ഫോണ്‍ വാങ്ങിയതിന് പാർട്ടി നല്‍കാത്തതിനെ തുടർന്ന് 16 കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. ഈസ്റ്റ് ഡല്‍ഹിയിലെ ഷാകർപൂരിലാണ് സംഭവം.
വഴിയരികില്‍ കുത്തേറ്റു കിടന്ന 16 കാരനെ പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊല്ലപ്പെട്ട ആണ്‍കുട്ടിയും കൂട്ടുകാരനും ചേർന്ന് പുതിയ ഫോണ്‍ വാങ്ങിയശേഷം വീട്ടിലേക്ക് വരികയായിരുന്നു. വഴിമധ്യേ മറ്റു മൂന്നു ആണ്‍കുട്ടികള്‍ ഇവരെ തടഞ്ഞുനിർത്തി. പുതിയ ഫോണ്‍ വാങ്ങിച്ചത് ആഘോഷിക്കാനായി പാർട്ടി നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാല്‍, 16കാരൻ വഴങ്ങിയില്ല. ഇതിനെ തുടർന്നുണ്ടായ കയ്യാങ്കളിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ പുറകില്‍ രണ്ടു തവണയാണ് കുത്തേറ്റതെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവിയുടെ സഹായത്തോടെ പ്രതികളായ മൂന്നുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായ മൂന്നുപേരും പ്രായപൂർത്തിയാകാത്തവരാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇവരുടെ പക്കല്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.