◾ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗീക ആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. പരാതിക്കാരെ വിളിച്ച് മൊഴി രേഖപ്പെടുത്താനാണ് പോലീസ് ശ്രമം. ഇവര്‍ക്ക് പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘത്തേയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിനു മേല്‍നോട്ടം വഹിക്കും. പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. അതേസമയം, ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.
◾ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരണവുമായി വിമന്‍ ഇന്‍ സിനിമ കളക്റ്റീവ്.പുതിയ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും പക്ഷെ വീണ്ടും മൊഴി നല്‍കാന്‍ പോകേണ്ട സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഡബ്ലിയുസിസി വ്യക്തമാക്കി. പുതിയ സംഘം നടപടി നീട്ടി കൊണ്ട് പോകാനാണോ എന്ന സംശയവും ഡബ്ലിയുസിസി പങ്കുവെച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് പ്രതീക്ഷ വെക്കുന്നു എന്ന് ഡബ്ലിയുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു.
◾ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചതിന് പിന്നാലെ രഞ്ജിത്ത് ഇന്നലെ രാവിലെ സ്ഥാനം രാജി വെച്ചു. സിനിമാ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
◾ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഓഡിയോ ക്ലിപ്പിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്. സര്‍ക്കാറിനെതിരെ നടക്കുന്ന ചെളിവാരിയേറിന്റെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും രഞ്ജിത്ത് പറയുന്നു.
◾ രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമോ ദു:ഖമോ ഇല്ലെന്നും എന്നാല്‍ രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണെന്നും രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര. നിരവധിപ്പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും രഞ്ജിത്ത് അവസാനത്തെയാളല്ലെന്നും നടി പറഞ്ഞു. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ലെന്നും താന്‍ ഒരു പാത ഈകാര്യത്തില്‍ കാണിച്ചിട്ടുണ്ടെന്നും അത് പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു.
◾ യുവനടി രേവതി സമ്പത്ത് ഉയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധിഖ് രാജി വെച്ചു. ആരോപണത്തിന്റെ വെളിച്ചത്തിലാണ് രാജിയെന്നും, അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. 2016 ല്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവ നടി ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെയാണ് നടന്റെ രാജി.
◾ സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ്. നടിയുടെ പരാതിയില്‍ കേസെടുത്താന്‍ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. അമ്മ എന്ന നിലയില്‍ സംഘടന കേസിന് പിന്തുണ നല്‍കേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. അമ്മ അവൈലബിള്‍ എക്സിക്യൂട്ടീവ് ഇന്ന് ചേരാന്‍ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങള്‍ അതില്‍ തീരുമാനിക്കും. ആരോപണ വിധേയര്‍ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി
◾ സര്‍ക്കാര്‍ ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നും മാധ്യമങ്ങള്‍ സര്‍ക്കാരിനെ താറടിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
◾ യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന്‍ സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് വൈറ്റില സ്വദേശി പരാതി നല്‍കി. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുവ നടി രേവതി സമ്പത്ത് കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്.
◾ നടനും എം.എല്‍ എ യുമായ മുകേഷിനെതിരെ കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ഉന്നയിച്ച മി ടൂ ആരോപണം വീണ്ടും ചര്‍ച്ചയാകുന്നു. നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകും എന്നും ടെസ് ജോസഫ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. 2018 ലാണ് ടെസ് മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് അന്ന് വെളിപ്പെടുത്തിയിരുന്നത്.
◾ തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. താന്‍ സിപിഎം എംഎല്‍എ ആയതുകൊണ്ട് ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും മുകേഷ് പ്രതികരിച്ചു.
◾ വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജി സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി പരസ്യമായി രംഗത്ത് ഇറങ്ങി വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് അപമാനമാണെന്നും മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
◾ ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇരയാക്കപ്പെട്ടവര്‍ക്ക് കേസ് നല്‍കാന്‍ സഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയില്‍ സര്‍ക്കാര്‍ പറയുമെന്നും മന്ത്രി പറഞ്ഞു.
◾ സംവിധായകന്‍ രഞ്ജിത്തിന്റെയും നടന്‍ സിദ്ദിഖിന്റെയും രാജി അനിവാര്യമായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ആരോപണം നേരിടുന്ന സംഘത്തില്‍ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും. സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് നീതികരിക്കാനാവില്ല. ഈ വിഷയത്തിലെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തെ താറടിക്കുന്നതല്ലെന്നും ആഷിഖ് അബു വ്യക്തമാക്കി.
◾ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങള്‍ക്കെതിരേ ഉയരുന്ന ലൈംഗികാതിക്ര ആരോപണങ്ങള്‍ക്കിടെ ചെഗുവേരയുടെ വാക്കുകള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ച് നടി ഭാവനയുടെ പ്രതികരണം. ലോകത്ത് എവിടെയെങ്കിലും ആര്‍ക്കെങ്കിലുമെതിരേ അനീതി നടക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാന്‍ പ്രാപ്തിയുണ്ടാകണം' എന്ന ചെഗുവേരയുടെ ഉദ്ധരണികളാണ് നടി ഭാവന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചത്.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയെ അടക്കം വ്യക്തിപരമായി ആക്രമിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്നും കേരളത്തില്‍ ഉള്ളത് പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്ത് വേറെ എവിടെയും ഇല്ലെന്നും അവര്‍ ഇടതുപക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
◾ സിനിമാ മേഖലയില്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ ഫേസ്ബുക്കില്‍ കുറിപ്പുമായി നടി മഞ്ജു വാര്യര്‍. ഒന്നും മറക്കരുതെന്നും, ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു നിന്നാണ് എല്ലാം തുടങ്ങിയതെന്നും മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
◾ സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . നടന്‍ സിദ്ദിഖിനെതിരായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും അന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പരാതി പറയാനെത്തുന്നവരെ അധിക്ഷേപിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾ നിലവില്‍ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
◾ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മന്ത്രിമാര്‍ അവരവരുടെ ധാര്‍മികത ഒന്നുകൂടി പരിശോധിക്കണം. വേട്ടക്കാര്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. അവര്‍ക്ക് ബ്രീതിങ് ടൈം കൊടുക്കുകയാണ്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടിന്റെ മുകളില്‍ അടയിരുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
◾ സിദ്ദിഖിന്റേത് അനിവാര്യമായ രാജിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയും മാല പാര്‍വതിയും. ആരോപണം വരുമ്പോള്‍ മാറിനില്‍ക്കുക എന്നതാണ് ഉചിതമായ തീരുമാനമെന്ന് ഇരുവരും പറഞ്ഞു. യുവനടിയുടെ ആരോപണത്തിന് പിന്നാലെയാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചത്.
◾ രാജിവെച്ചു എന്നതാണ് ആരോപണം നേരിട്ട നിലയ്ക്ക് സിദ്ദിഖ് ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ടെന്നും സിദ്ദിഖിനെതിരെ ഉണ്ടായത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ എപ്പോഴും ഇരകള്‍ക്കൊപ്പമാണെന്നും ധര്‍മജന്‍ വ്യക്തമാക്കി.
◾ എല്ലാ മേഖലയിലും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുവെന്നും നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍. നിയമസാധ്യത പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും രണ്‍ജി പണിക്കര്‍ പ്രതികരിച്ചു.
◾ രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍. മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെ രചന നാരായണന്‍കുട്ടിയുടെ അഷ്ടമിരോഹിണി ദിനാശംസകള്‍ പോസ്റ്റ് ഏറെ ശ്രദ്ധേയമായി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മൂന്ന് ദിവസത്തെ യോഗം വിളിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അടുത്ത ശനിയാഴ്ച മുതല്‍ യോഗം ആരംഭിക്കും. വിവിധ യൂണിയനുകളുടെ സെക്രട്ടറിമാര്‍ക്ക് യോഗംസംബന്ധിച്ച കത്തും കൈമാറി.
◾ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായി പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ 13 കാരി പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരത്തോടെ തിരികെ നാട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ സുരക്ഷിത സ്ഥലത്തേക് മാറ്റുമെന്ന് സിഡബ്ലിയുസി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിബാ ബീഗം പറഞ്ഞു. ഇന്ന് കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിശദമായ മൊഴിയെടുക്കും. അതിന് ശേഷമായിരിക്കും വീണ്ടും സുരക്ഷിത സ്ഥാനത്ത് മാറ്റണമോ രക്ഷിതാകള്‍ക്കൊപ്പം വിട്ടു നല്‍കണമോയെന്ന് തീരുമാനിക്കുകയെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
◾ കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിയെ കാണും. ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
◾ സൈബര്‍ ആക്രമണ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കയറി ഇറങ്ങി കേസ് എടുപ്പിച്ചിട്ടും പത്തനംതിട്ട അടൂര്‍ പൊലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്ന് അധ്യാപിക. മുതിര്‍ന്ന വനിത ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. മാര്‍ത്തോമ്മ സഭയിലെ പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ കുടുംബ സുഹൃത്തായ വൈദികനൊപ്പം പൊതുസ്ഥലത്ത് നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു പരാതി.
◾ പാലക്കാട് കാവശേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവര്‍ത്തകര്‍. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നതില്‍ പ്രകോപിതരായാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
◾ പട്ടാമ്പിയില്‍ വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐ ജോയ് തോമസിന് സസ്പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. പ്രാഥമിക അന്വേഷണത്തില്‍ എഎസ്ഐയില്‍ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
◾ സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന, കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.
◾ വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ ഇന്നലെ കണ്ടെത്തി. പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചില്‍ കാണാതായവരുടെ ബന്ധുകള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. എന്‍ഡിആര്‍എഫ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഫയര്‍ഫോഴ്സ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി 14 അംഗ ടീമാണ് ഇന്നലെ മേഖലയില്‍ തെരച്ചില്‍ നടത്തിയത്.
◾ ഗള്‍ഫ് രാജ്യങ്ങളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാന കമ്പനികള്‍. അവധി കഴിഞ്ഞ് ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കുന്ന സമയം നോക്കി പതിനായിരക്കണക്കിന് പ്രവാസികള്‍ മടങ്ങിപ്പോകാന്‍ തയാറെടുക്കുമ്പോഴാണ് ടിക്കറ്റ് വില മൂന്നു മുതല്‍ അഞ്ചിരട്ടി വരെ ഉയര്‍ത്തിയിരിക്കുന്നത്.
◾ അനിയന്ത്രിതമായ വിമാന നിരക്ക് വര്‍ധനക്കെതിരെ ഷാഫി പറമ്പില്‍ എംപി. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും ഈ വിഷയം ചര്‍ച്ചയായിരുന്നു. സീസണ്‍ സമയത്തെ പിടിച്ചുപറിയില്‍ ഇടപെടണമെന്ന് ശക്തമായ ഭാഷയില്‍ ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.
◾ വിമാന കമ്പനികളുടെ കൊള്ള നിയന്ത്രിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ശക്തമായി ഇടപെടണമെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വ്യാഴാഴ്ച മുഖ്യമന്ത്രിയെ കണ്ട് വിഷയം ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾ ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ മോഷ്ടിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്. ബാലരാമപുരം ശാലിഗോത്രത്തെരുവിലുള്ള കണ്ണന്‍ ഹാന്‍ഡ്ലൂമില്‍നിന്ന് ഒന്നരലക്ഷം രൂപയും എരുത്താവൂരിലെ മണപ്പാട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.
◾ പഞ്ചാബിലെ ഗുരുദാസ്പൂരി ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ ക്രൂര മര്‍ദ്ദനമേറ്റ യുവാവ് കൊല്ലപ്പെട്ടു. പാസ്റ്ററിനെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം. അപസ്മാരബാധ പതിവായതിന് പിന്നാലെയാണ് കുടുംബം സഹായം തേടി പാസ്റ്ററെ സമീപിക്കുന്നത്. ഇതിന് പിന്നാലെയാണ് ജേക്കബ് മാസിഹ് എന്ന ജാക്കിയും എട്ട് സഹായികളും ഇവരുടെ വീട്ടിലെത്തിയത്. സാമുവല്‍ എന്ന യുവാവിനെ ചെകുത്താന്‍ ബാധിച്ചെന്നും ഒഴിപ്പിക്കല്‍ നടത്തണമെന്നും പാസ്റ്റര്‍ ആവശ്യപ്പെടുകയായിരുന്നു.
◾ തെക്കന്‍ ഫ്രാന്‍സിലെ ജൂത സിനഗോഗിന് മുന്‍പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ആളെ പിടി കൂടി ഫ്രെഞ്ച് പൊലീസ്. പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്ത അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്. തെക്കന്‍ ഫ്രാന്‍സിലെ ബെത്ത് യാക്കോബ് സിനഗോഗിന് പുറത്തുണ്ടായ സ്ഫോടനത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.
◾ സൗദി മരുഭൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ യുവാവും സുഹൃത്തും നിര്‍ജലീകരണവും തളര്‍ച്ചയും മൂലം മരിച്ചു. 27കാരനായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷെഹ്സാദ് ഖാന്‍ ആണ് സൗദിയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ മരണപ്പെട്ടത്. യാത്രക്കിടെ കാറിന്റെ ഇന്ധനം തീര്‍ന്നതോടെ മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നു.
◾ തിരക്കേറിയ റോഡില്‍ പെട്ടന്നുണ്ടായ കുഴിയില്‍ ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. കുടുംബാംഗങ്ങള്‍ക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂര്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ യുവതിയാണ് 26 അടിയില്‍ അധികം ആഴമുള്ള കുഴിയിലേക്ക് വീണത്. നടപ്പാതയില്‍ പെട്ടന്നുണ്ടായ കുഴിയിലേക്ക് ഇവര്‍ വീണു പോവുകയായിരുന്നു. ജലാന്‍ ഇന്ത്യ മസ്ജിദിന് സമീപത്തെ റോഡരികിലാണ് അപകടമുണ്ടായത്.
◾ സൗദി തെക്കന്‍ പ്രവിശ്യയായ അസീറില്‍ വെള്ളക്കെട്ടില്‍ വാഹനം മുങ്ങി രണ്ട് പേര്‍ മരിച്ചു. മൂന്നു പേര്‍ ഒലിച്ചുപോയി. വെള്ളത്തില്‍ മുങ്ങിയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.
◾ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേല്‍ സൈന്യം. യുദ്ധ വിമാനങ്ങള്‍ ഇസ്രയേലിനെ ലക്ഷ്യമിടുന്ന മിസൈല്‍ തൊടുത്തുവിടുന്ന ലൈബനനിലെ കേന്ദ്രങ്ങളെ ആക്രമിക്കുന്നതായാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്.
◾ ദില്ലിയിലെ പ്രസിദ്ധമായ കോണാട് പ്ലേസിലെ ഡിജിറ്റല്‍ പരസ്യ ബോര്‍ഡില്‍ അശ്ലീല ദൃശ്യം തെളിഞ്ഞതില്‍ പൊലീസ് അന്വേഷണം. സംഭവത്തില്‍ ഐടി ആക്ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ദില്ലി പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷ ഏറെയുള്ള പരസ്യ ബോര്‍ഡ് സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് ന്യൂ ദില്ലി മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ വാദം.
◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരെന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരി സെര്‍ജീ കൊര്‍സാകോവ്. ആറ് മാസം നീണ്ട ദൗത്യത്തിന് ശേഷം ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിവന്ന റഷ്യന്‍ ബഹിരാകാശ സഞ്ചാരിയാണ് സെര്‍ജീ കൊര്‍സാകോവ്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താന്‍. ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലേക്കാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. എന്നാല്‍, മോദി യോഗത്തിനായി പാകിസ്താനിലേക്ക് പോകാനിടയില്ലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് സെപ്റ്റംബര്‍ 13-ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി.യെ നേരിടും. സെപ്റ്റംബര്‍ 15-ന് ഞായറാഴ്ച പഞ്ചാബ് എഫ്.സി.ക്കെതിരേ കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.