ആരോഗ്യം നിലനിർത്താനായി ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍, ചെറിയൊരു തെറ്റ് മതി ഈ ഗുണങ്ങള്‍ക്ക് പകരം ദോഷം സംഭവിക്കാൻ.
പ്രത്യേകിച്ച് ഇവ വൃത്തിയാക്കുന്ന കാര്യത്തില്‍. പച്ചക്കറികളും പഴങ്ങളും ശരിയായി വൃത്തിയാക്കാതെ കഴിച്ച് ഓരോ വർഷവും പത്തില്‍ ഒരാള്‍ രോഗബാധിതരാകുന്നതായി റിപ്പോർട്ട്.
മാംസാഹാരങ്ങള്‍ കഴിച്ച് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന കാര്യം എല്ലാവർക്കുമറിയാം. എന്നാല്‍, ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകാൻ കാരണം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെയാണ്. തുറസായ സ്ഥലങ്ങളില്‍ വച്ചിരിക്കുന്നതിനാല്‍ അഴുക്ക്, ബാക്‌ടീരിയ, ഫംഗസ്, വൈറസുകള്‍, കീടനാശിനികള്‍ തുടങ്ങിയവയുടെ അംശം ഇവയില്‍ പറ്റിപ്പിടിച്ചിരിക്കാം. അതിനാല്‍, പുറത്ത് നിന്നും വാങ്ങുന്ന പച്ചക്കറികള്‍ നന്നായി വൃത്തിയാക്കി ഉപയോഗിക്കേണ്ടതുണ്ട്.
എങ്ങനെ വൃത്തിയാക്കാം?
ആദ്യം നിങ്ങളുടെ കൈ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ശേഷം പഴങ്ങളും പച്ചക്കറികളും പൈപ്പിനടിയില്‍ വച്ച് കൈകൊണ്ട് വൃത്തിയാക്കുക. പുറമേ കാണുന്ന പൊടിയും അഴുക്കുമെല്ലാം പോകുന്നതുവരെ വൃത്തിയാക്കണം. ശേഷം ഒരു പാത്രത്തില്‍ വിനാഗിരിയും ഉപ്പും കലർത്തി അതില്‍ ഇറക്കി വയ്‌ക്കുക. ഇത് ബാക്‌ടീരിയയും കീടനാശിനികളും പോകാൻ സഹായിക്കും. രണ്ടോ മൂന്നോ മിനിട്ട് വേണം ഇവ വിനാഗിരി വെള്ളത്തിലിടാൻ. ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്. അധിക സമയം വച്ചുകഴിഞ്ഞാല്‍ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം ഉണ്ടാകുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
വെള്ളത്തില്‍ കുറച്ച് ബേക്കിംഗ് സോഡ ഇട്ട് അതില്‍ പച്ചക്കറികള്‍ 15 മിനിട്ട് ഇറക്കി വയ്‌ക്കുന്നതും നല്ലതാണ്. അതില്‍ കൂടുതല്‍ സമയം വയ്‌ക്കരുത്. പച്ചക്കറിയായാലും പഴങ്ങളായാലും അധിക സമയം വൃത്തിയാക്കിയാല്‍ അതിന്റെ സുഷിരങ്ങളിലൂടെ ഇവ കയറി സ്വാഭാവിക രുചി നഷ്‌ടപ്പെടാൻ കാരണമാകും.
അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയതനുസരിച്ച് കീടനാശിനികള്‍ക്ക് ആപ്പിളിന്റെ തൊലിക്കുള്ളില്‍ ആഴത്തില്‍ ഇറങ്ങിപ്പോകാൻ കഴിയുമെന്നാണ്. അതിനാല്‍ പുറമേ നന്നായി വൃത്തിയാക്കിയാലും ആപ്പിളിന്റെ തൊലി കളയുന്നത് നല്ലതാണ്. പോഷകങ്ങള്‍ നഷ്‌ടപ്പെടുമെന്ന് കരുതി ആരും പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയാറില്ല. മാത്രമല്ല, ചില പച്ചക്കറികളുടെ തൊലി കളയാനും ബുദ്ധിമുട്ടാണ്. അതിനാല്‍, പറ്റുന്നയെല്ലാം തൊലി കളഞ്ഞ് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങി മണ്ണിനടിയില്‍ നിന്നെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. തക്കാളി കുറഞ്ഞത് 30 സെക്കന്റെങ്കിലും പൈപ്പിനടിയില്‍ വച്ച് കഴുകണം. ചീര, ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് പോലുള്ളവയ്‌ക്കുള്ളില്‍ അഴുക്ക് പറ്റിപ്പിടിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. മാത്രമല്ല, കേടായ ഭാഗങ്ങള്‍ കളയേണ്ടതാണ്.
പഴങ്ങള്‍, ആപ്പിള്‍, വെള്ളരി എന്നിവയില്‍ സൂക്ഷ്‌മാണുക്കളും മെഴുക് കോട്ടിംഗും പറ്റിപ്പിടിക്കാൻ സാദ്ധ്യത കൂടുതലാണ്. കുറഞ്ഞത് ഒരു മിനിട്ടെങ്കിലും ഇവ പൈപ്പിന് ചുവട്ടില്‍ വച്ച് നന്നായി കഴുകി പുറംതൊലി കളഞ്ഞ് വേണം കഴിക്കാൻ. മുന്തിരി, സ്ട്രോബെറി പോലുള്ളവ കഴുകിയ ശേഷം ഫ്രിഡ്‌ജില്‍ വയ്‌ക്കരുത്. ഇത് കേടുവരാൻ കാരണമാകും. അല്ലെങ്കില്‍ കഴുകിയ ശേഷം ഒരു ടവല്‍ ഉപയോഗിച്ച് നന്നായി തുടച്ചശേഷം പാത്രത്തില്‍ അടച്ച് വയ്‌ക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നമ്മള്‍ ചെയ്യുന്ന ഒരു രീതിയിലൂടെയും സൂക്ഷ്‌മാണുക്കള്‍ പൂർണമായും നശിക്കില്ല. ഒരു പരിധിവരെ മാത്രമേ നമുക്ക് ഇത് നീക്കാൻ കഴിയൂ. 60ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടില്‍ മാത്രമേ ഇവ നശിപ്പിക്കാൻ സാധിക്കൂ.