കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ നിന്ന് വൈദികൻ രക്ഷപ്പെട്ടത് ചെറിയ മരക്കൊന്പില്‍ പിടിച്ചുകിടന്ന്.
ഇദ്ദേഹം സഞ്ചരിച്ചകാർ അരക്കിലോമീറ്റർ ഒഴുകിപ്പോയി. ആത്മവിശ്വാസം കൈവിടാതെ വെള്ളത്തിലൂടെ ഒഴുകിനീങ്ങിയ വൈദികൻ നീന്തിക്കയറിയത് ജീവിതത്തിലേക്ക്.
വാഹനത്തോടൊപ്പം പുഴയിലെ കുത്തൊഴുക്കിലേക്കു പതിച്ചത് മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാ. ജേക്കബ് വട്ടപ്പള്ളിയാണ്. 200 മീറ്ററോളം ഒഴുകിപ്പോയ ശേഷം കാറിന്‍റെ പിൻവാതില്‍ തുറന്ന് പുറത്തു ചാടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് പള്ളിയില്‍നിന്നു കാളിയാറിലുള്ള തറവാട്ടുവീട്ടിലേക്കു തിരിച്ചത്. ഇതിനിടെ ഒരു സംസ്കാരചടങ്ങിലും പങ്കെടുക്കാനുണ്ടായിരുന്നു. ഈ സമയം കാര്യമായ മഴയുണ്ടായിരുന്നില്ല.
രാത്രി എട്ടോടെയാണ് തലക്കോട്-മുള്ളരിങ്ങാട് വലിയകണ്ടം വഴി പള്ളിയിലേക്ക് മടങ്ങിയത്. കൂരിരുട്ടായതിനാല്‍ റോഡില്‍ വെള്ളം കയറിയത് ആദ്യം ശ്രദ്ധയില്‍പ്പെട്ടില്ല. കാർ അല്‍പ്പം നീങ്ങിയപ്പോഴാണ് റോഡില്‍ വെള്ളമുണ്ടെന്നു മനസിലായത്. എന്നാല്‍, വെള്ളത്തിലൂടെ വാഹനം കടന്നുപോകുമെന്നായിരുന്നു പ്രതീക്ഷ.
അതിനാല്‍ വാഹനവുമായി മുന്നോട്ടു നീങ്ങി. പക്ഷെ കടന്നുപോകില്ലെന്ന് മനസിലായതോടെ പിന്നിലേക്ക് എടുക്കാൻ ശ്രമിച്ചു. ഇതിനിടെ വാഹനം റോഡിനു നടുവില്‍ നിന്നുപോയി. പെട്ടെന്നാണ് ആർത്തലച്ചെത്തിയ വെള്ളത്തോടൊപ്പം ഉയർന്നു പൊങ്ങിയ കാർ പുഴയിലേക്കു പതിച്ചത്.
എല്ലാം ഞൊടിയിടയില്‍ സംഭവിച്ചു. ജീവൻ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലായിരുന്നെങ്കിലും ദൈവത്തില്‍ എല്ലാം അർപ്പിച്ച് മനഃസാന്നിധ്യം വീണ്ടെടുത്തു. കുത്തൊഴുക്കില്‍ സർവശക്തിയും ഉപയോഗിച്ച് അല്‍പ്പദൂരം നീന്തിയപ്പോള്‍ മരക്കന്പില്‍ പിടികിട്ടി. ഇതില്‍ കുറേനേരം പിടിച്ചുകിടന്നു.
ജീവിതത്തിനും മരണത്തിനുമിടയിലുമുള്ള നിമിഷമായിരുന്നു അത്. ഇതിനിടെ കാർ പുഴയിലേക്കു പതിക്കുന്നത് കരയിലുണ്ടായിരുന്ന അമല്‍മാത്യു, ബിനു മാത്യു, ടോണി വർക്കി, ജിബിൻ ലാലു എന്നിവർ കണ്ടു. ഇവർ റോഡിലൂടെ പാഞ്ഞെത്തി മരക്കന്പില്‍ പിടിച്ചുകിടന്ന വൈദികനെ പിടിച്ചു കയറ്റുകയായിരുന്നു. പിന്നീട് സമീപത്തെ വീട്ടിലെത്തിച്ചു.
വീടിനു ചുറ്റും വെള്ളം കയറിയതിനാല്‍ പള്ളിയിലേക്ക് പോകാനായില്ല. പിന്നീട് കാല്‍നടയായി വനത്തിലൂടെ സഞ്ചരിച്ചാണ് റോഡിലെത്തിയത്. ഇവിടെനിന്നു പള്ളിയിലെ കൈക്കാരന്മാർ ജീപ്പുമായെത്തി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
പുഴയിലൂടെ ഒഴുകിയ കാർ ഇന്നലെ രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ വടം കെട്ടി ജീപ്പുപയോഗിച്ച് വലിച്ച് കയറ്റുകയായിരുന്നു. കാർ പൂർണമായും തകർന്നു. വെള്ളത്തില്‍ വീണതോടെ ഫോണും നഷ്ടപ്പെട്ടു. തൊമ്മൻകുത്ത് പള്ളി വികാരിയായിരുന്ന ഫാ. ജേക്കബ് വട്ടപ്പള്ളില്‍ കഴിഞ്ഞ മേയിലാണ് മുള്ളരിങ്ങാട് ലൂർദ്മാതാ പള്ളി വികാരിയായി നിയമിതനായത്.