മരുമകനെ ആസിഡ് ഒഴിച്ച് വെട്ടികൊന്ന കേസില്‍ അമ്മായി അച്‌ഛന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
കല്ലുവാതുക്കല്‍ നടയ്‌ക്കല്‍ ചേരിയില്‍ ഉത്രം വീട്ടില്‍ അരവിന്ദനെ(63)യാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്‌ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. അഞ്ചല്‍ കോട്ടയ്‌ക്കല്‍ ആലംകോട് രാഗേഷ് ഭവനില്‍ രാഗേഷി(33)നെയാണ് ഫോമിക് ആസിഡ് ഒഴിച്ചതിന് ശേഷം വെട്ടി കൊലപ്പെടുത്തിയത്.
2018 ഏപ്രില്‍ 16-നാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ മകള്‍ ആദ്യവിവാഹം വേര്‍പ്പെടുത്തിയതിന് ശേഷം രാഗേഷിനെ വിവാഹം ചെയ്‌തിരുന്നു.
വിവാഹം ആലോചിക്കുന്ന സമയവും വിവാഹാനന്തരവും രാഗേഷിന് തൊഴില്‍ കണ്ടെത്തുന്നതിന് പ്രതി സാമ്ബത്തിക സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. വിവാഹശേഷം വാഗ്‌ദാനത്തില്‍ നിന്നും പ്രതി പിന്‍തിരിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. 16ന് ഭാര്യയെയും മകളേയും കാണാനായി പ്രതിയുടെ വീട്ടിലെത്തിയ രാഗേഷിനെ റബര്‍ഷീറ്റ് വ്യാപാരിയായ പ്രതി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഫോമിക് ആസിഡ് രാഗേഷിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയും ചുറ്റിക കൊണ്ട് രാഗേഷിന്റെ തലയില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഏപ്രില്‍ 22ന് രാഗേഷ് മരിച്ചു.
കേസില്‍ ഭാര്യയായ എട്ടാം സാക്ഷി ആതിരയും കൃത്യം കണ്ട അയല്‍ക്കാരും പ്രതിക്ക് അനുകൂലമായി കോടതിയില്‍ കൂറുമാറിയിരുന്നു. രാഗേഷ് മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴി കേസിലെ നിര്‍ണായക തെളിവായി കോടതി സ്വീകരിച്ചു.
പാരിപ്പള്ളി പോലിസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസ് അന്വേഷിച്ചത് ഇന്‍സ്‌പെക്‌ടര്‍മാരായിരുന്ന എസ്. ഷെരീഫ്, പി. രാജേഷ് എന്നിവരാണ്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്‌ക്കല്‍ ഹാജരായി.