Click to learn more 👇

പാലുകാച്ചിയത് ഒരുമാസം മുമ്ബ്; കല്യാണ ഒരുക്കങ്ങളും തുടങ്ങി; ഇരച്ചെത്തിയ മലവെള്ളത്തില്‍ വീടും അനിയത്തിയേയും നഷ്ടമായി ശ്രുതി


 ഒരു മാസംമുമ്ബ് ചൂരല്‍മലയില്‍ പാലുകാച്ചിയ ശ്രുതിയുടെ വീട് ഇപ്പോള്‍ അവിടെയില്ല. അവിടെ ഇപ്പോള്‍ അവശേഷിക്കുന്നത് കേരളത്തെ തന്നെ പിടിച്ചുലച്ച മഹാദുരന്തത്തിന്റെ അവശേഷിപ്പുകള്‍ മാത്രം.

ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നു പോലും ശ്രുതിക്ക് അറിയില്ല.

ദുരന്തത്തില്‍ തന്നെ വിട്ടുപോയ അനിയത്തി ശ്രേയയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ജോലിക്കായി കോഴിക്കോടേക്ക് പോയതിനാലാണ് ശ്രുതി മഹാദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചൂരല്‍മലയിലെ തുന്നല്‍ തൊഴിലാളിയാണ് ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ. ശ്രുതി, ശ്രേയ എന്നീ രണ്ടു പെണ്‍മക്കളാണ് ശിവണ്ണൻ സബിത ദമ്ബതിമാർക്കുള്ളത്.

ഡിസംബറില്‍ ശ്രുതിയുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കല്യാണത്തിനായി സ്വരുക്കൂട്ടിയ 15 പവനും നാലു ലക്ഷം രൂപയും അടക്കമാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്‌. കഴിഞ്ഞ ആഴ്‌ചയാണ് ശ്രുതി ജോലിക്കായി കോഴിക്കോട്ടേക്ക് പോയത്.

തിരച്ചിലിനിടയിലാണ്‌ കല്‍പ്പറ്റ എൻഎംഎസ്‌എം ഗവ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്രേയയുടെ മൃതദേഹം കിട്ടിയത്. അച്ഛൻ ശിവണ്ണനും അമ്മ സബിതയ്ക്കുമായുള്ള തിരച്ചില്‍ തുടരുകയാണ്. 

'കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും. മക്കളെ പഠിപ്പിച്ച്‌ നല്ലനിലയില്‍ വളർത്താൻ അച്ഛൻ തുന്നല്‍പ്പണിക്കൊപ്പം കല്‍പ്പണിയുമെടുത്തു. അനിയത്തിയെ മരണം കൊണ്ടുപോയി. ഞാൻ എങ്ങനെയാണ്‌ അവളെ ആശ്വസിപ്പിക്കേണ്ടത്‌'. ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വാക്കുകള്‍ ഇടറി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക