കേരളത്തില്‍ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരമായതിനാല്‍ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
ശരത് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പും മഹാനവമിയും വിജയ ദശമിയും ഇക്കുറി ചില വ്യത്യാസങ്ങളോടെ വരുന്നതിനാലാണ് ഇത്. മഹാലയ അമാവാസിക്ക് ശേഷമുള്ള അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലാണ് ശരത് നവരാത്രി ആചരിക്കുന്നത്. ഇക്കുറി മഹാലയ അമാവാസി ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ മൂന്നാണ് ശുക്ലപക്ഷ പ്രഥമ തിഥി. അന്ന് മുതല്‍ നവരാത്രി ആരംഭിക്കും.
സാധാരണഗതിയില്‍ 9 രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി ആചരണം വരിക. എന്നാല്‍ ഇത്തവണ ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പതിനൊന്നാം ദിവസത്തിലേക്ക് നീളുന്നു. ശരാശരി 60 നാഴിക അഥവാ 24 മണിക്കൂറാണ് ഓരോ തിഥിയും. ഇത്തവണ ഭൂരിപക്ഷം തിഥികള്‍ക്കും അല്‍പ്പം ദൈർഘ്യം കൂടുതലാണ്. അതിനാല്‍ പ്രഥമ മുതല്‍ നവമി വരെ ഓരോ തിഥിക്കും 24 മണിക്കൂറില്‍ കൂടുതല്‍ ദൈർഘ്യമുണ്ട്.
ഇത്തവണ ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് പൂജ വെച്ച് വെള്ളിയും ശനിയും കഴിഞ്ഞ് ഒക്ടോബർ 13 ഞായറാഴ്ച രാവിലെയാണ് പൂജ എടുക്കേണ്ടത്. കേരളത്തിലെ സർക്കാർ കലണ്ടർ ഉള്‍പ്പെടെ ഒട്ടു മിക്ക പ്രധാന കലണ്ടറുകളിലും ഒക്ടോബർ 10 ആണ് പൂജപൂജവെയ്പ്പായി നിർണ്ണയിച്ചിരിക്കുന്നത്. എന്നാല്‍ ഒക്ടോബർ 11 വെള്ളിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടില്ല. ആചാരപരമായ പ്രാധാന്യമുള്ള ഈ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ അനുസരിച്ച് പ്രധാന തീയതികള്‍ നിർണ്ണയിക്കുന്ന സന്ദർഭങ്ങളില്‍ അവധി നല്കിയ ചരിത്രം മുൻപ് കേരളത്തിലുണ്ട് താനും