Click to learn more 👇

നിങ്ങളുടെ സ്വന്തം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നത് കുറ്റകരമാണോ അല്ലയോ?


 

നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും മദ്യത്തെ സംബന്ധിച്ച്‌ വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളത്തിലും മദ്യനിർമ്മാണം, വില്പന, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവയ്ക്ക് വ്യക്തമായ നിയമ സംഹിതയുണ്ട്. അബ്കാരി ആക്‌ട്- 1967 എന്നറിയപ്പെടുന്ന ഈ നിയമം തിരുവിതാംകൂർ, കൊച്ചി, മലബാർ അബ്കാരി നിയമങ്ങള്‍ ക്രോഡീകരിച്ച്‌ ഒരു ഏകീകൃത നിയമമായി നിലവില്‍ വന്നത് 1967-ല്‍ ആണ്. 

കാലക്രമേണ നിരവധി ഭേദഗതികളും ഈ നിയമത്തിനുണ്ടായി. അബ്കാരി നിയമത്തിന്റെ അടിസ്ഥാന പ്രമാണം ഏറ്റവും ചെറിയ ഉപഭോഗത്തില്‍നിന്ന് ഏറ്റവും കൂടിയ വരുമാനം ഉണ്ടാക്കുക എന്നാണ്.

മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉത്പാദനം, വില്പന, കടത്തിക്കൊണ്ടുപോകല്‍, നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയെപ്പറ്റി 1967- ലെ അബ്കാരി ആക്ടിലും, തുടർന്നുവന്ന നിരവധി ഭേദഗതികളിലും പ്രതിപാദിച്ചിട്ടുണ്ട്. അവയില്‍, ഇനി പറയുന്ന അബ്കാരി കുറ്റങ്ങള്‍ക്ക് പത്തുവർഷം വരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കാം.


1 ചാരായം ഉത്പാദനം, വില്പന, കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍


2 മദ്യമോ ലഹരിപദാർത്ഥമോ നിയമാനുസൃതമായ അനുമതിയില്ലാതെ വിറ്റാല്‍

അനധികൃതമായി മദ്യനിർമ്മാണശാല സ്ഥാപിക്കുകയോ മദ്യം നിർമ്മിക്കുകയോ കടത്തുകയോ ചെയ്താല്‍


3 നിരോധിത മേഖലയിലേക്ക് മദ്യം കടത്തിക്കൊണ്ടുവന്നാല്‍

4 മദ്യനിർമ്മാണത്തിനു വേണ്ടി 'വാഷ്" സൂക്ഷിക്കുന്നതോ വാറ്റ് സെറ്റ് ഘടിപ്പിച്ചിരിക്കുന്നതോ കാണപ്പെട്ടാല്‍


5 അനധികൃതമായി മദ്യം വില്പനയ്ക്കായി സംഭരിക്കുകയോ വില്പന നടത്തുകയോ ചെയ്താല്‍


6 ലൈസൻസില്‍ പറയുന്ന മദ്യമല്ലാതെ ഷാപ്പില്‍ മറ്റു മദ്യങ്ങള്‍ സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍

കള്ളുഷാപ്പില്‍ വിദേശമദ്യം സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍.


മദ്യം കഴിക്കുന്നവർ തന്നെ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മദ്യപിക്കുവാൻ പാടില്ല. തെരുവുകള്‍, പൊതുസ്ഥലങ്ങള്‍, റസ്റ്റ് ഹൗസുകള്‍, ടിബികള്‍, ഹോട്ടലുകള്‍, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങള്‍ മുതലായവയില്‍ വച്ച്‌ മദ്യപിച്ചാല്‍ രണ്ടുവർഷം വരെ തടവും. 500 രൂപവരെ പിഴയും ലഭിക്കാം. 23 വയസിനു താഴെയുള്ളവർ മദ്യം കൈകാര്യം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. 23 വയസിനു താഴെ പ്രായമുള്ളവർക്ക് മദ്യം വില്‍ക്കുകയോ കൈമാറ്റം ചെയ്യുവാനോ പാടില്ലാത്തതാകുന്നു. ഈ കുറ്റത്തിന് രണ്ടു വർഷംവരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

വ്യക്തിക്ക് സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അവളവ് ഇനി പറയും പ്രകാരമാണ്: ഇന്ത്യൻ നിർമ്മിത വിദേശമദ്യം: 3 ലിറ്റർ, വിദേശ നിർമ്മിതി വിദേശമദ്യം: 2.5 ലിറ്റർ, കൊക്കോ ബ്രാൻഡി: 1 ലിറ്റർ, ബിയർ: 3.5 ലിറ്റർ, വൈൻ: 3.5 ലിറ്റർ, കള്ള്: 1.5 ലിറ്റർ. തെങ്ങ്, പന, ചൂണ്ടപ്പന എന്നിവയില്‍ നിന്ന് കള്ള് ചെത്തിയെടുക്കുന്നതിന് അവകാശമുള്ളയാള്‍, ലൈസൻസ് ലഭിച്ചിട്ടുള്ള വ്യക്തിക്ക് വില്‍ക്കാവുന്നതാണ്. 

സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ച സൈനികർക്കും അവർക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയില്‍ കവിയാത്ത അളവില്‍ മദ്യം കൈവശം സൂക്ഷിക്കാം. സൂക്ഷിക്കുന്ന മദ്യം അനുവദിച്ചതിന്റെ ബില്ലോ, ക്യാന്റീൻ ഓഫീസറുടെ സാക്ഷ്യപത്രമോ ബന്ധപ്പെട്ടവർ പരിശോധനയ്ക്ക് ആവശ്യപ്പെട്ടാല്‍ യഥാസമയം ഹാജരാക്കണം. വീട്ടിലെ സ്വകാര്യ ചടങ്ങുകളിലും

പ്രായപൂർത്തിയായ സ്ഥിരാംഗങ്ങളുടെ കൈവശം വയ്ക്കാവുന്ന അത്രയും അളവ് മദ്യമേ പ്രസ്തുത ചടങ്ങുകള്‍ക്ക് വിളമ്ബാവൂ.


മദ്യത്തിന്റെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും മദ്യത്തിന്റെ ഉപഭോഗം നാള്‍ക്കുനാള്‍ വർദ്ധിക്കുകയാണ്. സമ്ബൂർണ മദ്യനിരോധനം അപകടകരവും അപ്രയോഗികവുമാണെന്ന് ലോകമെങ്ങും തെളിഞ്ഞിട്ടുണ്ട്. മദ്യം നിരോധിച്ചാല്‍ വ്യാജമദ്യവും വിഷമദ്യവും സുലഭമാകുന്നതാണ് ഏറ്റവും ദുഃഖകരമായ ഭവിഷ്യത്ത്. 

1920-ല്‍ അമേരിക്ക മദ്യനിരോധനം ഏർപ്പെടുത്തിയെങ്കിലും പരാജയപ്പെട്ടു. കാനഡയില്‍ 1907 മുതല്‍ 1917 വരെ മദ്യനിരോധനം ഏർപ്പെടുത്തിയെങ്കിലും അവിടെയും പരാജയപ്പെട്ടു. മദ്യാസക്തിയും മദ്യ ഉപഭോഗവും കുറയ്ക്കുവാൻ മദ്യത്തിനെതിരെയുള്ള ശക്തവും യുക്തിപ്രദവുമായ ബോധവത്കരണം മാത്രമാണ് ഫലപ്രദമായ മാർഗം. മദ്യാസക്തിയുള്ളവർ സ്വയം നിയന്ത്രിച്ച്‌ ജീവിതം ചിട്ടപ്പെടുത്തിയാല്‍ മദ്യംകൊണ്ട് ഉണ്ടാകുന്ന വിപത്ത് ഒരു പരിധിവരെ ലഘൂകരിക്കാൻ സാധിക്കും


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക