Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (08/08/2024)


 


◾ പാരിസ് ഒളിംപിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിന്ന് 100 ഗ്രാം വ്യത്യാസത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് നീക്കം. ഉത്തരവ് അനുകൂലമായാല്‍ വിനേഷിന് വെള്ളി മെഡല്‍ ലഭിക്കും. കായിക കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് പ്രഖ്യാപിക്കും.

◾ പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ നിന്ന് അയോഗ്യയായ വിനേഷ് ഫോഗട്ടിന്റെ കാര്യത്തില്‍ ഇന്ത്യക്ക് എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷ പി ടി ഉഷയുമായി ഫോണില്‍ സംസാരിച്ചു. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി പി ടി ഉഷയോട് ആവശ്യപ്പെട്ടു.


◾ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ നിരാശ പങ്കുവച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും, വിനേഷിനെ അയോഗ്യയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗിന് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ഐഒഎ അത് സാധ്യമായ രീതിയില്‍ പിന്തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.


◾ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ എന്തെടുക്കുകയായിരുന്നുവെന്നും, അയോഗ്യയാക്കിയിട്ടും മറ്റൊരു അവസരത്തിനായി എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും ഭഗവന്ത് മന്‍ ചോദിച്ചു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ പാരീസില്‍ ഒഴിവുദിവസം ആഘോഷിക്കാനാണോ പോയതെന്നും ഭഗവന്ത് മന്‍ ചോദിച്ചു.


◾ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ ലോക്സഭയില്‍ പ്രസ്താവനയുമായി കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 100 ഗ്രാം കൂടിയതാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതെന്നും ഇക്കാര്യത്തില്‍ ഐഒഎ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര കായിക മന്ത്രി പറഞ്ഞു.


◾ വിനേഷ്, ധൈര്യത്തിലും ധാര്‍മ്മികതയിലും നീ സ്വര്‍ണ്ണമെഡല്‍ ജേതാവാണെന്ന് പറഞ്ഞുകൊണ്ട് ഗുസ്തി താരം ബജ്റംഗ് പൂനിയയുടെ കുറിപ്പ്. മണ്ണിന്റെ മകളാണ് വിനേഷെന്നും അതിനാല്‍ തന്നെ ഈ മെഡലും മണ്ണിന് തന്നെ അര്‍ഹമായതാണെന്നും ധീരതയോടെയാണ് പോരാടിയതെന്നും ബജ്റംഗ് പൂനിയ കുറിച്ചു.


◾ വിനേഷ് ഫോഗട്ട് ഇപ്പോള്‍ കടന്നു പോകുന്ന സാഹചര്യം ആര്‍ക്കും സങ്കല്‍പിക്കാന്‍ ആകില്ലെന്നും സാധ്യമെങ്കില്‍ തന്റെ മെഡല്‍ വിനേഷിന് നല്‍കുമെന്നും സാക്ഷി മാലിക് എക്സില്‍ കുറിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോള്‍. ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഇതുവരെ വിനേഷ് ഫോഗട്ട് ചെയ്തത്. അതിനാല്‍ തന്നെ ഏറെ വേദനാജനകമാണ് ഈ സംഭവമെന്നും സാക്ഷി മാലിക് പറഞ്ഞു.



◾ പ്രിയപ്പെട്ട വിനേഷ് ഫോഗട്ട്, ഞങ്ങളുടെ കണ്ണുകളില്‍ നിങ്ങള്‍ എപ്പോഴും ചാമ്പ്യയാണ്. നിങ്ങള്‍ സ്വര്‍ണം അണിയുമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ മല്ലടിക്കുന്ന ഒരു അമാനുഷികയായ വനിതയെയാണ് ഞാന്‍ താങ്കളില്‍ കണ്ടത്. അത് പ്രചോദനകരമാണ്. എപ്പോഴും ഫോഗട്ടിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുമെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ട്വീറ്റ് ചെയ്തു.


◾ വിനേഷ് ഫോഗട്ട് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ തകര്‍ത്ത നടപടിയാണിതെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. വിനേഷ് ഫോഗട്ടിന് മികച്ച കായിക കരിയറാണുള്ളതെന്നും എല്ലാ പിന്തുണയും വിനേഷിന് എപ്പോഴുമുണ്ടെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.


◾ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ദേശീയ ഗുസ്തി ഫെഡറേഷന്‍. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്റെ ഭാഗത്തല്ല മറിച്ച് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കാണ് സംഭവിച്ചതെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചാകും ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്നോട്ടുപോകുക.


◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കും. ദില്ലിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരെത്തുന്ന മോദി ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് എത്തും. ദുരന്തബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. അതിന് ശേഷം ദുരിതബാധിതര്‍ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് വിവരം.


◾ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ വെച്ച് കേരളം. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും.


◾ ചൂരല്‍മല സ്വദേശി എം മുഹമ്മദ് നബീലിന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍ ശരചന്ദ്രനാണ് നബീലിന് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. നഷ്ടപ്പെട്ട സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.


◾ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രിസഭാ ഉപസമിതി. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.


◾ അനധികൃത ഖനനവും അനധികൃത കുടിയേറ്റവുമാണ്  വയനാട് ദുരന്തത്തിന് കാരണം എന്ന്  രാജ്യസഭയിലും ആവര്‍ത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ്  സംസാരിച്ചതെന്നും വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.


◾ വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിമാര്‍ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായതെന്നും അവിടെ ഖനനം ഇല്ലെന്നും കേന്ദ്രമന്ത്രി  വിവാദ പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


◾ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ സംഭാവനചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.


◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍  ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം. ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള പ്രാര്‍ത്ഥന സഭകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്താകെയും ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ശോഭായാത്രായെന്നും ബാലഗോകുലം അറിയിച്ചു.



◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ അര്‍ജുന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കമാറിയത്.


◾ സംസ്ഥാനത്ത് ഇതുവരെ 15 അമീബിക്ക് മസ്തിഷ്‌കജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി  മന്ത്രി വീണ ജോര്‍ജ്ജ്. ഇതില്‍ രണ്ട് പേര് രോഗമുക്തരായി. തിരുവനന്തപുരത്ത് 7 പോസിറ്റീവ് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. അമീബിക്ക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഐസിഎംആര്‍ പഠനം നടത്തുമെന്നും മന്ത്രി അറിയിച്ചു.


◾ വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ  വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചതോടെ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടപടുമെന്നും മന്ത്രി പറഞ്ഞു.


◾ പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പരാതിക്കാരന്‍  ഇഡിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കി. കേസില്‍ പരമാവധി തെളിവുകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടതായി ജയിസണ്‍ പാനികുളങ്ങര പറഞ്ഞു. വിദേശത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പണം പിരിച്ചുവെന്ന് സതീശന്‍ സമ്മതിക്കുന്ന വീഡിയോ ഇഡിക്ക് മുന്നില്‍ ഹാജരാക്കിയെന്നും ജയിസണ്‍ പറഞ്ഞു.


◾ വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നീക്കമാണെന്ന് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വഖഫ് കൗണ്‍സിലിന്റെ അധികാരം കവര്‍ന്നെടുക്കുന്ന ഭേദഗതിയാണ് കേന്ദ്രം കൊണ്ടുവരുന്നതെന്നും നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും കാന്തപുരം പ്രസ്താവനയിറക്കി ആവശ്യപ്പെട്ടു. മുസ്ലിം ആരാധനാലയങ്ങളും വഖഫ് സ്വത്തുക്കളും 'തര്‍ക്കഭൂമി'കളാക്കാന്‍ വലിയ ഗൂഢാലോചനകള്‍ നടക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഈ നീക്കം ദുരൂഹമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.


◾ ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടില്‍ നിന്നാണ് വഖഫ് ഭേദഗതി ബില്ലിന് രൂപം നല്‍കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വഖഫ് സ്വത്തുകളില്‍ നിന്നുള്ള വരുമാനം മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനാണ് ഉപയോഗിക്കേണ്ടതെന്നും അതിന് വിരുദ്ധമായ കൈകടത്തലുകള്‍ നമ്മുടെ രാജ്യത്തിന്റെ മതേതരനിലപാടുകള്‍ക്ക് കളങ്കമാണെന്നും സുധാകരന്‍ വ്യക്തമാക്കി.


◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ റിപ്പോര്‍ട്ട് ഒരു മാര്‍ഗരേഖയാകുമെന്നാണ് കമ്മീഷന്റെ നിലപാട്. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്യൂസിസിയേയും വനിതാ കമ്മീഷനൊപ്പം കേസില്‍ കക്ഷി ചേരാന്‍ കോടതി അനുവദിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈക്കോടതി ഉത്തരവിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.



◾ കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ പിറന്നാള്‍ ആഘോഷം പത്തനംതിട്ടയില്‍  സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം നടുറോഡില്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ മലയാലപ്പുഴ പൊലീസ് കേസെടുത്തു.  നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചതിനാലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.


◾ സിപിഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി. തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയെ ഏരിയാ സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റി. ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഏരിയാ സെക്രട്ടറിയുടെ ചുമതല താത്കാലികമായി സതീഷ് കുമാറിന് നല്‍കി.


◾ തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്‍കുന്ന സ്ത്രീകളെ  മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.


◾ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്  പുറപ്പെടുന്ന യാത്രക്കാര്‍ ഈ മാസം 20 വരെ നേരത്തെ എത്തണമെന്ന്  അധികൃതര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.


◾ പത്താം ക്ലാസില്‍    2026-27 അക്കാദമിക വര്‍ഷം മുതല്‍   സബ്ജക്ട് മിനിമം നടപ്പിലാക്കും. 2024-25 അക്കാദമിക വര്‍ഷം എട്ടാം ക്ലാസിലും 2025-26 അക്കാദമിക വര്‍ഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വര്‍ഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ജനകീയ പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിപാടി രൂപീകരിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.


◾ സംസ്ഥാനത്ത് ഇക്കൊല്ലം ഓണപരീക്ഷ സെപ്റ്റംബര്‍ 3 മുതല്‍ 12 വരെയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. എട്ടാം ക്‌ളാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്നും അറിയിപ്പിലുണ്ട്.


◾ യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തില്‍ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തു. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോ കോള്‍ ചെയ്ത തട്ടിപ്പുസംഘം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് അറിയിച്ച് സ്വന്തം അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപ തട്ടിയെടുത്തെന്നാണ് പരാതി.


◾ കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം മുന്‍ ക്ലാര്‍ക്ക് അഖില്‍ സി വര്‍ഗീസ് നടത്തിയ 3 കോടി രൂപയുടെ തട്ടിപ്പ്  കണ്ടെത്തി. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെന്‍ഷന്‍ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതല്‍ 2023 വരെയാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. വൈക്കം നഗരസഭയിലാണ് ഇപ്പോള്‍ അഖില്‍ ജോലി ചെയ്യുന്നത്. കൊല്ലം സ്വദേശിയായ ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.



◾ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. പതിനൊന്നാം തീയതി വരെ 14 ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.


◾ മഹാരാഷ്ട്രയിലെ പൂനയില്‍ 68 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേര്‍ മരിച്ചു. അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ സ്ഥരീകരണം.


◾ അമ്മയുടെ കൈ പിടിച്ച് റോഡിലൂടെ നടന്ന് പോകവെ അഞ്ചാം നിലയില്‍ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ  മൂന്നു വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയില്‍ അമൃത് നഗറിലെ ചിരാഗ് ബില്‍ഡിങ്ങിന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.


◾ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന വിവാദത്തില്‍. പുറമെ സമാധാനപരമാണെങ്കിലും ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലുമുണ്ടാകുമെന്ന ഖുര്‍ഷിദിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇന്ത്യക്കൊപ്പമാണെന്ന് പറയുമ്പോഴും ജനങ്ങളെ പ്രകോപിപ്പിച്ച് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല പറഞ്ഞു.


◾ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിക്ക് എതിരെ നടത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്വന്തം ചെലവില്‍ പ്രമുഖ പത്രങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന് സുപ്രീംകോടതി. പതഞ്ജലി കേസില്‍ ഐഎംഎ പ്രസിഡന്റ് ഡോ. ആര്‍ വി അശോകന്‍ സുപ്രീംകോടതിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി.


◾ ശിവസേന യു ടി ബി വിഭാഗം നേതാവ് ഉദ്ദവ് താക്കറേ ദില്ലിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. . മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മകന്‍ ആദിത്യ താക്കറെക്കൊപ്പം ദില്ലിയിലെത്തിയ ഉദ്ദവ് മല്ലികാര്‍ജുന്‍ ഖര്‍ഗേയുടെ വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരുമായും ചര്‍ച്ച നടത്തി.


◾ ബംഗ്ലാദേശില്‍ നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇന്ന് ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറും. സര്‍ക്കാരിനെ നയിക്കാന്‍ സമ്മതിച്ച മുഹമ്മദ് യൂനുസ് ഇന്ന് പാരിസില്‍ നിന്ന് ധാക്കയില്‍ മടങ്ങിയെത്തും.


◾ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കോച്ച് എം. മനുവിനെതിരെ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ .  ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് എഫ് ഐ ആര്‍ . 2018 മുതല്‍ ഇയാളുടെ അതിക്രമത്തിന് ഇരയായെന്നാണ് പെണ്‍കുട്ടികളുടെ പരാതി.


◾ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 110 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ. ഇതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായി.  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 138 റണ്‍സിന് പുറത്താവുകയായിരുന്നു.


◾ വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാഭായ് ചാനുവിന് നാലാംസ്ഥാനം. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് താരത്തിന് മെഡല്‍ നഷ്ടപ്പെട്ടത്. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്കും മെഡല്‍ നേടാനായില്ല. 11-ാം സ്ഥാനത്താണ് അവിനാഷ് ഫിനിഷ് ചെയ്തത്.


◾ യു.പി.ഐയുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം ചെലവഴിക്കുന്നത് വര്‍ധിക്കുകയാണ്. ഇത്തരം പണമിടപാട് 10,000 കോടി രൂപ കടന്നതായി നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യു.പി.ഐയില്‍ ചെറിയ തുകകള്‍ വായ്പകള്‍ നല്‍കുന്ന സേവനത്തെ ക്രെഡിറ്റ് ലൈന്‍ എന്നാണ് പറയുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കാണ് ഏറ്റവും കൂടുതല്‍ യു.പി.ഐ ക്രെഡിറ്റ് ലൈന്‍ വിതരണം ചെയ്തിരിക്കുന്നത്. 200 കോടി രൂപ വരെ ക്രെഡിറ്റ് ലൈന്‍ ചെലവാക്കലുകള്‍ മാസം നടക്കുന്നുണ്ട്. എന്‍.പി.സി.ഐ 2022 നവംബറിലാണ് ക്രെഡിറ്റ് കാര്‍ഡ് ഫീച്ചര്‍ ആരംഭിച്ചത്. ഉപയോക്താവിന് അവരുടെ ക്രെഡിറ്റ് കാര്‍ഡ് യു.പി.ഐ ആപ്പില്‍ ലിങ്ക് ചെയ്യാവുന്ന സവിശേഷതയാണ് ഇത്. പേയ്‌മെന്റുകള്‍ ആ മാസത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്ലിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുക. ഒട്ടേറെ ബാങ്കുകള്‍ ഈ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയും ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. യു.പി.ഐ ഉപയോഗിച്ച് 20.64 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് ജൂലൈയില്‍ രാജ്യത്ത് നടന്നത്. 20.07 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ആയിരുന്നു ജൂണില്‍ നടന്നത്. മൊത്തം യു.പി.ഐ ഇടപാടുകളുടെ എണ്ണം ജൂണിലെ 13.89 ബില്യണില്‍ നിന്ന് ജൂലൈയില്‍ 14.44 ബില്യണായും ഉയര്‍ന്നു.



◾ മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ പൂജ തമിഴ്‌നാട് രാമനാഥപുരത്ത് നടന്നു. എമ്പുരാനു ശേഷം മുരളി ഗോപി എഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയെന്‍ കൃഷ്ണകുമാര്‍ ആണ്. ആര്യയാണ് ഈ മലയാള തമിഴ് ചിത്രത്തില്‍ നായകനായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിഖില വിമല്‍, ശാന്തി ബാലകൃഷ്ണന്‍, സരിത കുക്കു, ഇന്ദ്രന്‍സ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കര്‍, ശരത് അപ്പാനി, തരികിട സാബു, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടിയാന്‍ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക്ശേഷം മുരളീ ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പര്‍ ഹിറ്റ് തമിഴ് സിനിമ മാര്‍ക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമതു സിനിമയാണിത്.


◾ തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികാ നടിമാരില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ഒരു വെബ് സിരീസില്‍ അഭിനയിച്ചതിന് സാമന്ത വാങ്ങിയ പ്രതിഫലം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ നവംബര്‍ 7 ന് സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന പുതിയ സിരീസ് സിറ്റാഡെല്‍: ഹണി ബണ്ണിയില്‍ ഹണിയായി എത്തുന്നത് സാമന്തയാണ്. വരുണ്‍ ധവാന്‍ ആണ് ബണ്ണി. അമേരിക്കന്‍ സിരീസ് ആയ സിറ്റാഡെലിന്റെ സ്പിന്‍ ഓഫ് ആണ് ഈ ഹിന്ദി സിരീസ്. രാജും ഡികെയും ചേര്‍ന്ന് ഒരുക്കുന്ന ഈ സിരീസില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി റൂസ്സോ ബ്രദേഴ്സും എത്തുന്നുണ്ട്. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കോടി ആണത്രെ ഈ സിരീസില്‍ സാമന്ത വാങ്ങുന്ന പ്രതിഫലം. സിനിമകളില്‍ സാധാരണയായി 3 കോടിയാണ് സാമന്ത വാങ്ങാറെന്ന് സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പുഷ്പയിലെ ഹിറ്റ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതിന് 5 കോടി പ്രതിഫലമായി വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സ്പൈ ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിറ്റാഡെലില്‍ കെ കെ മേനോന്‍, സിമ്രാന്‍, സോഹം മജൂംദാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2022 ല്‍ റൂസ്സോ ബ്രദേഴ്സ് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. പ്രൈം വീഡിയോയുടെ തന്നെ ദി ഫാമിലി മാന്‍: സീസണ്‍ 2 ലും സാമന്ത അഭിനയിച്ചിരുന്നു. രാജലക്ഷ്മി ശേഖരന്‍ എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്.


◾ വെന്യു സബ്‌കോംപാക്റ്റ് എസ്യുവിയുടെ പുതിയതും താങ്ങാനാവുന്നതുമായ എസ്(ഒ)+ വേരിയന്റ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ചു. ഇലക്ട്രിക് സണ്‍റൂഫ് ഘടിപ്പിച്ച ഹ്യുണ്ടായ് വെന്യു എസ്(ഒ)+ വേരിയന്റാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയത്. ഹ്യുണ്ടായ് വെന്യു എസ്(ഒ)+ വേരിയന്റ് 9,99,900 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്. ഇലക്ട്രിക് സണ്‍റൂഫിന് പുറമെ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ , ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവയുമായാണ് പുതിയ വെന്യു എസ്(ഒ)+ വേരിയന്റില്‍ വരുന്നത്. പുതിയ ഹ്യുണ്ടായ് വെന്യു എസ്(ഒ)+ വേരിയന്റ് 120 ബിഎച്പിക്ക് പര്യാപ്തമായ 1.2ലി, ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഓഫര്‍ ട്രാന്‍സ്മിഷന്‍.


◾ കഥയും കവിതയുമെഴുതുന്ന എഴുത്തുകാരിയാണ് മഞ്ജുവൈഖരി, 'ബോധി ധാബ' ആദ്യത്തെ കഥാസമാഹാരമാണ്. ജീവിതത്തിലേക്കും സമൂഹത്തിലേക്കുമുള്ള സൂക്ഷ്മമായ ചില നോട്ടങ്ങളാണ് ഇതിലെ കഥകളില്‍ ഉള്‍ക്കൊള്ളുന്നത്. യഥാതഥമായും പ്രതികാത്മകമായും ജീവിതം ആവിഷ്‌കരിക്കപ്പെടുന്നു. ജീവിതത്തിന്റെ നാനാമേഖലകളെ സ്പര്‍ശിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ആധുനികകാലത്തെ മധ്യവര്‍ഗജീവിതവും ദാമ്പത്യവും പ്രണയവുമെല്ലാം ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു. 'ബോധി ധാബ'. മഞ്ജുവൈഖരി. തിങ്കള്‍ ബുക്സ്. വില 152 രൂപ.



◾ സാധാരണയെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള മസ്തിഷ്‌ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകാമെന്ന് പഠനം. വര്‍ഷങ്ങള്‍ സമയമെടുത്താണ് സെറിബ്രല്‍ കോര്‍ട്ടെക്‌സ് ഭാഗത്തുള്ള മസ്തിഷ്‌ക കോശങ്ങള്‍ അല്ലെങ്കില്‍ ന്യൂറോണുകള്‍ പൂര്‍ണ്ണമായി പക്വത പ്രാപിക്കുന്നത്. നിയോട്ടെനി എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ മനുഷ്യരില്‍ വിപുലമായ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിര്‍ണായകമാണ്. എസൈ്വഎന്‍ജിഎപി1 എന്ന ജീന്‍ ആണ് ഈ ന്യൂറോണുകളുടെ ദീര്‍ഘകാല വികാസത്തെ പ്രോത്സാഹിപ്പിക്കുന്നത്. ബെല്‍ജിയത്തിലെ ഫ്ലെമിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയിലെ ഗവേഷകര്‍, എസൈ്വഎന്‍ജിഎപി1 എന്ന ജീനിനുണ്ടാകുന്ന മ്യൂട്ടേഷന്‍ നീണ്ടുനില്‍ക്കുന്ന ഈ വികാസത്തെ തടസപ്പെടുത്തുന്നതായി കണ്ടെത്തി. ഇത് ചില തരത്തിലുള്ള ബൗദ്ധിക വൈകല്യങ്ങള്‍ക്കും ഓട്ടിസത്തിനും കാരണമായേക്കാമെന്നാണ് പഠനം ചൂണ്ടിക്കാാണിക്കുന്നത്. ബൗദ്ധിക വൈകല്യങ്ങള്‍ എന്നത് ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെ രണ്ട് തരത്തില്‍ ബാധിക്കുന്ന ഒരു കൂട്ടം ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥകളെ സൂചിപ്പിക്കുന്നു. ഒന്ന്- പഠനവും പ്രശ്‌നപരിഹാരവും ഉള്‍പ്പെടെയുള്ള കോഗ്നിറ്റീവ് (ചിന്ത) പ്രക്രിയകള്‍. രണ്ട്- ആശയവിനിമയം, സാമൂഹികമായിരിക്കുക തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന അഡാപ്റ്റീവ് പ്രക്രിയകള്‍. എന്നാല്‍ ഓട്ടിസം ഒരു ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡറാണ്. പരിവര്‍ത്തനം നടത്തിയ എസൈ്വഎന്‍ജിഎപി1 ജീനുകള്‍ എലികളില്‍ പരീക്ഷിച്ചാണ് പഠനം നടത്തിയത്. എലികളില്‍ പരിവര്‍ത്തനം ചെയ്ത ജീനുകള്‍ വളരെ വേഗത്തില്‍ വളരുന്നതാണ് കാണപ്പെട്ടു. പരിവര്‍ത്തനം ചെയ്ത ന്യൂറോണുകള്‍ കോര്‍ട്ടിക്കല്‍ മേഖലയിലുള്ളവയുമായി വേഗത്തില്‍ ലയിക്കുകയും അവയുടെ സാധാരണ വളര്‍ച്ചയെ വേഗത്തലാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതായി ന്യൂറോണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക