ആറുവർഷം മുമ്ബ് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച തിരോധാനമായിരുന്നു പത്തനംതിട്ട സ്വദേശി ജസ്നയുടേത്.
ഒരു തുമ്ബും തെളിവുമില്ലാതെ നിരവധി ചോദ്യങ്ങള്‍ മനുഷ്യമനസ്സുകളില്‍ അവശേഷിപ്പിച്ചുകൊണ്ട് ഇന്നും തുടരുന്ന കേസില്‍ ഇപ്പോഴിതാ നിർണായക വെളിപ്പെടുത്തല്‍ പുറത്തുവരികയാണ്.
കാണാതാവുന്നതിന് ദിവസങ്ങള്‍ക്കുമുമ്ബ് ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടിരുന്നു എന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി വെളിപ്പെടുത്തുന്നത്. അജ്ഞാതനായ ഒരു യുവാവും പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നു എന്നും ഇവർ പറയുന്നു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തല്‍. ജസ്നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ഈ ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.
'പത്രത്തിലെ പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. രാവിലെ പതിനൊന്നരയോടെയാണ് പെണ്‍കുട്ടിയെ കാണുന്നത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. ടെസ്റ്റ് എഴുതാൻ പോകുവാണെന്നും കൂട്ടുകാരൻ വരാനുണ്ടെന്നും അതിനാലാണ് അവിടെ നില്‍ക്കുന്നതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. ഉച്ചയോടെ അജ്ഞാതനായ ഒരുയുവാവ് വന്ന് മുറിയെടുത്തു. രണ്ട് പേരും നാലുമണി കഴിഞ്ഞാണ് ഇറങ്ങിപോകുന്നത്. 102ാം നമ്ബർ മുറിയാണെടുത്തത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും' മുൻ ജീവനക്കാരി പറഞ്ഞു. സിബിഐ തന്നോട് ഇതുവരെ ഇതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തി.
മുൻ ജീവനക്കാരി ജോലിചെയ്തിരുന്ന ലോഡ്ജിന് സമീപത്തുനിന്നാണ് ജസ്നയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുള്ളതും. ജസ്നയെ കാണാനില്ലെന്ന വാർത്ത പടം സഹിതം പത്രത്തില്‍ വന്നപ്പോള്‍ ഇത് അന്ന് ഇവിടെവച്ചുകണ്ട പെണ്‍കുട്ടിയല്ലേ എന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് ആരോടും ഒന്നും മിണ്ടരുതെന്ന് ഉടമ പറഞ്ഞിരുന്നുവെന്നും മുൻജീവനക്കാരി പറയുന്നുണ്ട്. എന്നാല്‍ തനിക്ക് പരിചയമുള്ള ചില പൊലീസുകാരാേട് വിവരങ്ങള്‍ പറഞ്ഞിരുന്നു എന്നും അവർ വ്യക്തമാക്കി.നേരത്തേ പിതാവ് ജെയിംസ് നല്‍കിയ ഹർജിയില്‍ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു.അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹർജി പരിഗണിച്ചാണ് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്.
തന്റെ സ്വകാര്യ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോകളടക്കമുളള ഡിജിറ്റല്‍ തെളിവുകളും മുദ്രവച്ച കവറില്‍ കോടതിയില്‍ പിതാവ് ഹാജരാക്കുകയും ചെയ്തിരുന്നു. ഇത് സിബിഐ അന്വേഷണ പരിധിയില്‍ വരുന്ന കാര്യാണോ എന്നാണ് പരിശോധിച്ചശേഷമാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ സിബിഐ സംഘം കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയിരുന്നു.ജസ്നയുടെ വീട്ടില്‍ നിന്ന് സാധനങ്ങളും രേഖകളും കണ്ടെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്തില്ലെന്നും ജസ്നയുടെ അജ്ഞാത സുഹൃത്തിലേക്ക് അന്വേഷണം നീണ്ടില്ലെന്നതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ജസ്നയുടെ പിതാവ് ഉന്നയിക്കുന്നത്.തുടരന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നാണ് ജയിംസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്