Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (26/07/2024)


 

◾ കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയസ്മരണക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിക്കും. കര്‍ത്തവ്യനിര്‍വഹണത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. ഇതോടൊപ്പം ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പര്‍ക്ക സൗകര്യമൊരുക്കുന്ന ഷിങ്കുന്‍ - ലാ തുരങ്ക പദ്ധതിക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കമിടും.


◾ സുപ്രീം കോടതി നിര്‍ദേശ പ്രകാരം നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക എന്‍.ടി.എ പ്രസിദ്ധീകരിച്ചു. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയവരുടെ മാര്‍ക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. നാല് ലക്ഷം പേര്‍ക്ക് സുപ്രീം കോടതി തീരുമാന പ്രകാരം അഞ്ച് മാര്‍ക്ക് കുറഞ്ഞു. ഇതോടെ മുഴുവന്‍ മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ല്‍ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേര്‍ക്കാണ് സുപ്രീം കോടതി ഇടപെടല്‍ പ്രകാരം അഞ്ച് മാര്‍ക്ക് നഷ്ടമായത്.

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചലിന് തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് പത്ത് ദിവസം പിന്നിട്ടു. ഇന്നലത്തെ തെരച്ചിലും നിരാശാജനകം. അര്‍ജുന്‍ ദൗത്യം ഇനിയും ദിവസങ്ങള്‍ നീണ്ടേക്കുമെന്നാണ് സൂചന. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഷിരൂര്‍ ഉള്‍പ്പെട്ട ഉത്തര കന്നഡയില്‍ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. മഴയായതിനാല്‍ ഇന്നലെ രാത്രിയില്‍ ഡ്രോണ്‍ പരിശോധന നടന്നില്ല. നിലവിലെ സാഹചര്യത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന് സൈന്യം വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് ബദല്‍ മാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.


◾ ഗംഗാവാലി പുഴയില്‍നിന്ന് 20 അടി താഴ്ചയില്‍ കണ്ടെത്തിയ ലോഹഭാഗങ്ങള്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതു തന്നെയാണെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. സേനകള്‍ക്ക് സിഗ്നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നാണ് ഐ ബോഡ് സിഗ്നലും ലഭിച്ചിരിക്കുന്നത്. എന്നാല്‍, ഏറ്റവും ഒടുവില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയിലും പുഴയ്ക്കടിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല.


◾ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണം ഗൗരവമുള്ളതാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പറഞ്ഞ മന്ത്രി ഇങ്ങനെയും മനുഷ്യന്മാരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.


◾ സംസ്ഥാനം വിദേശ സഹകരണത്തിന് കെ വാസുകി ഐ എ എസിനെ നിയമിച്ചതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ താക്കീത് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രവിഷയം ആണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിഷയങ്ങളില്‍ കൈകടത്തരുതെന്നും വിദേശകാര്യ മന്ത്രാലയം താക്കീത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾ സംസ്ഥാനം വിദേശസഹകരണത്തിന് കെ വാസുകി ഐ എ എസിനെ നിയമിച്ചതിന് കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി വി.വേണു.  നിയമനം തെറ്റാണെന്നോ, നിയമന ഉത്തരവ് പിന്‍വലിക്കാനോ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ളതും സംയുക്ത പട്ടികയില്‍ ഉള്ളതും എന്താണെന്ന് കൃത്യമായ അറിയുന്നവരാണ് കേരളത്തിലെ ഉദ്യോഗസ്ഥരെന്നും അദ്ദേഹം വ്യക്തമാക്കി.



◾ നിപ പരിശോധനയില്‍ ഇന്നലെ 8 പേരുടെ ഫലങ്ങള്‍ നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. മലപ്പുറം കളക്ടറേറ്റില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


◾ സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കൊല്ലം ജില്ലയിലെ അഞ്ചല്‍ ഏരൂരില്‍ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. മരം വീണതോടെ അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. പാലക്കാട് ജില്ലയില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളില്‍ മരം കടപുഴകി വീണു. വടക്കന്‍ പറവൂര്‍ നഗരസഭ ഒന്നാം വാര്‍ഡിലെ വ്യന്ദാവന്‍ ഭാഗത്ത് മരങ്ങള്‍ ഒടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി വീശി അടിച്ച മിന്നല്‍ ചുഴലിയിലാണ് കണ്ണൂര്‍ മലയോര മേഖലകളില്‍ വ്യാപകനാശ നഷ്ടങ്ങള്‍ ഉണ്ടായി. വയനാട്ടില്‍ ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി. വയനാട് വാളാട് എടത്തന ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മേല്‍ക്കൂരയാണ് പറന്നു പോയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസ്സില്‍ കയറിയ ശേഷമാണ് മേല്‍ക്കൂര സ്‌കൂള്‍ മുറ്റത്തേക്ക് വീണത് എന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


◾ തദ്ദേശ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതില്‍ കെപിസിസി യോഗത്തില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മിഷന്‍-2025 ന്റെ ചുമതലയുള്ള വി.ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍, നിലവിലെ ജില്ലാ ചുമതല വഹിക്കുന്ന പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിമര്‍ശിച്ചത്. പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും പരാതികള്‍ പരിഹരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറുപടിയും നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍.


◾ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍. പിണറായിയുമായി മാനസിക അടുപ്പമില്ല എന്ന വാര്‍ത്ത വാക്കുകള്‍ വളച്ചൊടിച്ചു കൊടുത്തതാണെന്നും 62 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെപ്പറ്റി പറയാന്‍ താന്‍ മണ്ടനാണോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനുമായി പഴയ പോലെ അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ ആലപ്പുഴയിലും പിണറായി തിരുവനന്തപുരത്തുമാണെന്നാണ് മറുപടി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.


◾ ഒരു മതത്തില്‍ ജനിച്ചു എന്നതുകൊണ്ട് സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തിയെ അതേ മതത്തില്‍ തളച്ചിടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഏതു മതത്തില്‍ വിശ്വസിക്കാനും വ്യക്തികള്‍ക്ക് ഭരണഘടനാ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.


◾ സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍  486 പേര്‍ മരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ആനയുടെ ആക്രമണത്തില്‍ 124 പേരും കടുവയുടെ ആക്രമണത്തില്‍ 6 പേരും മറ്റ് മൃഗങ്ങളുടെ ആക്രമണത്തില്‍ 356 പേരും മരിച്ചെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. ആക്രമണം ചെറുക്കാന്‍ സൗരോര്‍ജ്ജ വേലി നിര്‍മ്മാണത്തിനടക്കം സാമ്പത്തിക സഹായം സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


◾ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. ജോലി ഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയോട് നിലപാട് തേടിയിരുന്നു.



◾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്.


◾ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകള്‍' മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ 'സിന്‍' ആണ് മികച്ച നോവല്‍. എന്‍ രാജനെഴുതിയ 'ഉദയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാ'ണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ 'ഇ ഫോര്‍ ഈഡിപ്പസ്' മികച്ച നാടകമായി തെരഞ്ഞെടുത്തു.


◾ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 29 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


◾ ബിഹാറിലും രാജസ്ഥാനിലും ബി.ജെ.പിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാര്‍. ബിഹാറില്‍ നിലവിലെ അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയെ മാറ്റിയാണ് ദിലീപ് ജെയ്‌സ്വാളിനെ പുതിയ അധ്യക്ഷനായി നിയമിച്ചത്. രാജ്യസഭാ എം.പിയായ മദന്‍ റാത്തോഡാണ് രാജസ്ഥാന്‍ ബി.ജെ.പിയുടെ പുതിയ അധ്യക്ഷന്‍.


◾ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്‌കോബാറുമായി താരതമ്യം ചെയ്ത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിയില്‍ നായിഡു സര്‍ക്കാരിനെതിരേ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നായിഡുവിന്റെ അധിക്ഷേപം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ചായിരുന്നു ഡല്‍ഹിയില്‍ പ്രതിഷേധം.


◾ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേര് മാറ്റി. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും, അശോക് ഹാളിന് അശോക് മണ്ഡപ് എന്നും പേരുകള്‍ മാറ്റി രാഷ്ട്രപതി ഉത്തരവിറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവില്‍ രാഷ്ട്രപതി വിശദീകരിക്കുന്നത്.


◾ രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെ പേര് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നുമാക്കി മാറ്റിയ നടപടിക്കെതിര പ്രിയങ്ക ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തി. 'ദര്‍ബാര്‍' എന്ന സങ്കല്‍പ്പമില്ലെങ്കിലും ഷഹന്‍ഷാ  എന്ന സങ്കല്‍പ്പമുണ്ടല്ലോ എന്നായിരുന്നു പേരുമാറ്റത്തെ പ്രിയങ്ക പരിഹസിച്ചത്.



◾ പാരീസ് ഒളിമ്പിക്‌സില്‍ ഇന്നലെ നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ ഇന്ത്യന്‍ പുരുഷ - വനിതാ ടീമുകള്‍ ക്വാര്‍ട്ടറിലെത്തി. പുരുഷ ടീം 2013 പോയന്റോടെ മൂന്നാം സ്ഥാനത്തും വനിതാ ടീം 1983 പോയന്റോടെ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.


◾ പാരിസ് ഒളിംപിക്‌സിന് ഇന്ന് ഔദ്യോഗിക തുടക്കം. ഇന്ത്യന്‍സമയം രാത്രി 11-നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ അദ്ഭുതങ്ങള്‍ വിരിയും. പാരീസ് ഒളിമ്പിക്സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല. മറിച്ച് സെന്‍ നദിയിലെ ആറുകിലോമീറ്ററില്‍ നൂറു ബോട്ടുകളിലായി നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും. നാലായിരം നര്‍ത്തകരും മൂവായിരം വിവിധ കലാകാരന്മാരും ചടങ്ങുകളില്‍ പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങള്‍ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.


◾ മിത്തുകളിലെ ദൈവങ്ങള്‍ സംവാദവും '100 മിത്തുകള്‍' പ്രകാശനവും നാളെ. തൃശൂര്‍ സഹൃദയ സദസിന്റെ ആഭിമുഖ്യത്തില്‍  നാളെ വൈകുന്നേരം അഞ്ചിന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ 'മിത്തുകളിലെ ദൈവങ്ങള്‍' സംവാദം നടക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോ ലൂയിസ് രചിച്ച '100 മിത്തുകള്‍' എന്ന പുരാണ കഥാസമാഹാര ഗ്രന്ഥം പ്രകാശനം  ചെയ്യും. മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, കെ. രാജന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ജോര്‍ജ് കുടിലില്‍, കവി പ്രഫ. വി.ജി. തമ്പി, എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി ഹണി വര്‍ഗീസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത എന്നിവര്‍ പ്രസംഗിക്കും. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അലക്സാണ്ടര്‍ സാം അധ്യക്ഷനാകും. സംവാദത്തില്‍ 24 ന്യൂസ് ചാനല്‍ എഡിറ്റര്‍ പി.പി. ജയിംസ്, കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, എക്സ്പ്രസ് എഡിറ്റര്‍ ഡേവിസ് കണ്ണനായ്ക്കല്‍, ജീവന്‍ ടിവി ചീഫ് ന്യൂസ് എഡിറ്റര്‍ ബാബു വെളപ്പായ, കേരള കൗമുദി കൊച്ചി, തൃശൂര്‍ യൂണിറ്റുകളുടെ മേധാവി പ്രഭു വാര്യര്‍, ജോയ് മണ്ണൂര്‍, സഹൃദയ സദസ് ചെയര്‍മാന്‍ സി.ആര്‍. രാജന്‍, ഡെയ്ലി ന്യൂസ് ലൈവ് ഡോട്ട് ഇന്‍ എഡിറ്റര്‍ ഷാജി പദ്മനാഭന്‍ എന്നിവര്‍ പ്രസംഗിക്കും. മഹാഭാരതം, രാമായണം, ഭാഗവതം, പഞ്ചതന്ത്രം, വിക്രമാദിത്യ, വടക്കന്‍ പാട്ട്, അറബിക്, ഗ്രീക്ക്, ബൈബിള്‍, ഈസോപ്പ് എന്നീ പത്തു പുരാണേതിഹാസങ്ങളില്‍നിന്നു തെരഞ്ഞെടുത്ത നൂറു കഥകളാണ് '100 മിത്തുകള്‍' എന്ന ഗ്രന്ഥത്തിലുള്ളത്. തൃശൂരിലെ ഈലിയ ബുക്സാണു പ്രസാധകര്‍.


◾ ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 18.25 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്ക് 1009.53 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 853.74 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 15.25 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1500.91 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1302.35 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.92 ശതമാനം വര്‍ധിച്ച് 4,86,871.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 222495.50 കോടി രൂപയായിരുന്ന നിക്ഷേപം 266064.69 കോടി രൂപയായി വര്‍ധിച്ചു. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,83,487.41 കോടി രൂപയില്‍ നിന്ന് 2,20,806.64 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 19.75 ശതമാനം വര്‍ധിച്ച് 70,020.08 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.68 ശതമാനം വര്‍ധിച്ച് 30,189 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 23.71 ശതമാനം വര്‍ധിച്ച് 22,687 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 12.20 ശതമാനം വര്‍ധിച്ച് 76,588.62 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 19.46 ശതമാനം വര്‍ധനയോടെ 2291.98 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1918.59 കോടി രൂപയായിരുന്നു. 4738.35 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.11 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1330.44 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 70.79 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 30,300.84 കോടി, രൂപയായി വര്‍ധിച്ചു. 15.57 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1518 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2041 എടിഎമ്മുകളുമുണ്ട്.



◾ മലയാള സിനിമയിലെ ചിരിയുടെ സുല്‍ത്താനായിരുന്ന സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിലെ 'വട്ടപ്പൊട്ടുകാരി' എന്ന പുതിയ ഗാനം പുറത്തിറങ്ങി. പ്രാചീന കലാരൂപമായ പൊറാട്ട് നാടകത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഗാനത്തിന്റെ വരികള്‍ പി മോഹനന്‍ മാസ്റ്ററുടേതാണ്. ഗാനം ആലപിച്ചിരിക്കുന്നത് സഫീര്‍ കുറ്റ്യാടി ആണ്. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം' ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയായിരുന്നു. സിദ്ദിഖിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9നാണ് ചിത്രം തീയറ്ററുകളിലെത്തുക. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹന്‍ലാല്‍' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ  സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍,ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്.


◾ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റായി മാറിയൊരു ഗാനം ആയിരുന്നു 'കാവാലയ്യ..'. രജനികാന്ത് നായകനായി എത്തിയ ജയിലറിലെ ഈ ഗാനത്തിന് ചുവടുവച്ചത് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ഡാന്‍സ് നമ്പറുമായി എത്തിയിരിക്കുകയാണ് നടി. രാജ്കുമാര്‍ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്ത്രീ 2'ല്‍ ആണ് തമന്നയുടെ പുതിയ ?ഗാനരം?ഗം. സച്ചിന്‍ - ജിഗര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ ആണ്. മധുബന്തി ബാഗ്ചി, ദിവ്യ കുമാര്‍, സച്ചിന്‍ -ജിഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം പത്ത് മില്യണിലധികം പേരാണ് ഗാനം കണ്ടുകഴിഞ്ഞത്. ചിത്രം ഓഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും. ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവും ഒന്നിച്ച് 2018 ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു സ്ത്രീ. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രം ഹൊറര്‍- കോമഡി ജോണറില്‍ ആയിരുന്നു റിലീസ് ചെയ്തത്. സ്ത്രീ 2ല്‍ അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. തമന്നയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലസ്റ്റ് സ്റ്റോറി 2വിന് ശേഷം തമന്നയുടെ പുതിയ ഹിന്ദി ചിത്രമാണ് സ്ത്രീ 2. ദിനേശ് വിജന്റെ മഡോക്ക് ഫിലിംസാണ് അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന സ്ട്രീ 2 നിര്‍മ്മിക്കുന്നത്.



◾ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ട ടെയ്‌സര്‍, ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയിലും അവതരിപ്പിച്ചു. അവിടെ ഒരു പുതിയ പേരും പുതിയ എഞ്ചിനുമായിട്ടാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടേസര്‍ എസ്യുവിക്ക് ടൊയോട്ട സ്റ്റാര്‍ലെറ്റ് ക്രോസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ കൂടി ഇത് ദക്ഷിണാഫ്രിക്കയിലും ലഭ്യമാണ്. ഇന്ത്യയില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനുകളുമായാണ് ടേസര്‍ വരുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇത് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 103 യവു കരുത്തും 138 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലാണ് ട്രാന്‍സ്മിഷന്‍ വരുന്നത്. ദക്ഷിണാഫ്രിക്കയിലെ ടൊയോട്ട സ്റ്റാര്‍ലെറ്റ് ക്രോസിന്റെ വില 299,900 മുതല്‍ 359,300 റാന്‍ഡ് (ഏകദേശം 13.70 ലക്ഷം മുതല്‍ 16.50 ലക്ഷം രൂപ വരെ) വരെയാണ്. താരതമ്യപ്പെടുത്തുമ്പോള്‍, ടൊയോട്ട ടേസറിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില 7.74 ലക്ഷം മുതല്‍ 12.88 ലക്ഷം രൂപ വരെയാണ്. സിഎന്‍ജി ഡെറിവേറ്റീവിനൊപ്പം രണ്ട് പെട്രോള്‍ എഞ്ചിനുകളിലും മോഡല്‍ ലഭ്യമാണ്.


◾ ഏഴു ഖണ്ഡങ്ങളിലായി എഴുതപ്പെട്ട കാവ്യമാണ് ജി സുധാകരന്റെ 'ഭൂമിയ്ക്ക് മരണമില്ല' എന്ന പുസ്തകം. അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ കാവ്യഗ്രന്ഥമാണിത്. പ്രപഞ്ചത്തോടും പ്രകൃതിയോടും ഉള്ള സ്നേഹമാണ് ഇക്കവിതകളില്‍ തെളിഞ്ഞു കാണുക. ഭൂമിക്ക് നാശമില്ലെന്ന് അദ്ദേഹം ഉച്ചൈസ്ഥരം ഘോഷിക്കുന്നു. 'ഭൂമിയ്ക്ക് മരണമില്ല'. ജി സുധാകരന്‍. കൈരളി ബുക്സ്. വില 123 രൂപ.



◾ മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇ സഞ്ജീവനിലൂടെ ഉപയോഗപ്പെടുത്താം. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. മറ്റ് അസുഖങ്ങള്‍ക്കുള്ള കണ്‍സള്‍ട്ടേഷന് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കാം. https://esanjeevani.mohfw.gov.in എന്ന ഓണ്‍ലൈന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക