‍ തീ പടര്‍ന്ന് പിടിച്ചാണ് ഇവര്‍ക്ക് പൊള്ളലേറ്റത്.
◾ കൊല്ലം ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ചുതകര്‍ത്ത ശേഷം തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റുകളിലിടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു.
◾ റോഡ് അപകടത്തില്‍ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്ന യുവാവിനെ റോഡ് സൈഡില്‍ ഉപേക്ഷിച്ച പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. തന്നേക്കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കാതിരുന്നയാളെയാണ് ഡോക്ടറും സഹായിയും ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പാലിക്കാതെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയായിരുന്നു വിവാദ നടപടി. മനുഷ്യ ജീവനെ ബഹുമാനിക്കാതിരുന്നതടക്കമുള്ള വകുപ്പുകളാണ് യുവ ഡോക്ടര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയിന്‍ സന്ദര്‍ശിച്ചേക്കും. മോദിയുടെ റഷ്യന്‍ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. യുക്രെയിന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ നേരത്തെ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി ക്ഷണിച്ചിരുന്നു. യുക്രെയിന്‍ ദേശീയ ദിനമായ ഓഗസ്റ്റ് 24നോ അതിനു ശേഷമോ മോദി യുക്രെയിനിലെത്താനാണ് സാധ്യത. അതേസമയം യുക്രൈന്‍ സന്ദര്‍ശനത്തിന് മുന്‍പാണോ ശേഷമാണോ പ്രധാനമന്ത്രി മണിപ്പുര്‍ സന്ദര്‍ശിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് ചോദിച്ചു.
◾ യോഗി ആദിത്യനാഥ് തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യുപിയില്‍ ബിജെപിയെ നയിക്കുമെന്ന് സൂചന. യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് യോഗിക്ക് അനുകൂലമായ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്.
◾ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബെംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചു.
◾ ജമ്മു കശ്മീരിലേക്ക് അതിര്‍ത്തി രക്ഷാ സേനയുടെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. അതിനിടെ ഇന്നലെ പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.
◾ പാരിസ് ഒളിംപിക്സില്‍ ഇന്നലെ വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് ആദ്യ റൗണ്ടില്‍ ജയം. പുരുഷ ബാഡ്മിന്റണില്‍ മലയാളി താരം എച്ച് എസ്് പ്രണോയിയും ആദ്യ കടമ്പ ജയിച്ചുകയറി. വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ 50 കിലോ വിഭാഗത്തില്‍ പ്രീക്വാര്‍ട്ടറിലെത്തി. വനിതകളുടെ ടേബിള്‍ ടെന്നിസില്‍ മണിക ബത്രയും ശ്രീജ അകുലയും രണ്ടാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് കമല്‍ ആദ്യ റൗണ്ടില്‍ പുറത്തായി. അമ്പെയ്ത്ത് വനിതാ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്തായി. നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജിനും കൗമാരതാരം ധിനിധി ദേസിംഗുവിനും നിരാശ. ശ്രീഹരി 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും ധിനിധി 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും സെമിയില്‍ എത്താതെ പുറത്തായി. ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യറൗണ്ടില്‍ പുറത്തായി.
◾ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക് സ്വന്തം. മഴ മൂലം കളി തടസപ്പെടുത്തി പുനര്‍ നിശ്ചയിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 162 റണ്‍സ് വിജയക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിച്ചു. ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു. ഓപ്പണറായി ഇന്നലെ ഇറങ്ങിയ സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.
◾ ഒളിംപിക്സിലെ ഒളിഞ്ഞു നോട്ട വിവാദത്തില്‍ കാനഡക്കെതിരെ കടുത്ത നടപടിയുമായി ഫിഫ. കനേഡിയന്‍ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന്‍ മാന്‍ഡെര്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് ഫുട്ബോളില്‍ നിന്നും വിലക്കിയതിന് പുറമെ ഒളിംപിക്സില്‍ കാനഡയുടെ ആറു പോയന്റ് കുറയ്ക്കാനും ഫിഫ തീരുമാനിച്ചു. ഒളിംപിക്സിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കനേഡിയന്‍ ടീമിന്റെ സ്റ്റാഫ് ഡ്രോണ്‍ പറത്തിയതാണ് പ്രശ്നമായത്.
◾ രാജ്യത്തെ പ്രമുഖ ജുവലറി റീറ്റെയ്ല്‍ ശൃംഖലകളായ കല്യാണ്‍ ജുവലേഴ്‌സിനും ജോയ് ആലുക്കാസിനും മലബാര്‍ ഗോള്‍ഡിനുമടക്കം വെല്ലുവിളിയായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഇന്ദ്രിയ എത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടോപ് 3 ജുവലറി ബ്രാന്‍ഡായി മാറുക എന്ന ലക്ഷ്യത്തിലാണ് 5,000 കോടിയുടെ നിക്ഷേപവുമായി ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കടന്നു വരവ്. നിലവില്‍ 6.7 ലക്ഷം കോടിയുടേതാണ് രാജ്യത്തെ സ്വര്‍ണാഭരണ വിപണി. 2030 ഓടെ ഇത് 11-13 ലക്ഷം കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍. അടുത്തിടെ ഒപസ് എന്ന ബ്രാന്‍ഡുമായി പെയിന്റ് വിപണിയിലേക്ക് കടന്നതിനു പിന്നാലെയാണ് ഗ്രൂപ്പ് സ്വര്‍ണാഭരണ രംഗത്തേക്കും കടക്കുന്നത്. ഡല്‍ഹി, ഇന്‍ഡോര്‍, ജയ്പ്പൂര്‍ എന്നീ നഗരങ്ങളിലായി നാല് ഇന്ദ്രിയ സ്റ്റോറുകള്‍ ഉടന്‍ തുറക്കും. അടുത്ത ആറ് മാസത്തിനുള്ളില്‍ 10 നഗരങ്ങളിലേക്ക് സാന്നിധ്യം വിപുലപ്പെടുത്താനാണ് ഗ്രൂപ്പ് ലക്ഷ്യം വയ്ക്കുന്നത്. മത്സരം ശക്തം ടാറ്റ ഗ്രൂപ്പിന്റെ തനിഷ്‌ക്, റിലയന്‍സ് ജുവല്‍സ്, സെന്‍കോ ഗോള്‍ഡ് എന്നിവയ്‌ക്കൊപ്പം കേരളത്തില്‍ നിന്നുള്ള കല്യാണ്‍ ജുവലേഴ്‌സ്, ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് എന്നിവയ്ക്കും മത്സരമുയര്‍ത്തിയാണ് ഇന്ദ്രിയയുടെ വരവ്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും കസറ്റംസ് തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗ്രൂപ്പിന്റെ സ്വര്‍ണ വ്യാപാര മേഖലയിലേക്കുള്ള കടന്ന് വരവ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും വെള്ളിയുടേത് 6.5 ശതമാനമായുമാണ് കുറച്ചത്.
◾ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'ആകാശം ലോ ഒക താര'. പവന്‍ സദിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവന്നു. ഒരു നാട്ടിന്‍പുറത്തുകാരനായാണ് ചിത്രത്തില്‍ ദുല്‍ഖറെത്തുകയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നെല്‍പാടത്തിനിടയിലൂടെ ഒരു പെണ്‍കുട്ടി നടന്നു പോകുന്നതും പോസ്റ്ററില്‍ കാണാം. തോളില്‍ തോര്‍ത്തിട്ട് നില്‍ക്കുന്ന ദുല്‍ഖറാണ് പോസ്റ്ററിലുള്ളത്. താരത്തിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള്‍ പോലെ ഇതും സൂപ്പര്‍ ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. അതേസമയം ലക്കി ഭാസ്‌കര്‍ എന്ന ചിത്രവും ദുല്‍ഖറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രഭാസ് നായകനായെത്തിയ കല്‍ക്കി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥി വേഷത്തിലെത്തിയിരുന്നു.
◾ അജിത് ചിത്രം 'വിടാമുയര്‍ച്ചി'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നടന്‍ അര്‍ജുന്‍ സര്‍ജയുടെ ക്യാരക്ടര്‍ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് അര്‍ജുന്‍ സര്‍ജയെ ചിത്രത്തില്‍ കാണാനാവുക. അജിത്തിനെയും പോസ്റ്ററില്‍ കാണാം. ചിത്രത്തില്‍ വില്ലനായാണ് അര്‍ജുനെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അജിത്തും അര്‍ജുന്‍ സര്‍ജയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടാമുയാര്‍ച്ചി. 2011 ല്‍ പുറത്തിറങ്ങിയ മങ്കാത്തയിലാണ് ഇരുവരും ഇതിനു മുന്‍പ് ഒന്നിച്ചെത്തിയത്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വിടാമുയര്‍ച്ചിയുടെ ഷൂട്ടിങ് ഓഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായെത്തുക. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ മഗിഴ് തിരുമേനിയും അജിത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വിടാമുയര്‍ച്ചി.
◾ ഈ വര്‍ഷം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയില്‍ നിന്നുള്ള രണ്ടാമത്തെ പ്രധാന ഉല്‍പ്പന്ന ലോഞ്ചായിരിക്കും പുതിയ കിയ കാര്‍ണിവല്‍. മോഡല്‍ ഒക്ടോബറില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലി സീസണിന് തൊട്ടുമുമ്പ് അതിന്റെ ഡെലിവറികള്‍ ആരംഭിച്ചേക്കാം. ഒരു സിബിയു (കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ്) യൂണിറ്റ് ആയതിനാല്‍, ഈ ലക്ഷ്വറി എംപിവിയുടെ എക്സ് ഷോറൂം വില 50 ലക്ഷം രൂപയില്‍ കൂടുതലായിരിക്കും. കൂടാതെ രാജ്യത്ത് നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല. ആഗോളതലത്തില്‍, കാര്‍ണിവല്‍ 7, 9, 11 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. നിലവില്‍ ഇന്ത്യ-സ്പെക്ക് പതിപ്പിന്റെ സീറ്റിംഗ് ക്രമീകരണത്തെക്കുറിച്ച് ഒരു വിവരവുമില്ല. പുതിയ 2024 കിയ കാര്‍ണിവലിന് 2.2 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കും. ആഗോള വിപണികളില്‍, ഇത് 2.2ലി ഡീസല്‍, ഒരു ഇലക്ട്രിക് മോട്ടോറോടുകൂടിയ 1.6ലി പെട്രോള്‍, ഒരു 3.5ലിേ പെട്രോള്‍ എന്നിങ്ങനെ മൂന്ന് പവര്‍ട്രെയിനുകള്‍ക്കൊപ്പം ലഭ്യമാണ്.
◾ കര്‍ക്കിടകമാസത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണ് ? ഋതുചര്യയും നാട്ടറിവുകളും എങ്ങനെ പരസ്പ്പരം ബന്ധപ്പെട്ടു കിടക്കുന്നു ? എന്തെല്ലാം കാരണങ്ങള്‍കൊണ്ടാണ് കര്‍ക്കിടകമാസത്തില്‍ രാമായണം വായിക്കണമെന്നു പറയുന്നത് എന്നുള്ള വിഷയങ്ങള്‍ ലളിതമായി ഈ ഗ്രന്ധത്തില്‍ നിന്നും വായിച്ചെടുക്കാം. 'കര്‍ക്കിടകമാസത്തില്‍ രാമായണം വായിക്കുന്നതെന്തിന്'. ആചാര്യ ശ്രീ രാജേഷ്. വേദവിദ്യ പ്രകാശന്‍. വില 66 രൂപ.
◾ ചില കീടനാശിനികളുമായുള്ള സമ്പര്‍ക്കം കര്‍ഷകരില്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന നാല് കീടനാശിനികള്‍ ഉള്‍പ്പെടെ 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിട്ടുള്ളതായി ഫ്രോണ്ടിയേഴ്‌സ് ഇന്‍ കാന്‍സര്‍ കണ്‍ട്രോള്‍ ആന്‍ഡ് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പുകവലി പോലെ തന്നെ മാരകമാണ് കീടനാശിനികളുമായുള്ള സമ്പര്‍ക്കമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കീടങ്ങളില്‍ നിന്നും കളകളില്‍ നിന്നും വിളകളെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന 2,4-ഡി, അസെഫേറ്റ്, മെറ്റോലാക്ലോര്‍, മെത്തോമൈല്‍ തുടങ്ങിയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന 69 കീടനാശിനികളുടെ പട്ടിക യുഎസ് ആസ്ഥാനമായി നടത്തിയ പഠനം പുറത്തുവിട്ടു. നോണ്‍-ഹോഡ്കിന്‍സ് ലിംഫോമ, രക്താര്‍ബുദം, മൂത്രാശയ അര്‍ബുദം എന്നിവയ്ക്ക് ഇവ കാരണമാകാമെന്ന് പഠനത്തില്‍ പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങില്‍ നിന്ന് ശേഖരിച്ച 2015 മുതല്‍ 2019 വരെയുള്ള അര്‍ബുദ നിരക്ക് വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ കൃഷി ചെയ്യുന്ന വിളകള്‍ക്കനുസരിച്ച് അര്‍ബുദ സാധ്യത വ്യത്യസ്തമാണെന്നും പഠനത്തില്‍ പറയുന്നു.