കൊച്ചി നഗരത്തില്‍ യുവതിക്ക് ക്രൂരമർദനം. പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ മർദിച്ചത്.
വൈറ്റില കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ബുധനാഴ്ച പുലർച്ചെ 4:30നാണ് സംഭവം. യുവാവിനൊപ്പം മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ യുവാവ് ആദ്യം ആക്രമിക്കുന്നത് റോഡില്‍ വച്ചാണ്. മുഖത്ത് അടിക്കുന്നതു കണ്ട് ഒരാള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് ജനതാ റോഡിലേക്ക് കയറിയത്. അവിടെവച്ച് പെണ്‍കുട്ടിയെ കുനിച്ച് നിർത്തിയും മതിലില്‍ ചാരി നിർത്തിയും മർദിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സുഹൃത്തുക്കള്‍ ഇവരുടെ അടുത്തേക്ക് വന്നെങ്കിലും യുവാവിനെ തടഞ്ഞില്ല.
പ്രാണരക്ഷാർഥം യുവതി പിന്നീട് തൊട്ടടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിലേക്ക് ഓടി. അവിടെവെച്ചും മർദനം തുടർന്നു. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം അറിഞ്ഞ് പൊലീസ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോയി.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയേയും യുവാക്കളേയും തിരിച്ചറിഞ്ഞെങ്കിലും പരാതിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.