2024 | ഒക്ടോബർ 30 | ബുധൻ | തുലാം 14 |
◾ നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും ഇന്നലെ രാത്രി പത്തുമണിയോടെ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്കോടി. ചില വീടുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. വീടുകളിലേക്കു തിരിച്ചു കയറാന്‍ ഭയന്ന നാട്ടുകാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനിടെ രാത്രി പതിനൊന്നോടെ വീണ്ടും വലിയ ശബ്ദമുണ്ടായി. എന്നാല്‍ രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്ത് പള്ളിക്കുന്നിലെ വനിത ജയിലിലേക്ക് മാറ്റി. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ ജയിലിലെത്തിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പി പി ദിവ്യ പോലീസ് കസ്റ്റഡിയില്‍ ആയത്. പി പി ദിവ്യ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്.
◾ പൊലീസിന് മുന്നില്‍ കീഴടങ്ങിയ പി പി ദിവ്യയെ ആദ്യം എത്തിച്ചത് ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. കീഴടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നത്. ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയില്‍ ഹാജരാക്കി. ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്നാണ് വിവരം. എന്നാല്‍ പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരും.
◾ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി ഉത്തരവില്‍ പിപി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകള്‍. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണെന്നും അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷണിച്ചിട്ടാണ് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.
◾ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരേയും സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. കൃത്യമായ നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നല്‍കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
◾ പി പി ദിവ്യയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണ് ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . അഴിമതിക്കാരനായി എഡിഎം നവീന്‍ ബാബുവിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദിവ്യ വിഐപി പ്രതിയാണെന്നുo, ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാര്‍ക്‌സിസ്റ്റ് ഗുണ്ടയായ പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടത്.
◾ നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് 101 പേര്‍ 13 വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് റവന്യു മന്ത്രി കെ. രാജന്‍. ഇതില്‍ 80 പേര്‍ വാര്‍ഡുകളിലും 21 പേര്‍ ഐസിയുവിലുമാണ്. ഐസിയുവില്‍ ഉള്ളവരില്‍ ഒരാളുടെ നില ഗുരുതരവും ഏഴ് പേര്‍ വെന്റിലേറ്ററിലുമാണ്.
◾ രണ്ട് എംഎല്‍എമാര്‍ക്ക് കൂറുമാറ്റത്തിനായി 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ വെച്ച് എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി അന്വേഷണം മാത്രമാണിത്, ആരോപണത്തില്‍ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
◾ സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.
◾ വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായില്ലെന്ന് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ടവരെ കാണാന്‍ പ്രധാനമന്ത്രി വന്നു. പക്ഷേ അവര്‍ക്ക് ആവശ്യം ഉള്ളത് നല്‍കിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചുങ്കത്തറയിലെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. എന്റെ സഹോദരന്റെ ഹൃദയത്തില്‍ വയനാട്ടുകാരോടുള്ളത് ആഴത്തില്‍ ഉള്ള ബഹുമാനം ആണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
◾ അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളി കൃഷ്ണ എസ്, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
◾ പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് 'മൂവ് ഔട്ട്' പറഞ്ഞ് സുരേഷ് ഗോപി. തനിക്ക് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്നും അത് താന്‍ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി തൃശ്ശൂരില്‍ പറഞ്ഞു.
◾ പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ രാജന്‍. പൂരം കലക്കിയത് തന്നെയാണ്, കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കില്‍ പുതിയ വാക്ക് കണ്ടെത്തിയാല്‍ മതിയെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാന്‍ ഉള്ളതെല്ലാം പറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ സമസ്ത നേതാവ് ഉമ്മര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസില്‍ പരാതി. യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങള്‍ക്കും എതിരായ പ്രസംഗം സമൂഹത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം. പുല്‍പ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വിപി റിയാസ് ആണ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയത്.
◾ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമത്തെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കര്‍ഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ കേരളത്തിന്റെ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കുറ്റപ്പെടുത്തി. കാര്‍ഷിക നിയമം പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ കര്‍ഷകര്‍ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
◾ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഫവാസ് എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രദേശത്ത് വളര്‍ന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്.
◾ ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂര്‍ കടലില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂര്‍ കടലില്‍ നിന്നും ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്.
◾ കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ തലോര്‍ വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു.
◾ ചാത്തമംഗലം ഈസ്റ്റ് മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയില്‍ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
◾ ആയുഷ്മാന്‍ ഭാരത് പദ്ധതി പശ്ചിമബംഗാളിലും ഡല്‍ഹിയിലും നടപ്പാക്കാത്തതിനെതിരേ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി ഇരുസംസ്ഥാനങ്ങളിലും നടപ്പാക്കാതിരിക്കുന്നതിനതിരേ ത്രിണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ പലസ്തീനിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായം. 30 ടണ്‍ മെഡിക്കല്‍ സാമഗ്രികളും മരുന്നുകളും കേന്ദ്ര സര്‍ക്കാര്‍ പലസ്തീനിലേക്ക് അയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഒദ്യോഗിക വക്താവ് രണ്‍ധീര്‍ ജെയ്സ്വാളാണ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
◾ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ ഗാസിയാബാദ് ജില്ലാ കോടതിയില്‍ സംഘര്‍ഷം. ബാര്‍ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം രൂക്ഷമായതോടെ അഭിഭാഷകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
◾ നടന്‍ സല്‍മാന്‍ ഖാനെതിരേയും കൊല്ലപ്പെട്ട ബാബാ സിദ്ദീഖിയുടെ മകനും മഹാരാഷ്ട്ര എം.എല്‍.എയുമായ സീഷാന്‍ സിദ്ദിഖിക്കെതിരേയും വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് ബരേയ്‌ലി സ്വദേശിയായ ത്വയിബ് അന്‍സാരിയാണ് മുംബൈ പോലീസും നോയിഡ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.
◾ രാജ്യത്തെ വിമാനങ്ങള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു: ഇന്നലെ മാത്രം ഭീഷണി വന്നത് 100 വിമാനങ്ങള്‍ക്കെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍ഇന്ത്യയുടെ 36 വിമാനം, ഇന്‍ഡിഗോയുടെ 35 വിമാനം, വിസ്താരയുടെ 32 വിമാനം എന്നിവയ്ക്കാണ് ഇന്നലെ ഭീഷണിയുണ്ടായതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
◾ വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. ഇയാള്‍ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ല്‍ ഒരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
◾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 103 സീറ്റില്‍ മത്സരിക്കും. ശിവസേന (ഉദ്ധവ്) 96, എന്‍സിപി(ശരദ് പവാര്‍) 85 എന്നിങ്ങനെയാണ് ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജനം. സമാജ്വാദി പാര്‍ട്ടിക്കും സിപിഎമ്മിനും രണ്ടു സീറ്റുകള്‍ വീതം ലഭിച്ചിട്ടുണ്ട്. എന്‍ഡിഎയില്‍ ബിജെപി 148 സീറ്റില്‍ മത്സരിക്കും. ഷിന്‍ഡെ പക്ഷം 85 സീറ്റുകള്‍ നേടിയപ്പോള്‍ അജിത് വിഭാഗം 51 സീറ്റുകളിലാണു മത്സരിക്കുന്നത്.
◾ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതിരുന്നതോടെ ഷിന്ദേപക്ഷക്കാരനായ എം.എല്‍.എ ഉദ്ദവ് പാളയത്തിലേക്ക്. പല്‍ഗാര്‍ എല്‍.എല്‍.എ ആയിരുന്ന ശ്രീനിവാസ് വംഗയാണ് ഷിന്ദേയെ കൈവിട്ടത്. ഇതിനിടെ ശ്രീനിവാസ് ഉദ്ദവ് താക്കറയെ സന്ദര്‍ശിച്ചതായും നേരത്തെ കൂറുമാറിയതില്‍ ഉദ്ദവിനോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
◾ ഹരിയാണ തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങളില്‍ ക്രമക്കേടുണ്ടെന്ന കോണ്‍ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം ആരോപണങ്ങള്‍ ഒരു ദേശീയ പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കാത്തതാണെന്നും ഫലം എതിരാവുമ്പോള്‍ പൊതുവായ സംശയങ്ങള്‍ എന്ന പേരില്‍ ജനവിധിയെ ചോദ്യംചെയ്യുന്ന പ്രവണതയില്‍നിന്ന് വിട്ടുനില്‍ക്കണണെമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിമര്‍ശനം.
◾ ഇത്തവണത്തെ ദീപാവലി പ്രത്യേകതകള്‍ ഏറെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ക്ഷേത്രം യാഥാര്‍ഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമര്‍ശം.500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. റോസ്ഗാര്‍ മേളയില്‍ നിയമന ഉത്തരവ് നല്‍കിയ ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.
◾ ലെബനനനില്‍ ഹിസ്ബുള്ളയുടെ തലവനായി ഷേയ്ക്ക് നയീം കാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഷേയ്ക്ക് നയീം കാസിം എത്തുന്നത് .
◾ ഇസ്രയേലുമായുള്ള ആയുധക്കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സ്പാനിഷ് സര്‍ക്കാര്‍. ഇസ്രയേല്‍ ആയുധ നിര്‍മാണ കമ്പനിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബറില്‍ ഗാസയില്‍ ആക്രമണം തുടങ്ങിയതോടെ ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഗാസയിലടക്കം ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.
◾ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് ചെയ്യാന്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ വരി നിന്നത് ഏറെക്കുറെ 40 മിനിട്ടോളം. ഒരു സാധാരണ പൗരനെ പോലെ വരി നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡെലവെയറിലെ വില്‍മിങ്ടണിലെ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.
◾ ന്യൂസിലാണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യന്‍ വനിതകള്‍ 2-1 ന് ഏകദിന പരമ്പര സ്വന്തമാക്കി. സെഞ്ചുറിയുമായി മിന്നിയ സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 100 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 59 റണ്‍സുമായി പുറത്താകാതെ നിന്നു.
◾ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിന്തള്ളിയാണ് റോഡ്രി പുരസ്‌കാരം സ്വന്തമാക്കിയത്. വനിതാ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും സ്പാനിഷുകാരി ഐറ്റാനാ ബോണ്‍മാറ്റി അര്‍ഹയായി. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്‌കാരം ബാഴ്സലോണയുടെ സ്പാനിഷ്താരം ലമിന്‍ യമാല്‍ സ്വന്തമാക്കി.
◾ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോഡ് ലാഭം. 10.79 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്കിന്റെ ലാഭം 1056.69 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 953.82 കോടി രൂപയായിരുന്നു അറ്റാദായം. 18.19 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1324.45 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം വര്‍ധിച്ച് 4,99,418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം 2,32,868.43 കോടി രൂപയായിരുന്ന നിക്ഷേപം 2,69,106.59 കോടി രൂപയായി വര്‍ധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,92,816.69 കോടി രൂപയില്‍ നിന്ന് 2,30,312.24 കോടി രൂപയായി വര്‍ധിച്ചു. അറ്റപലിശ വരുമാനം 15.11 ശതമാനം വര്‍ധനയോടെ 2367.23 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2056.42 കോടി രൂപയായിരുന്നു. 4884.49 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.09 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1322.29 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.57 ശതമാനമാണിത്. ബാങ്കിന്റെ അറ്റമൂല്യം 31,108.20 കോടി രൂപയായി വര്‍ധിച്ചു.
◾ ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'ബ്രദര്‍'. ചിരിക്ക് പ്രാധാന്യമുള്ള ഒരു തമിഴ് ചിത്രമായിരിക്കും ബ്രദര്‍. ബ്രദറിന്റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താന്‍ വേഷമിടുന്നത്. പ്രിയങ്ക മോഹന്‍ ബ്രദറില്‍ അധ്യാപികയാണ്. സംവിധായകന്‍ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്തിട്ടെന്നും മനോഹരമായ ഡാന്‍സ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.
◾ നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'പ്രാവിന്‍കൂട് ഷാപ്പ്' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് ശ്രദ്ധനേടുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും ആണ് പോസ്റ്ററിലുള്ളത്. മരക്കൊമ്പില്‍ ഒരു പ്രാവിരിക്കുന്ന ആകൃതിയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തിയറ്റുകളില്‍ എത്തും. നേരത്തെ പുറത്തിറങ്ങിയ പ്രാവിന്‍കൂട് ഷാപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റും ഏറെ ശ്രദ്ധനേടിയിരുന്നു. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനെയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പൊലീസുകാരനായി ബേസിലിനെയും കാണിച്ചുള്ളതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ.എസ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ ബുള്ളറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അവതരിപ്പിച്ചു. സ്‌റ്റൈലിഷില്‍ ബിയര്‍ 650 ഇന്റര്‍സെപ്റ്ററിനേക്കാള്‍ കൂടുതല്‍ മികച്ചതാണ്. ഷോട്ട്ഗണില്‍ കാണുന്നത് പോലെ ബിയര്‍ 650 ന് ഷോവ യുഎസ്ഡി ഫോര്‍ക്കുകള്‍ ലഭിക്കുന്നു, എന്നാല്‍ ഇന്റേണലുകള്‍ തികച്ചും വ്യത്യസ്തമാണ്. മൊത്തത്തിലുള്ള സസ്‌പെന്‍ഷന്‍ യാത്ര ഇന്റര്‍സെപ്റ്ററിനേക്കാള്‍ കൂടുതലാണ്, ഇതിന്റെ ഫലമായി സീറ്റ് ഉയരം വര്‍ധിച്ചു. ബിയര്‍ 650-ന് 47 ബിഎച്ച്പി പീക്ക് പവറും 57 എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്ന അതേ 650 സി സി പാരലല്‍-ട്വിന്‍ മോട്ടോര്‍ ലഭിക്കുന്നു, ഇത് ഇന്റര്‍സെപ്റ്റര്‍ 650 നേക്കാള്‍ ഏകദേശം 5 എന്‍എം കൂടുതലാണ്. ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 അഞ്ച് നിറങ്ങളില്‍ വിപണിയില്‍ ലഭിക്കും. ഈ നിറങ്ങള്‍ ഓരോന്നിനും വ്യത്യസ്ത വിലയാണ്. നവംബര്‍ 5-ന് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
◾ പകര്‍ന്നാട്ടങ്ങള്‍ പലതുള്ളൊരു പെണ്‍കാലത്തിലേക്കാണ് ദേശാടനപ്പക്ഷികള്‍ പറന്നടുക്കുന്നത്. അടിച്ചമര്‍ത്തലുകളും കപടവേഷങ്ങളും തിരിച്ചറിഞ്ഞ് തന്നിടം തേടുന്ന പെണ്‍പക്ഷിക്ക് കൂടൊരുക്കുന്ന ചിലര്‍, അവളെ വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ കാണാച്ചരടില്‍ ബന്ധിച്ച് നിശ്ശബ്ദയാക്കുന്ന മറ്റു ചിലര്‍. സാമ്പത്തിക മേല്‍ക്കോയ്മയുടെ അധികാരസൂക്തങ്ങള്‍ക്കു മുന്‍പില്‍ പ്രണയം ചിറകറ്റു വീഴുമ്പോള്‍ അക്ഷരങ്ങളുടെ കൈ പിടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജിബിയയും ചുറ്റുപാടിന്റെ കാലഹരണപ്പെട്ട മിഥ്യാബോധങ്ങളില്‍പെട്ട് ജീവിതം താലിച്ചരടില്‍ കുടുങ്ങിയ പവിത്രയും. മനുഷ്യവംശത്തിന്റെ കാവല്‍മാലാഖമാരായി അറിയപ്പെടുന്ന നേഴ്‌സുമാര്‍ക്ക് ആതുരസേവനമേഖലയില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലേക്കും ഈ കഥ സഞ്ചരിക്കുന്നു. 'ദേശാടനപ്പക്ഷികള്‍'. ജോയ്‌സി. ഗ്രീന്‍ ബുക്സ്. വില 503 രൂപ.
◾ നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. മുട്ട ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നതുമുള്‍പ്പെടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും പാചകം ചെയ്യുന്ന രീതി പാളിയാല്‍ പ്രശ്‌നമാകും. മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കുമെന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ രോഗികളില്‍ അത് അപകടമുണ്ടാക്കുകയും ചെയ്യും. മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും. കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം. മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം. മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം. മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.