Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (19/09/2024)

 



2024 | സെപ്റ്റംബർ 19 | വ്യാഴം | കന്നി 3


◾  ലെബനനില്‍ ഇന്നലെയും ഹിസ്ബുള്ള ശക്തി കേന്ദ്രങ്ങളില്‍ സ്ഫോടന പരമ്പരകള്‍. ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത് മൂവായിരത്തോളം പേജറുകള്‍ എങ്കില്‍ ഇന്നലെ പൊട്ടിത്തെറിച്ചത് വാക്കി ടോക്കികളും പോക്കറ്റ് റേഡിയോകളുമാണ്. ഇന്നലത്തെ സ്‌ഫോടനങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പേജറുകള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചത്തെ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും ഇന്നലെ പൊട്ടിത്തെറികള്‍ ഉണ്ടായി. പരിക്കേറ്റവരുമായി ആംബുലന്‍സുകള്‍ ചീറിപ്പായുന്ന ദൃശ്യമാണ് ഇപ്പോള്‍ ലെബനോനില്‍ എല്ലായിടത്തും കാണാന്‍ കഴിയുന്നത്. രണ്ടാം ദിവസവും രാജ്യമെങ്ങും സ്ഫോടന പരമ്പര ആവര്‍ത്തിച്ചതോടെ ജനങ്ങള്‍ ഭയചകിതരാണെന്നും പലയിടത്തും ആളുകള്‍ പേടി കാരണം മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു കളയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


◾  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബില്‍ കൊണ്ടുവരാനാണ് തീരുമാനം.


◾  രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്താനുള്ള നീക്കത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്നത് ജനാധിപത്യത്തെ ഊര്‍ജ്ജസ്വലമാക്കുന്നതും എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കുന്നതുമായ സുപ്രധാനമായ ചുവടുവെപ്പാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.


◾  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് ഇതെന്നും നടപ്പാക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


◾  ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാറിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന  നിലപാടിനു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.


◾  ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  ഇത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ലെന്നും ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


◾  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന മന്ത്രിസഭകളെ കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യത്തിന് വിധേയമാക്കുന്നതിനുള്ള നീക്കം പ്രാദേശിക പാര്‍ട്ടികളെ അപ്രസക്തമാക്കുന്നതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്ക്. മന്ത്രിസഭ അംഗീകരിച്ചാലും ഭരണഘടനാ ഭേദഗതിക്ക് വേണ്ട ഭൂരിപക്ഷം എന്‍ഡിഎക്ക് ഇപ്പോഴില്ലെന്നും തോമസ് ഐസക് അദ്ദേഹം ചൂണ്ടിക്കാട്ടി.


◾  മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു.  എംപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദുബായില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്.


◾  ദുബായില്‍ നിന്നും കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്ക് എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു. ഏതെങ്കിലും രീതിയിലുളള  ലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


◾  സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അഞ്ചുലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ മാറിനല്‍കില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും.


◾  ഇന്നലെ പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.


◾  തൃശൂരില്‍ ഓണാഘോഷത്തിന് പുലികളിയോടെ സമാപനം. തൃശൂര്‍ നഗരത്തിനെ ആവേശത്തിലാഴ്ത്തി ഏഴ് ദേശങ്ങളില്‍ നിന്നുള്ള മുന്നൂറിലേറെ പുലികള്‍ ഇന്നലെ പട്ടണം കൈയടക്കി . സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനിലിലെത്തിയ പാട്ടുരായ്ക്കല്‍ ദേശത്തിന്റെ വരവോടെ പുലികളി ആരംഭിച്ചു. ആവേശം നിറഞ്ഞ താളത്തിനൊത്ത് ചുവടുവെക്കാന്‍ കൂട്ടത്തില്‍ കുഞ്ഞിപ്പുലികളും പെണ്‍പുലികളുമുണ്ടായിരുന്നു. പുലിക്കളിയില്‍ വിയ്യൂര്‍ ദേശം യുവജനസംഘത്തിനാണ് ഒന്നാംസ്ഥാനം. കാനാട്ടുകര ദേശം രണ്ടാംസ്ഥാനം നേടിയപ്പോള്‍ സീതാറാം മില്‍ ദേശം മൂന്നാംസ്ഥാനം നേടി.


◾  ചരിത്ര പ്രസിദ്ധമായ ആറന്മുള - ഉത്രട്ടാതി ജലമേളയില്‍ കോയിപ്രവും കോറ്റാത്തൂര്‍-കൈതക്കൊടി പള്ളിയോടവും ജേതാക്കള്‍. എ ബാച്ചില്‍ കോയിപ്രവും,ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടിയും മന്നം ട്രോഫി നേടി .എ ബി ബാച്ചുകളിലായി 49 വള്ളങ്ങള്‍ മത്സരത്തിനിറങ്ങി. 51 പള്ളിയോടങ്ങള്‍ ജല ഘോഷയാത്രയിലും പങ്കെടുത്തു. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി നടന്നത്. ജലമേളയ്ക്ക് പകിട്ടേകി നേവിയുടെ അഭ്യാസ പ്രകടനവും കലാരൂപങ്ങളും ദൃശ്യാവിഷ്‌കാരവും പമ്പയാറ്റില്‍ നടന്നു.


◾  ലിഫ്റ്റ് തകരാറിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍  രോഗികളെ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.


◾  ഓണക്കാലത്ത് സംസ്ഥാനത്തെ   മദ്യ വില്‍പ്പന ഉയര്‍ന്നു. ബെവ്ക്കോ വഴിയുള്ള വില്‍പ്പന പ്രകാരം ഈ മാസം ആറു മുതല്‍ 17 വരെ  818.21 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഓണം മദ്യ വില്‍പ്പന ഏറ്റവും കൂടുതല്‍ നടന്നത് തിരൂര്‍ ബെവ്കോ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.


◾  തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന പി ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി ജയരാജന്‍ പറയുന്നതു പോലെ ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച് ആധികാരികമായ വിവരങ്ങളോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടോ ഉണ്ടോയെന്നും സതീശന്‍ ചോദിച്ചു.


◾  കേരളം തീവ്രവാദ സംഘങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയാത്ത സ്ഥലമാണെന്നും അതിനായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും സിപിഎം നേതാവ്  ഇപി ജയരാജന്‍. കേരളത്തിലെ യുവാക്കള്‍ മതഭീകരവാദ സംഘടനയുടെ ഭാഗമാകുന്നുവെന്ന പി ജയരാജന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഇ പിയുടെ മറുപടി.


◾  ഐഎസിലേക്ക് ഇപ്പോള്‍ കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതായി താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പൊളിറ്റിക്കല്‍ ഇസ്ലാം പ്രസ്താവന അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചാണെന്നും പി ജയരാജന്‍. മുമ്പ് വിരലില്‍ എണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തു എന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും എന്നാല്‍ ആഗോള സമാധാനത്തിന്റെ യഥാര്‍ത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമെന്ന വാചകത്തോട് ശക്തമായ വിയോജിപ്പാണുള്ളതെന്നും ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാട് കാണാതിരിക്കലെന്നും ജയരാജന്‍ പ്രതികരിച്ചു.


◾  വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായധനം വിതരണം ചെയ്തു തുടങ്ങി. ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേര്‍ക്ക് സംസ്ഥാന ദുരന്തനിവാരണഫണ്ടില്‍ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.


◾  ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കാന്‍ തീരുമാനം. മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കമുള്ളവര്‍ക്കായി തെരച്ചില്‍ നടത്താന്‍ കാര്‍വാര്‍ തുറമുഖത്ത് നിന്ന് ഇന്ന് രാവിലെ പുതിയ ഗംഗാവലി പാലത്തിന് സമീപം ഡ്രഡ്ജര്‍ എത്തിക്കും. വേലിയിറക്ക സമയത്ത് ഡ്രഡ്ജര്‍ നടപടികള്‍ തുടങ്ങാനാണ് തീരുമാനം. നാവിക സേന ഇന്ന് പുഴയിലെ ഒഴുക്കും അടിത്തട്ടില്‍ സോണാര്‍ പരിശോധനയും നടത്തും.  


◾  മൈനാഗപ്പള്ളി കാര്‍ അപകടത്തിലെ  പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി തള്ളി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയെയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.


◾  വിമാനത്തിനകത്തുവച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍.പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയില്‍ നിന്നുള്ള യാത്രയില്‍ ഫ്ളൈ ദുബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസിനോടാണ് അപമര്യാദയായി പെരുമാറിയത്. എയര്‍ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്ന് വിമാനത്തി ല്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


◾  ഓണക്കാലത്ത് സപ്ലൈകോ വില്‍പനശാലകളില്‍ 123.56 കോടി രൂപയുടെ വിറ്റുവരവ്. ഇതില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വില്‍പനയിലൂടെ നേടിയതാണ്. സബ്‌സിഡിയിതര ഇനങ്ങളുടെ വിറ്റുവരവില്‍ 56.73 കോടി രൂപ ലഭിച്ചു.സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 ഉത്രാട ദിവസം വരെയുള്ള കണക്കാണ് സപ്ലൈകോ പുറത്തുവിട്ടിരിക്കുന്നത്.


◾  രാജ്യത്തെ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ വെറും 99 രൂപക്ക് സിനിമ കാണാന്‍ നാളെ അവസരം. ദേശീയ ചലച്ചിത്ര ദിനം എന്ന പേരില്‍ മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ഈയൊരു അവസരം ഒരുക്കുന്നത്. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളുടെ 4000 ല്‍ അധികം സ്‌ക്രീനുകളില്‍ നാളെയാണ് ഈ ഓഫര്‍ ലഭ്യമാകുക.


◾  പശ്ചിമബംഗാളിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച എട്ട് ആവശ്യങ്ങളില്‍ ഏഴെണ്ണെവും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ രേഖാമൂലം കൈമാറാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിനാല്‍ ചര്‍ച്ച പരാജയപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ രേഖാമൂലം പുറപ്പെടുവിക്കുന്നതുവരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


◾  ഹരിയാനയില്‍ സ്ത്രീകള്‍, വയോധികര്‍,യുവജനങ്ങള്‍ എന്നിവരെ പരിഗണിച്ചുളള വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപയും, ഗ്യാസ് സിലിണ്ടറിന് 500 രൂപയും നല്‍കും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. നിരവധി പദ്ധതികളാണ് ഹരിയാനയ്ക്കായി കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.


◾  റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു. അതേസമയം യുക്രൈന്റെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെന്ന് റഷ്യ അവകാശപ്പെട്ടു.


◾  ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. കശ്മീര്‍ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി വിലയിരുത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളോടുള്ള അമര്‍ഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.


◾  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാര്യമായ സംഭാവനകള്‍ ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.


◾  മ്യാന്മറുമായുള്ള അതിര്‍ത്തി പൂര്‍ണമായി വേലികെട്ടി അടയ്ക്കാന്‍ ഇന്ത്യ. 1,643 കിലോമീറ്റര്‍ നീളത്തിലാണ് വേലികെട്ടുക. അനധികൃത ആയുധക്കടത്തിന്റേയും മയക്കുമരുന്ന് കടത്തിന്റേയും പേരില്‍ കുപ്രസിദ്ധി നേടിയ മ്യാന്മര്‍ അതിര്‍ത്തിയാണ് ഇന്ത്യ അടച്ചുപൂട്ടുന്നത്.


◾  ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് കിരീടം. ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊല്ലം കിരീടം സ്വന്തമാക്കിയത്. കാലിക്കറ്റ് ഉയര്‍ത്തിയ  214 റണ്‍സ് വിജയലക്ഷ്യം കൊല്ലം 19.1 ഓവറില്‍ നാലു  വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം മറികടന്നു. 54 പന്തില്‍ നിന്ന് പുറത്താകാതെ 105 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ഇന്നിംഗ്സാണ് കൊല്ലത്തിനു വമ്പന്‍ ജയം സമ്മാനിച്ചത്.


◾  10 കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ വര്‍ധനവ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സമ്പന്നരായ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധന രേഖപ്പെടുത്തി. വാര്‍ഷിക വരുമാനം 10 കോടി രൂപയിലധികമുളള ഏകദേശം 31,800 വ്യക്തികളാണ് ഇപ്പോള്‍ ഇന്ത്യയിലുളളത്. പ്രതിവര്‍ഷം 5 കോടിയിലധികം സമ്പാദിക്കുന്ന വ്യക്തികളുടെ എണ്ണം 58,200 ആയും ഉയര്‍ന്നിട്ടുണ്ട്. 49 ശതമാനം വര്‍ധനയാണ് ഇത്. പ്രതിവര്‍ഷം 50 ലക്ഷം രൂപയില്‍ കൂടുതല്‍ സമ്പാദിക്കുന്ന ആളുകളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 10 ലക്ഷം ആളുകളാണ് ഈ വരുമാന നിലവാരത്തിലെത്തിയത്. സമ്പന്നരായ വ്യക്തികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ഉയര്‍ന്ന വരുമാനക്കാരുടെ സഞ്ചിത വരുമാനത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. പ്രതിവര്‍ഷം 10 കോടി രൂപയിലധികം സമ്പാദിക്കുന്നവരുടെ സഞ്ചിത വരുമാനം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 38 ലക്ഷം കോടി രൂപയിലാണ് എത്തിയിരിക്കുന്നത്.


◾  ടി ജെ ജ്ഞാനവേല്‍ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'വേട്ടൈയന്‍' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. പാട്രിക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്റെ ഏറ്റവും പ്രധാന യുഎസ്പി. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഒക്ടോബര്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തും.


◾  താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ ട്രെന്‍ഡ് ആയി മാറിയ 'വാഴ' സിനിമ ഇനി ഒ.ടി.ടിയിലേക്ക്. നാല് കോടി ബജറ്റില്‍ ഒരുക്കിയ വാഴ 40 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയ കളക്ഷന്‍. ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രം സെപ്റ്റംബര്‍ 23ന് ആണ് ഒ.ടി.ടിയില്‍ എത്തുന്നത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും. ഹാഷിര്‍, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിച്ച 'വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്' സംവിധായകന്‍ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോനാണ് സംവിധാനം ചെയ്തത്. ചിത്രം വലിയ വിജയമായതോടെ 'വാഴ 2' എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തില്‍ ഹാഷിറേ ടീം നായകരാകുന്ന രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു.


◾  റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 പുതിയ കളര്‍ ഓപ്ഷനില്‍ പുറത്തിറക്കി. 'ബറ്റാലിയന്‍ ബ്ലാക്ക്' എന്നാണ് ഈ പുതിയ നിറത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ഈ പുതിയ നിറത്തില്‍, ഈ ബൈക്ക് ബ്ലാക്ക് ഷേഡില്‍ മാത്രം അഞ്ച് കളര്‍ ഓപ്ഷനുകളില്‍ വരുന്നു. ഈ പുതിയ കളര്‍ വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.75 ലക്ഷം രൂപയാണ്. ഇത് ഇതിനകം നിലവിലുള്ള മിലിട്ടറി ബ്ലാക്ക് നിറത്തേക്കാള്‍ ഏകദേശം 1,000 രൂപ കൂടുതലാണ്. പുതിയ 'ബറ്റാലിയന്‍ ബ്ലാക്ക്' കളര്‍ ഉള്‍പ്പെടുത്തിയതിന് ശേഷം, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇപ്പോള്‍ മൊത്തം അഞ്ച് ബ്ലാക്ക് കളര്‍ ഷേഡുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും. പുതിയ ബുള്ളറ്റില്‍ കറുപ്പ് നിറത്തിന് പുത്തന്‍ ഷേഡ് നല്‍കിയതല്ലാതെ അതില്‍ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ഇതിന്റെ എഞ്ചിന്‍ മെക്കാനിസവും ഫീച്ചറുകളും മറ്റും പഴയതുപോലെ തന്നെ തുടരുന്നു.


◾  കേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ കഥ. രണ്ടു ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസര്‍മാരടങ്ങിയ സംഘത്തോട് സംസാരിച്ചും കോടതിരേഖകളും വിധിന്യായവും ഉപയോഗിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത, ഒരു ക്രൈം ത്രില്ലര്‍പോലെ വായിച്ചുപോകാം എന്നതാണ്. ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകം. 'ചേലേമ്പ്ര ബാങ്ക് കവര്‍ച്ച'. പരിഭാഷ - സൈഫ് മുഹമ്മദ്. മാതൃഭൂമി. വില 348 രൂപ.


◾  സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക