Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (26/10/2024)


 

2024 | ഒക്ടോബർ 26 | ശനി  | തുലാം 10 


◾ കാനഡ കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിരിക്കുന്നത്. ഇന്ത്യ -കാനഡ ബന്ധത്തില്‍ ഈയടുത്തുണ്ടായ വിള്ളലാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.


◾ ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതി. മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളുടെ പേരില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. തിമിംഗിലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യമെന്നും ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെയെന്നും കോടതി വിമര്‍ശിച്ചു.


◾ സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫീസറായി പ്രണബ് ജ്യോതി നാഥിനെ തെരഞ്ഞെടുത്തു. സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരെഞ്ഞെടുത്തത്. നിലവില്‍ സ്പോര്‍ട്സ് അഫയേഴ്സ് സെക്രട്ടറിയാണ് പ്രണബ് ജ്യോതി നാഥ്. സഞ്ചയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയ ഒഴിവിലേക്കാണ് നിയമനം.


◾ വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്ര സ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നു. ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.


◾ എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍. ശബരിമല തീര്‍ഥാടകര്‍ക്ക് എരുമേലിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പാര്‍ക്കിങ് വിപുലീകരിക്കും. കെഎസ്ആര്‍ടിസി എരുമേലി ഡിപ്പോയില്‍ നിന്നുള്ള ശബരിമല സര്‍വീസുകളുടെ എണ്ണം 20 ആയി വര്‍ധിപ്പിച്ചു . കഴിഞ്ഞ കാലങ്ങളിലുണ്ടായ പോരായ്മകള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി.


◾ നാളികേരമുള്ള ഇരുമുടിക്കെട്ടിന് വിമാനത്തില്‍ അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ആണ് ഉത്തരവിറക്കിയത്. സാധാരണ നിലയില്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ കയ്യില്‍ കരുതുന്ന ബാഗേജില്‍ നാളികേരം അനുവദിക്കാറില്ല. മണ്ഡല മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്.


◾ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.


◾ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്നലെ വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ ഷുക്കൂറെത്തി. കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എന്‍.എന്‍ കൃഷ്ണദാസാണ് എത്തിച്ചത്.


◾ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയെന്നും അതു കൊണ്ട് പാര്‍ട്ടി വിടില്ലെന്നും പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍. പാര്‍ട്ടി വിടില്ലെന്നും താന്‍ പിവി അന്‍വറല്ലല്ലോയെന്നും ഇനി മുതല്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചത് എംവി ഗോവിന്ദന്‍ നേരിട്ട് ഇടപെട്ടാണെന്ന് വിവരം.


◾ മാധ്യമങ്ങളെ വീണ്ടും അധിക്ഷേപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍.കൃഷ്ണദാസ്. പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയാണ് എന്‍എന്‍ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചത്. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നിക്കുന്നത് പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ രാവിലെ മുതല്‍ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു പരാമര്‍ശം. ഷുക്കൂറിനെ നിങ്ങള്‍ക്ക് അറിയില്ലെന്നും ഷുക്കൂറിനൊന്നും പറയാനില്ലെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.


◾ പിവി അന്‍വറിന്റെ പാര്‍ട്ടിയായ ഡിഎംകെയില്‍ പൊട്ടിത്തെറി. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി ബി ഷമീര്‍ രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക നല്‍കി. അന്‍വര്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേര്‍ പാര്‍ട്ടി വിടുമെന്നും ഷമീര്‍ പ്രതികരിച്ചു.


◾ പിവി അന്‍വറിന്റെ കണ്‍വെന്‍ഷനുകളെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നിലമ്പൂരില്‍ വന്നത് കൂടി പോയാല്‍ 30 പേരായിരുന്നുവെന്നും പാര്‍ട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്ര പേരെ ഉണ്ടാവൂവെന്നും ബാക്കിയുള്ളവര്‍ എസ്ഡിപിഐക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും കോണ്‍ഗ്രസുകാരുമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ശരിയായ പ്രതിപക്ഷം മാധ്യമങ്ങളാണെന്നും പ്രതിപക്ഷം പരസ്പരം അടിച്ചു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◾ എകെ ഷാനിബിന്റെ മത്സര രംഗത്തുനിന്നുള്ള പിന്മാറ്റം അന്‍വറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് പി സരിന്‍. കോണ്‍ഗ്രസുകാര്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത് എന്നതിന്റെ ഉത്തരമാണ് ഷാനിബിന്റെ പിന്മാറ്റം. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും എത്തിയിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു. പാലക്കാട് ജനത രാഷ്ട്രീയ വഞ്ചനക്ക് മറുപടി പറയുമെന്നും പാര്‍ട്ടി മാറ്റം രക്തം രക്തത്തെ തിരിച്ചറിഞ്ഞതുപോലെയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.


◾ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആന്റണി രാജു. താന്‍ മന്ത്രിയാകുന്നത് തടയാന്‍ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും താന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു. താന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു വ്യക്തമാക്കി.


◾ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇതിനു പിന്നില്‍ ആന്റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ്.തോമസ് മന്ത്രിയാകില്ലെന്നും താനൊരു ടോര്‍പിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്റണി രാജുവിന്റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു. എ.കെ ശശീന്ദ്രന്‍ നല്ല മന്ത്രി ആണെന്നും മന്ത്രി മാറ്റം പാര്‍ട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു.


◾ പൊന്നാനി ബലാത്സംഗ പരാതിയില്‍ മുന്‍ എസ്പി സുജിത്ത് ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്  താല്‍ക്കാലികമായി തടഞ്ഞ്  ഹൈക്കോടതി. നവംബര്‍ ഒന്നിന് ഹര്‍ജി വീണ്ടും പരിഗണിക്കും. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്.


◾ തിരുവനന്തപുരത്ത് കനത്ത മഴയിലും ജില്ലാ സ്‌കൂള്‍ കായിക മേള നടത്തിയെന്ന് പരാതി. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ട്രാക്കും ഫീല്‍ഡും വെള്ളം നിറഞ്ഞിട്ടും കായികമേള നിര്‍ത്തിവെച്ചിരുന്നില്ലെന്നും മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മഴ നനയാതെ നില്‍ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല എന്ന പരാതികളും അധികൃതര്‍ക്കെതിരെയുണ്ട്.


◾ നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികള്‍ക്കെതിരെ നടപടി. സ്റ്റാച്യു -കന്റോണ്‍മെന്റ് പരിധിയിലെ യൂണിയനില്‍പ്പെട്ട 10 പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയില്‍ നിന്നും ഇറക്കാതെ കരാറുകാരനില്‍ നിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയതിനാണ് നടപടി.


◾ പട്ടാളപുഴുവിന്റെ  ലാര്‍വെ ഉപയോഗിച്ച് പ്രകൃതിസൗഹൃദ മത്സ്യത്തീറ്റയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം . മത്സ്യത്തീറ്റക്കായി ഫിഷ്മീലിനെ ആശ്രയിക്കുന്ന നിലവിലെ രീതി ഒഴിവാക്കി മത്സ്യകൃഷിയെ സുസ്ഥിരമാക്കാന്‍ സഹായിക്കുന്നതാണ് ഈ നേട്ടം. മീനുകളുടെ വളര്‍ച്ചക്ക് സഹായകരമാകുന്നവിധം പോഷകമൃദ്ധമാണ് ഈ തീറ്റ.ഒരേ സമയം, മാലിന്യ സംസ്‌കരണവും തീറ്റനിര്‍മാണവും സാധ്യമാക്കുന്നതാണ് സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ.


◾ ആക്രമിക്കാന്‍ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെമര്‍ദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്ന് പരാതി.  രാമമൂര്‍ത്തി നഗറില്‍ എന്‍ ആര്‍ ഐ ലെ ഔട്ടില്‍ വെച്ച് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. യതീഷ് എന്ന ആള്‍ക്കെതിരെപരാതി നല്‍കിയിട്ടും പൊലീസ് എഫ്ഐആറില്‍ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചു.


◾ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസിന്റെ എഞ്ചിന്‍ കോച്ചുകളില്‍ നിന്ന് വേര്‍പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ തിരുവാലത്തിന് സമീപമാണ് സംഭവമുണ്ടായത്. അസമിലെ ദിബ്രുഗഡില്‍ നിന്ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് സംഭവമുണ്ടായത്.സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


◾ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക പുരോഗതിക്കായി കിഴക്കന്‍ ലഡാക്കില്‍ സേനാ പിന്മാറ്റത്തിന് തീരുമാനം. ദെപ്സാംഗ് ദംചോക്ക് മേഖലകളില്‍ നിന്ന് ഇരുസേനകളും അടുത്ത ബുധനാഴ്ചയോടെ പിന്മാറുമെന്ന് കരസേന അറിയിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് മേഖലകള്‍ക്ക് തീരുമാനം ബാധകമല്ലെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.


◾ രാജ്യത്തെ 25 വിമാനങ്ങള്‍ക്ക് ഇന്നലെ വ്യാജ ബോംബ് ഭീഷണി. ഇന്‍ഡിഗോ, വിസ്താര, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഭീഷണി ലഭിച്ച വിമാനങ്ങളുടെ എണ്ണം 275 ആയി. വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാര്‍ക്ക് അസൗകര്യവും വിമാനക്കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടവുമാണ് ഉണ്ടാക്കുന്നത്. ഇതേ തുടര്‍ന്ന് സൈബര്‍ കമാന്‍ഡോകളുടെ പ്രത്യേക വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.


◾ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ കൈയേറ്റം ചെയ്തെന്ന് പരാതി. ദില്ലി കാസ്പുരിയില്‍ പദയാത്രിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ കെജ്രിവാളിനെ കൈയേറ്റം ചെയ്തെന്നാണ് എഎപി ഉയര്‍ത്തുന്ന ആരോപണം. പൊലീസ് ഇവരെ തടഞ്ഞില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.


◾ ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ ഇടങ്ങളില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വാരാണസി ജില്ലാകോടതി തള്ളി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആര്‍ക്കിയോളജി സര്‍വേ നടത്തണമെന്നായിരുന്നു ആവശ്യം. അംഗശുദ്ധി വരുത്തുന്നയിടത്ത്,ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഈ ഭാഗം സുപ്രീംകോടതി സീല്‍ ചെയ്തിരിക്കുകയാണ്.


◾ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കിയുള്ളപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് ഭരണകക്ഷിയായ ഡിഎംകെ. ഇതിന്റെ ആദ്യപടിയെന്നോണം പാര്‍ട്ടി മേധാവിയും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ തിങ്കളാഴ്ച ചെന്നൈയില്‍ മണ്ഡലം നിരീക്ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്. തമിഴക വെട്രി കഴകത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ തമിഴ്നാട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമാണ് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്.


◾ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരമുള്ള വായ്പാ പരിധി 10 ലക്ഷം രൂപയില്‍ നിന്നും 20 ലക്ഷം രൂപയായി വര്‍ധിപ്പിച്ച പ്രഖ്യാപനം നിലവില്‍ വന്നു. ഈ വര്‍ഷം ജൂലൈ 23 ന് 2024-2025ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് മുദ്ര വായ്പകളുടെ വര്‍ധിപ്പിച്ച പരിധി പ്രഖ്യാപിച്ചത്.


◾ ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലയിലും കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണെന്നും അടുത്ത 25 വര്‍ഷങ്ങളില്‍ ഇത് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18-ാമത് ഏഷ്യ-പെസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024 ല്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.


◾ ഡ്രൈവിംഗ് ലൈസന്‍സിനുള്ള മിനിമം പ്രായപരിധി പതിനെട്ട് വയസ്സില്‍ നിന്നും പതിനേഴ് വയസായി കുറച്ച് യുഎഇ. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതും നഗര പരിധിയില്‍ അടിയന്തിര ഘട്ടത്തിലല്ലാതെ ഹോണ്‍ മുഴക്കുന്നതും രാജ്യത്ത് നിരോധിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 29 മുതല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കും.


◾ അമേരിക്കയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പരിഹസിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്  ഹൌസിലേക്ക് കമലയെ തിരഞ്ഞെടുത്താല്‍ ചൈന അവരെ അവരെ കൊച്ചുകുട്ടിയെപ്പോലെയേ കാണൂവെന്നായിരുന്നു ട്രംപിന്റെ പരിഹാസം. ഒരു റേഡിയോ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.


◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം ഗ്രൗണ്ടില്‍ പരാജയപ്പെടുത്തി ബംഗളൂരു എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.


◾ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ കിവീസ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ്. ഒന്നാമിന്നിംഗ്സില്‍ 103 റണ്‍സിന്റെ ലീഡ് നേടിയ ന്യൂസിലാണ്ടിന് ഇതോടെ  301 റണ്‍സിന്റെ ലീഡായി. നേരത്തേ മിച്ചല്‍ സാന്റ്‌നറുടെ ഇടംകൈയന്‍ സ്പിന്നിനു മുന്നില്‍ പതറിയ ഇന്ത്യ 156 റണ്‍സിന് കൂടാരം കയറിയിരുന്നു.


◾ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നാല് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ എട്ടിനാണ് പരമ്പര ആരംഭിക്കുന്നത്.


◾ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കുള്ള പതിനെട്ടംഗ ഇന്ത്യന്‍ ടീമിനേയും ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ജയ്‌സ്വാള്‍, ഗില്‍, കോലി, പന്ത്, എന്നിവരെല്ലാം തന്നെ ഇടംനേടി. കെ.എല്‍ രാഹുലും സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അഭിമന്യു ഈശ്വരന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഇവരെ കൂടാതെ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ,  വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.


◾ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചറുമായി സ്വിഗ്ഗി. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചറാണ് പുതിയതായി വരുന്നത്. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമാര്‍ട്ട് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഷോപ്പിങ് നടത്താനും ആപ്പ് ഉപയോഗിച്ച് ടേബിളുകള്‍ ബുക്ക് ചെയ്യാനും കഴിയും. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകളോ ലഭ്യമായ യുപിഐ ഓപ്ഷനുകളോ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്താം. അതേസമയം സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു. ഡല്‍ഹി അടക്കം തെരഞ്ഞെടുത്ത നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പ്ലാറ്റ്‌ഫോം ഫീസ് ആയി പത്തുരൂപയാണ് ചുമത്തുന്നത്. വിവിധ നഗരങ്ങളില്‍ പ്ലാറ്റ്‌ഫോം ഫീസ് വ്യത്യാസപ്പെടാം.


◾ കാര്‍ത്തിയെ നായകനാക്കി സി പ്രേംകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'മെയ്യഴകന്‍' എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. 'യാരോ ഇവന്‍ യാരോ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഉമാ ദേവിയാണ്. ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ ആലാപനം കമല്‍ ഹാസന്‍ ആണ്. ടൈറ്റില്‍ കഥാപാത്രമായി കാര്‍ത്തി എത്തുന്ന ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


◾ നസ്ലെന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം കാതലന്റെ' പ്രമോ ടീസര്‍ പുറത്തുവിട്ടു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ പതിവ് ജോണറുകളില്‍ നിന്ന് മാറിയുള്ള ഒന്നാണെന്നാണ് വീഡിയോ നല്‍കുന്ന സൂചന.  തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീം എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. 'ഐ ആം കാതലന്‍' നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഐ ആം കാതലന്റെ സഹനിര്‍മ്മാതാവ് ടിനു തോമസാണ്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍  ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം,  എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.


◾ 2024 സെപ്റ്റംബറിലും റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് ഈ സെഗ്മെന്റിലെ ടോപ്പ്-4 സ്ഥാനങ്ങള്‍ ലഭിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ ആറ് മോഡലുകളും ടോപ്-10 പട്ടികയില്‍ ഇടംപിടിച്ചു. അതേസമയം, ട്രയംഫ്, ജാവ, യെസ്ഡി, ബജാജ്, ഹോണ്ട തുടങ്ങിയ ബ്രാന്‍ഡുകളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.  മിഡില്‍ വെയ്റ്റ് ബൈക്കുകളുടെ വില്‍പ്പനയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. സെപ്റ്റംബറില്‍ 33,065 യൂണിറ്റ് വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 17,406 യൂണിറ്റുകള്‍ വിറ്റു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 മോട്ടോര്‍ സൈക്കിള്‍ 12,901 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350 8,665 യൂണിറ്റുകളും റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 1,814 യൂണിറ്റുകളും വിറ്റു. റോയല്‍ എന്‍ഫീല്‍ഡ് ഗറില്ലയുടെ 1,657 യൂണിറ്റുകളാണ് സെപ്തംബറില്‍ വിറ്റത്.


◾ ''കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്‍ ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്‍ പതിച്ച മേഘങ്ങളുടെ വെള്ളമേലങ്കി പുതച്ച് ഗന്ധര്‍വന്‍ പിന്നീടൊരിക്കലും വന്നില്ല. നീലി കാത്തു കിടന്നു.'' ഗന്ധര്‍വനെ പ്രണയിച്ച നീലിയുടെയും അവളെ തിരസ്‌കരിച്ച്  ഊമയായ യുവതിയെ ആഗ്രഹിച്ച ഗന്ധര്‍വന്റേയും കഥ. ചതിക്കപ്പെടുന്ന ഊമപ്പെണ്ണിന് പിറക്കുന്ന കുഞ്ഞ് പിള്ളപ്പാറയായി രൂപാന്തരപ്പെടുന്ന വിഭ്രമജനകമായ സംഭവപരമ്പരകള്‍. സി. രാധാകൃഷ്ണന്റെ അപ്രകാശിതമായ നീണ്ടകഥ ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഒപ്പം ആസ്വാദ്യകരമായ പത്ത് കഥകളും. 'പിള്ളപ്പാറയുടെ  കഥ'.  സി. രാധാകൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 153 രൂപ.


◾ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും  അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും. മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഹൃദയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. പൊട്ടാസ്യം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തരാം. ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പൊട്ടാസ്യം ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഏറ്റവും ദോഷകരമായ അവസ്ഥയാണ് മലബന്ധവും വയറു വീര്‍ക്കലും. വിശപ്പില്ലാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് കാരണമാവുന്നതും പലപ്പോഴും പൊട്ടാസ്യത്തിന്റെ അഭാവം തന്നെയാണ്. ശരീരത്തില്‍ സോഡിയം അളവ് കുറയുമ്പോള്‍ പലപ്പോഴും ഇത്തരം അവസ്ഥ ഉണ്ടാവുന്നു. പൊട്ടാസ്യം കൂടുമ്പോള്‍ കിഡ്‌നി പ്രവര്‍ത്തനം തന്നെ നിലച്ചു പോകും. കിഡ്‌നി ശരിയായി രക്തത്തില്‍ നിന്ന് ഇതിനെ അരിച്ചു വേര്‍തിരിക്കുന്നില്ലെന്നതാണ് അതില്‍ നിന്ന് മനസിലാക്കേണ്ടത്. പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ ഛര്‍ദ്ദിക്കുകയും ആഹാരം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ഹൃദയാഘാതവും പക്ഷാഘാതവും ഇതുമൂലം ഉണ്ടാവും. നെഞ്ചിടിപ്പ് വര്‍ദ്ധിയ്ക്കുന്ന അവസ്ഥ ഉണ്ടാവുന്നതും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇത് പലപ്പോഴും സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. അമിത ക്ഷീണം നിങ്ങളെ പലപ്പോഴും വളരെയധികം ബുദ്ധിമുട്ടിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷീണം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക