Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (14/08/2024)


 


◾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്ത മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ തെരച്ചിലില്‍ ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കി കണ്ടെത്തി. ഇത് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ ഇന്നും തെരച്ചില്‍ നടത്തും. അതേസമയം ഇന്ന് എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.


◾ അര്‍ജുനായുള്ള തെരച്ചിലില്‍ ഇന്ന് നാവികസേന പങ്കെടുക്കുമെന്ന് അറിയിപ്പ്.  കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ തെരച്ചിലിന് സഹായം നല്‍കും. നാവികസേനാംഗങ്ങള്‍ക്ക് സഹായവുമായിട്ടായിരിക്കും കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ എത്തുക. പുഴയിലെ തെരച്ചില്‍ ദൗത്യത്തിന് നിലവില്‍ കരസേനയെ നിയോഗിച്ചിട്ടില്ല.


◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്. ഇത് പരിഷ്‌കരിച്ച് നഗര വികസനത്തിനും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ-അന്താരാഷ്ട്ര വ്യാപാര വികസന വകുപ്പ് ഡയറക്ടര്‍ എസ്.സി. കരോള്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പ്രധാനമന്ത്രി ഗതിശക്തി പദ്ധതികളുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾ വയനാട്ടിലെ  ദുരന്തബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ ഇന്നലെ മുതല്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. അക്കൗണ്ട് നമ്പറുകള്‍ നല്‍കിയവര്‍ക്കാണ് തുക നല്‍കിയതെന്നും എത്ര പേര്‍ക്ക് ഇതുവരെ നല്‍കിയെന്നതിന് കണക്ക് ലഭ്യമാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഓഗസ്റ്റ് 20നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾ വയനാട് പുനരധിവാസത്തിനായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. വയനാടിന് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ളവര്‍ സംഭാവന നല്‍കിവരുകയാണ്.



◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി പോത്ത് കല്ല് ചാലിയാറില്‍ തെരച്ചിലിനു പോയ 14 അംഗ  സംഘം പെട്ടന്നുള്ള കനത്ത മഴയെ തുടര്‍ന്ന് പരപ്പന്‍പാറയിലെ വനമേഖലയില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പുഴയിലെ വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചുവരാന്‍ കഴിഞ്ഞില്ലെന്ന് എസ്ഡിപിഐ പ്രവര്‍ത്തകരായ 14 അംഗ സംഘം  വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. വനമേഖലയോട് ചേര്‍ന്നുള്ള പുഴയ്ക്ക് അക്കരെയുള്ള ഒരു കാപ്പിതോട്ടത്തില്‍ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും ഇന്ന് രാവിലെ തിരിച്ചെത്തിക്കാന്‍ ആവശ്യമായ സഹായം ചെയ്യണമെന്നുമാണ് കുടുങ്ങിയവര്‍ അറിയിച്ചിട്ടുള്ളത്.


◾ വയനാട്  ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഉപഭോക്തൃ കേസില്‍ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും  നിര്‍ദേശിച്ചു. ആറ് തവണ അവസരം നല്‍കിയിട്ടും ഉത്തരവ് പാലിക്കാത്തനിലാണ് സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തിയത്.


◾ ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജിനും ചരിത്ര നേട്ടം. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജ് 42-ാം സ്ഥാനത്തും ദന്തല്‍ കോളേജ് 21-ാം സ്ഥാനത്തുമാണുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പുരോഗതിയ്ക്കുള്ള അംഗീകാരമാണ് ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗില്‍  ഈ വര്‍ഷവും കേരളം ഇടംപിടിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.


◾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ് പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്ക് മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.


◾ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടി മനസാക്ഷിയില്ലായ്മയെന്ന്  കെ സുധാകരന്‍ എം പി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്ന നടപടിയാണ്  തിയേറ്റര്‍ പരസ്യത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. ആ തുകയെല്ലാം വയനാട് ജനതയുടെ പുനരധിവാസത്തിന് നീക്കിവെയ്ക്കാനുള്ള മനുഷ്യത്വപരമായ നടപടി സ്വീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.


◾ പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 267 പേര്‍ക്കാണ് ഇത്തവണ പൊലീസ് മെഡല്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരാണ് പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍. 


◾ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ വിവാദമായ സ്‌ക്രീന്‍ ഷോട്ട് ആദ്യമെത്തിയത് ഇടത് വാട്‌സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക് പേജുകള്‍ക്ക്  സ്‌കീന്‍ ഷോട്ട് ലഭിച്ചത്. റെഡ് ബറ്റാലിയനെന്ന ഗ്രൂപ്പില്‍ അമല്‍ രാമചന്ദ്രന്‍ എന്ന ആളാണ് സന്ദേശമെത്തിച്ചത്. റിബീഷ് രാമകൃഷ്ണന്‍ ആണ് സ്‌ക്രീന്‍ ഷോട്ട് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് റിബീഷ് വെളിപ്പെടുത്തിയില്ലെന്നും പൊലീസ് പറഞ്ഞു.



◾ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിരുത്സാഹപ്പെടുത്തരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാധവ് ഗാഡ്ഗില്‍ അപരാധി അല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനാധിപത്യപരമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കേരളം കാണണം. അനധികൃതമായ നിരവധി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നും ഒരു ദാക്ഷിണ്യവും കൂടാതെ നടപടി വേണമെന്നും ബിനോയ് വിശ്വം  പറഞ്ഞു.


◾ പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം 6 വോട്ടുകള്‍ക്കാണെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. സാധുവായ വോട്ട് എല്‍ ഡി എഫിനെന്ന് കണക്കാക്കിയാലും യു ഡി എഫ് 6 വോട്ടിന് ജയിക്കും. ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.


◾ ശനിയാഴ്ച ഇനി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനമായിരിക്കില്ല. കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവര്‍ത്തിദിനം ആയിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.


◾ കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നല്‍കി മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തതായി തരൂര്‍ ഒരു മലയാളം വാര്‍ത്താ ചാനലില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കേസ്.


◾ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമൂഹത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ രണ്ട് ദിവസമായി നടന്ന വനിതാ കമ്മിഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. 


◾ കൊല്ലം ചടയമംഗലത്ത് ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസെടുത്തു. കാട്ടാക്കട എസ് ഐ മനോജ്, ഒപ്പമുണ്ടായിരുന്ന മൂന്ന് ഗുണ്ടകള്‍, ഒരു പൊലീസുകാരന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.


◾ ഗുരുവായൂര്‍ ദേവസ്വം സൂക്ഷിച്ചിരുന്ന 124 കിലോ ആനക്കൊമ്പുകളും പല്ലുകളും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തു. ആനയുടെ കൊമ്പുകള്‍ നശിപ്പിക്കാനോ ഉപേക്ഷിക്കാനോ ദേവസ്വത്തിന് അനുവാദമില്ലാത്ത സാഹചര്യത്തില്‍ ഇവ ഏറ്റെടുക്കണമെന്ന് ദേവസ്വം വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വളരുമ്പോള്‍ മുറിച്ച് മാറ്റുന്ന കൊമ്പുകളുടെ കഷ്ണങ്ങള്‍, ചീളുകള്‍, കൊഴിഞ്ഞ് വീണ പല്ലുകള്‍ എന്നിവയാണ് വനംവകുപ്പ് ഏറ്റെടുത്തത്. ആനത്താവളത്തില്‍ ചരിയുന്ന ആനകളുടെ കൊമ്പുകള്‍ വനംവകുപ്പിന്റെ സംരക്ഷണത്തിലാണ്. 


◾ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സംസ്ഥാന സര്‍ക്കാര്‍ സംഭവം അവഗണിക്കുകയാണെന്നും പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.



◾ പശ്ചിമ ബംഗാളില്‍ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണം സിബിഐക്ക് . കൊല്‍ക്കത്ത ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്. പൊലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും സര്‍ക്കാര്‍ ഇരക്കൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയാണ്  വിധി . ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്ന്  ഹൈക്കോടതി വിമര്‍ശിച്ചു. ബിജെപി നേതാവ് അഡ്വ കൗസ്തവ് ബഗ്ചി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.


◾ പശ്ചിമ ബംഗാളില്‍ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് ഇതുസംബന്ധിച്ച്  ഉത്തരവിറക്കിയത്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, റസിഡന്റ് ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.


◾ എയര്‍ ഇന്ത്യ എക്സ്പ്രസ് ഒറ്റ ദിവസം ആറ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണിത്. തിരുവനന്തപുരം - ചെന്നൈ, ചെന്നൈ - ഭുവനേശ്വര്‍, ചെന്നൈ - ബാഗ്ഡോഗ്ര, കൊല്‍ക്കത്ത - വാരണാസി, കൊല്‍ക്കത്ത - ഗുവാഹത്തി, ഗുവാഹത്തി - ജയ്പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.


◾ ബംഗ്ലാദേശ് കലാപത്തെ കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കു തക്കതായ ശിക്ഷ നല്‍കണമെന്നും മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ടശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന പ്രസ്താവനയിറക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഷെയ്ഖ് ഹസീന ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും അറിയിച്ചു.


◾ നൂറ് ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്സില്‍നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ ഇനി വിധി പറയുക. ഇന്നലെ വിധി പറയും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്.


◾ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും എസ്ബിഐ വിറ്റഴിച്ചേക്കും. യെസ് ബാങ്കില്‍ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയുണ്ട്. യെസ് ബാങ്കിലെ ഓഹരികള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങളുമായി ജാപ്പനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഓഹരി വില്‍ക്കുന്നത് എസ്ബിഐ ആലോചിക്കുന്നത്. ജാപ്പനീസ് ബാങ്കിന്റെ ഗ്ലോബല്‍ സിഇഒ അക്കിഹിറോ ഫുകുടോമിന്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദര്‍ശിച്ചേക്കും. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എസ്എംബിസി. എസ്എംബിസിക്ക് പുറമേ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എന്‍ബിഡിയും യെസ് ബാങ്കിനെ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. യെസ് ബാങ്കിലെ 51 ശതമാനം ഓഹരികള്‍ 42,000 കോടി രൂപയ്ക്കാണ് എസ്എംബിസി വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.



◾ അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ 350 യൂണിറ്റുകള്‍ മാത്രം ലോകമെമ്പാടും വില്‍ക്കുന്ന തങ്ങളുടെ പുതിയ ബൈക്ക് റോഡ്മാസ്റ്റര്‍ എലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 71.82 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് റോഡ്മാസ്റ്റര്‍ എലൈറ്റിനെ അവതരിപ്പിച്ചത്. ഇതിന്റെ ഓണ്‍റോഡ് വില 72 ലക്ഷം രൂപയില്‍ കൂടുതലായിരിക്കും. ഇത് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വില കൂടിയ മോട്ടോര്‍സൈക്കിളുകളിലൊന്നാകും. ഇതൊരു ലിമിറ്റഡ് എഡിഷന്‍ മോഡലാണ്. ഇതില്‍ പ്രത്യേക പെയിന്റ് സ്‌കീമോടുകൂടിയാണ് കമ്പനി റോഡ്മാസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്.


◾ അനശ്വര രാജനും ഇന്ദ്രജിത്തും നായികാ നായകന്‍മാരാകുന്ന ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. തന്റെ പയ്യനെ തേടി വിവാഹ ദിവസം ഇറങ്ങിതിരിക്കുന്ന കല്യാണപ്പെണ്ണിന്റെ കഥയാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും ഒരു റോഡ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ബിജു പപ്പന്‍, രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍രാഹുല്‍ മാധവ്, ദീപു കരുണാകരന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ്. അര്‍ജുന്‍ റ്റി സത്യന്‍ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രദീപ് നായര്‍ ആണ്.


◾ ചലച്ചിത്രോത്സവങ്ങളില്‍ മികച്ച അഭിപ്രായം ഇതിനോടകം നേടിയ സൂരി നായകനാകുന്ന കൊട്ടുകാളി സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. അന്ന ബെന്നാണ് നായികയായി എത്തുന്നത്. സൂരി നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയതും വന്‍ ഹിറ്റായതും ഗരുഡനാണ്. മലയാളത്തിന്റെ ഉണ്ണി മുകുന്ദനും കഥാപാത്രമായ ചിത്രത്തിന് ആഗോളതലത്തില്‍ നേടാനായത് ആകെ 60 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പി എസ് വിനോദ് രാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. കൊട്ടുകാളിയുടെ നിര്‍മാണം നടന്‍ ശിവകാര്‍ത്തികേയനാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ബി ശക്തിവേലുമാണ് നിര്‍വഹിച്ചത്. ഓഗസ്റ്റ് 23ന് കൊട്ടുകാളി പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.


◾ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ? നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. അതുപോലെ തന്നെ അകാലനരയെ അകറ്റാനും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍, ബയോട്ടിന്‍, അവശ്യ അമിനോ ആസിഡുകള്‍ എന്നിവയുള്ള മുട്ട പതിവായി കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. ഇരുമ്പ്, വിറ്റാമിന്‍ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ എന്നിവയാല്‍ സമ്പന്നമായ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.  ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയ ബദാം, വാള്‍നട്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ വിത്തുകള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക