◾ കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിലും തുടര്‍ന്നുള്ള അക്രമസംഭവങ്ങളിലും പ്രതിഷേധച്ച് നാളെ രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുമണി വരെ ഐ.എം.എ. പണിമുടക്കും. അടിയന്തര സര്‍വീസുകളും കാഷ്വാലിറ്റിയും പ്രവര്‍ത്തിക്കും. ഒ.പി., അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
◾ എംപോക്‌സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. ആഫ്രിക്കയിലെ നിലവിലെ എംപോക്‌സ് ബാധിതമായ മേഖല സന്ദര്‍ശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. ആഫ്രിക്കന്‍രാജ്യങ്ങളില്‍ എംപോക്‌സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
◾ ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാല്‍ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തെട്ടാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയിലെത്തിയത്.
◾ സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ട് പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി നമ്മുടെ കര്‍ഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഒന്നാമത് അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നും, സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണെന്നും അത് പബ്ലിസിറ്റിക്കായല്ലെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ വളര്‍ച്ച യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവന്‍ മിഷനില്‍ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു, എല്ലാവരെയും ഒപ്പം ചേര്‍ത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
◾ മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ, സിവില്‍ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തോന്നുന്നുവെന്നും അതിനാല്‍, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും അതിനാല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിനായി രാജ്യം മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
◾ വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം. കര്‍ഷകര്‍, സ്ത്രീകള്‍, ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ആഘോഷങ്ങള്‍ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലായിരുന്നു.
◾ എഴുപത്തെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ചെങ്കോട്ടയില്‍ പിന്നില്‍ ഇരിപ്പിടം നല്‍കിയെന്ന് ആക്ഷേപം. കേന്ദ്രമന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലായി അഞ്ചാമത്തെ നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് സീറ്റ് നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയരുന്നത്. ഒളിംപിക്സ് കായിക താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
◾ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും എന്നാല്‍ വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ചുവെന്ന് പറയുമ്പോഴും പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി പ്രവചിക്കാന്‍ രാജ്യത്തിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിശിഷ്ട സേവനങ്ങള്‍ക്കുള്ള മെഡലുകളും ജീവന്‍ രക്ഷാ പതക്കും മുഖ്യമന്ത്രി വിതരണം ചെയ്തു
◾ സംസ്ഥാനത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
◾ വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളില്‍ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി. എന്നാല്‍ ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം വേണോ എന്നത് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോണ്‍ മത്തായി പറഞ്ഞു. ദുരന്തമേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുക്കാന്‍ അവസരമൊരുക്കി മേപ്പാടിയില്‍ അദാലത്ത്. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ അനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് അദാലത്ത്. ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരായവര്‍ ഈ അവസരം ഉപയോഗിക്കണമെന്ന് അറിയിപ്പുണ്ട്.
◾ പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാധവ് ഗാഡ്ഗില്‍. കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമര്‍ശിച്ച മാധവ് ഗാഡ്ഗില്‍ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അറിയിച്ചു. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്, ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി കെഎസ്ഇബി ചെയര്‍മാന്‍ തന്നെ രംഗത്തിറങ്ങിയത്. ആണവ നിലയം എന്തിനെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍. മാധ്യമങ്ങള്‍ തോന്നിയത് പോലെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമങ്ങള്‍ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതില്‍ കൂടുതല്‍ വിശദീകരണം നല്‍കാനില്ലെന്നും റിബേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
◾ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പിന്തുണച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതൃത്വം. റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് എങ്ങനെ ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
◾ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി കെകെ രമ എംഎല്‍എ. വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ആസൂത്രണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്നും നാട് കത്തേണ്ടിയിരുന്ന സംഭവമാണിതെന്നും പറഞ്ഞ രമ എംവി ജയരാജന്‍ സൈബര്‍ ഗ്രൂപ്പുകളെ തള്ളിയത് ആരോപണം മുന്നില്‍ കണ്ടാണെന്നും പറഞ്ഞു. കെകെ ശൈലജയെ തോല്‍പിക്കാനുള്ള കുബുദ്ധി പിന്നിലുണ്ടാകാമെന്നും ഡിവൈഎഫ്ഐ നേതാവ് റിബേഷിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പോലീസ് നടപടികള്‍ സിപിഎം പറയുന്ന പോലെയാണെന്നും കെകെ രമ എംഎല്‍എ കുറ്റപ്പെടുത്തി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാളെ പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നേരത്തെ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
◾ വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
◾ നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്. സി.എസ്. ശ്രീനിവാസനെ സസ്‌പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.
◾ ഫുട്ബോള്‍ മത്സരത്തെ ചൊല്ലി തിരുവല്ല ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ മൈതാനത്ത് വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. കോഴഞ്ചേരി ഉപജില്ല ഫുട്ബോള്‍ മത്സരത്തിലൈ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് പരസ്പരം ആക്രമിച്ചത്.
◾ ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മകളെയും പൊലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയില്‍ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്.
◾ പത്തനംതിട്ട റാന്നിയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനും കൂട്ടാളിയും ചേര്‍ന്ന് 27 പോസ്റ്റുകളിലെ വൈദ്യുതി ലൈന്‍ മോഷ്ടിച്ചു. നാല് ലക്ഷത്തോളം രൂപ വിലവരുന്ന ലൈന്‍ കമ്പികളാണ് കടത്തിക്കൊണ്ടുപോയത്. ജീവനക്കാരുടെ വേഷത്തിലെത്തി അറ്റകുറ്റപ്പണിക്കെന്ന് വിശ്വസിപ്പിച്ചായിരുന്നു മോഷണം.
◾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന റൂഫിംഗ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയും ഏജന്‍സിയും നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ജില്ലക്കാരില്‍ നിന്ന് 18 ലക്ഷം തട്ടിയ കൊല്ലം പൂയപ്പള്ളി കൊട്ടറ മീയ്യണ്ണൂര്‍ ലാലു ഹൗസില്‍ അജി തോമസിനെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാഞ്ചൈസിയ്ക്ക് ആവശ്യമായ സാധന സാമഗ്രഹികള്‍ ഇറക്കി നല്‍കാമെന്നുമായിരുന്നു ഇയാളുടെ വാഗ്ദാനം.
◾ തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തിരുനെല്‍വേലി സ്വദേശി ഉമറിനെ പൊലീസ് കണ്ടെത്തി. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയായണ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
◾ കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചു. ഒപി വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുക, കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുക, ഉത്തരവാദികളായ അധികൃതരുടെ രാജി എന്നിവയാണ് ആവശ്യങ്ങള്‍. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
◾ സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് 2022ലെ പുരസ്‌കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. അതേസമയം, 2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും.
◾ പിടിഎ യോഗത്തിനിടെ പ്രധാനാധ്യാപികയെ മര്‍ദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട മലയാലപ്പുഴ കോഴികുന്നത്താണ് സംഭവം നടന്നത്. കെഎച്ച്എംഎല്‍പിഎസ് പ്രഥമാധ്യാപിക ഗീതാ രാജാണ് പരാതി നല്‍കിയത്. പ്രദേശവാസി വിഷ്ണു നായരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു എന്തിനാണ് സ്‌കൂളില്‍ വന്നതെന്ന് വ്യക്തമല്ല. ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. എന്നാല്‍ അധ്യാപികയോട് എന്തെങ്കിലും വ്യക്തിവൈരാഗ്യമുള്ളതായി അറിവില്ല എന്നും പോലീസ് വ്യക്തമാക്കി.
◾ ചിക്കന്‍ ബര്‍ഗറില്‍ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബര്‍ഗറിലാണ് പുഴുവിനെ കിട്ടിയത്. ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ടതോടെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കി.
◾ ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികന്‍ മരിച്ചു. മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂര്‍ കുടിലില്‍ വീട്ടില്‍ ഫാ. മാത്യു കുടിലില്‍ (ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്.
◾ ചെങ്ങന്നൂരില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. കൗതുകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ ചെങ്ങന്നൂര്‍ സ്വദേശി വിപിനാണ് മരിച്ചത്. വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു വിപിന്‍. ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..
◾ തൃശ്ശൂര്‍ ജില്ലയിലെ മാള ഗുരുതിപ്പാലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
◾ തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടുകാവില്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്കിനെ ഇടിച്ചുതറിപ്പിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന അയിരൂപ്പാറ സ്വദേശി ദീപു ആണ് മരിച്ചത്.
◾ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിനെതിരെ ജനക്കൂട്ടത്തിന്റെ ആക്രമണം. അക്രമത്തില്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗം പൂര്‍ണമായും തകര്‍ന്നതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ഓടെയാണ് സംഭവം. തിരിച്ചറിയാനാകാത്ത 40 പേരുടെ ഒരു സംഘം ആശുപത്രി വളപ്പില്‍ പ്രവേശിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
◾ കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ 5 ഡോക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവര്‍ക്കും പീഡനത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം. അതേസമയം, കൊലപാതകം നടന്ന ആര്‍ജി കര്‍ ആശുപത്രി കഴിഞ്ഞ രാത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ 9 പേരും അറസ്റ്റിലായി.
◾ പശ്ചിമബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അടിച്ചു തകര്‍ത്ത സംഭവത്തില്‍ ബിജെപിക്കെതിരെ ആരോപണവുമായി മമത ബാനര്‍ജി. ഇന്നലെ അക്രമം നടത്തിയത് വിദ്യര്‍ത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനര്‍ജിയുടെ ആരോപണം. ഡോക്ടര്‍മാര്‍ സമരം നിര്‍ത്തണമെന്നും മമത ആവശ്യപ്പെട്ടു.
◾ വനിതാ ഡോക്ടറുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലിസ് ശ്രമിച്ചെന്നും പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കു മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ബംഗാള്‍ ബനാന റിപ്പബ്ലിക് ആയി മാറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ദില്ലി മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലില്‍ അടയ്ക്കാന്‍ ഏകാധിപത്യത്തിന് കഴിയും, പക്ഷേ ഹൃദയത്തിലെ രാജ്യസ്നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്.
◾ ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരര്‍ക്കായി രണ്ടാം ദിവസവും തിരച്ചില്‍. സ്ഥലത്ത് മൂന്ന് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. വീരമൃതു വരിച്ച സൈനികന്‍ ക്യാപ്റ്റന്‍ ദീപക് സിങ്ങിന് സൈന്യം അന്തിമോചചാരം അര്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം ഉത്തരാഖണ്ഡിലെ ജന്മനാട്ടില്‍ എത്തിച്ചു.
◾ ഇസ്രയേലിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്നും വീഴ്ച വരുത്തുന്നത് ദൈവ കോപത്തിന്റെ ഗണത്തില്‍പ്പെടുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
◾ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയിട്ടുള്ള സൈനിക നടപടിയില്‍ 40000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച മരണം 40005 ആയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ഗാസയിലെ ജനസംഖ്യ.
◾ റഷ്യന്‍ മണ്ണില്‍ സ്വയം പ്രതിരോധത്തിനായി യുക്രെയ്‌ന് തങ്ങള്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിക്കാമെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം. റഷ്യക്കുള്ളില്‍ യുക്രെയ്ന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബ്രിട്ടന്‍ തടയില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍.
◾ ഒളിംപിക്സ് വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ ജേതാവിനെ പോലെ സ്വീകരിക്കുമെന്ന് അമ്മാവന്‍ മഹാവീര്‍ ഫോഗട്ട്. കോടതി വിധിയോടെ എല്ലാ മെഡല്‍ പ്രതീക്ഷകളും ഇല്ലാതായി. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും വിനേഷിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും, അടുത്ത ഒളിംപിക്സിനായി തയ്യാറെടുക്കാന്‍ വിനേഷിനെ പ്രോത്സാഹിപ്പിക്കുമെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു.
◾ 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.