മഹാരാഷ്ട്രയിലെ താനെയില്‍ നഴ്സറി വിദ്യാർഥിനികളെ സ്കൂള്‍ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി.
താനെയിലെ ബദ്ലാപുരിലെ സ്കൂളിലാണ് സംഭവം. വിദ്യാർഥിനികളുടെ കുടുംബത്തിന്റെ പരാതിയില്‍ സ്കൂള്‍ ജീവനക്കാരനെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
നഴ്സറി വിദ്യാർഥികളുടെ സഹായിയായി ജോലിചെയ്യുന്ന ജീവനക്കാരൻ രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശൗചാലയത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു നാല് വയസ്സുള്ള വിദ്യാർഥിനികളുടെ വെളിപ്പെടുത്തല്‍.
അതിക്രമം നേരിട്ട പെണ്‍കുട്ടികളിലൊരാളാണ് സംഭവത്തെക്കുറിച്ച് രക്ഷിതാവിനോട് ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ രണ്ടാമത്തെ പെണ്‍കുട്ടിയുടെ കുടുംബത്തെയും വിവരമറിയിച്ചു. ഏതാനുംദിവസങ്ങളായി മകള്‍ സ്കൂളില്‍ പോകാൻ ഭയപ്പെട്ടിരുന്നതിന്റെ കാരണം ഇതോടെയാണ് കുടുംബത്തിന് മനസിലായത്. തുടർന്ന് രണ്ട് കുടുംബങ്ങളും കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ഉപദ്രവം നേരിട്ടെന്ന് ഡോക്ടർ കണ്ടെത്തുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് വിദ്യാർഥിനികളുടെ കുടുംബങ്ങളും പോലീസിനെ സമീപിച്ചത്.
സംഭവത്തില്‍ കേസെടുത്തെങ്കിലും പ്രതിയായ ജീവനക്കാരൻ ഒളിവില്‍പോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.