2024 | ഒക്ടോബർ 27 | ഞായർ | തുലാം 11
◾ വെടിക്കെട്ട് അല്‍പം വൈകിയതാണോ പൂരം കലക്കലെന്നും കള്ളം പ്രചരിപ്പിക്കാന്‍ ആവേശം കൂടുതല്‍ ലീഗിനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണെന്നും ഇതിന്റെ പേരാണോ പൂരം കലക്കലെന്നും പിണറായി വിജയന്‍ ചോദിച്ചു. ലീഗിന് വര്‍ഗീയ ശക്തികളുമായി കൂട്ടു കൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് ലീഗ് അസത്യം പ്രചരിപ്പിക്കുകയാണെന്നും ശരി അല്ലാത്തത് പ്രചരിപ്പിച്ച് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണെന്നും ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധം ഉണ്ടെന്നും ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവല്‍ പക്ഷികളാണെന്നും അതേസമയം ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വര്‍ഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
◾ ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജമാഅത്ത് ഇസ്ലാമിയെയും, പിഡിപിയെയും സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണെന്നും കേരളത്തിന്റെ വികസനത്തിന് ലീഗിന്റെ നേതാക്കള്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കപ്പെടാന്‍ കഴിയാത്തവയാണെന്നും അതിന് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.
◾ പിണറായി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല . ഇത് കേരളത്തിലെ യുവജനങ്ങളോടുള്ള ചതിയാണെന്നും ഇത്തരത്തില്‍ അനധികൃത നിയമനം ലഭിച്ച മുഴുവന്‍ പേരെയും ഒഴിവാക്കി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി അര്‍ഹരാവയവര്‍ക്ക് നിയമനം നല്‍കണമെന്നും ഇത് അടിയന്തിരമായി നടപ്പാക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
◾ ദി ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ ദില്ലി പൊലീസിനും ഗവര്‍ണര്‍ക്കും എച്ച്.ആര്‍.ഡി.എസ് പരാതി നല്‍കി. മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തക, ദി ഹിന്ദു, പിആര്‍ ഏജന്‍സി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതികളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ വ്യക്തമാക്കി.
◾ സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍.കൃഷ്ണദാസിന്റെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാന്‍ കൃഷ്ണദാസ് തയ്യാറാകണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
◾ മാധ്യമങ്ങളെ വിമര്‍ശിച്ച എന്‍.എന്‍. കൃഷ്ണദാസിനെ തള്ളിപ്പറഞ്ഞ് സിപിഎം. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിലയിരുത്തല്‍. കൃഷ്ണദാസിന്റെ നിലപാട് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയതോടെയാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
◾ 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അടിയന്തരമായി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണെന്നും മന്ത്രിസഭയില്‍ എടുക്കാന്‍ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്ന് മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണെന്നും ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
◾ കോഴ വിവാദത്തിന് പിന്നാലെ ഇടത് മന്ത്രിസഭയില്‍ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിന്‍വലിക്കാനുള്ള നിര്‍ണായക നീക്കവുമായി എന്‍സിപി. തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്ക് മന്ത്രിയേ വേണ്ടെന്ന നിലപാടിലാണ് എന്‍സിപി. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എല്‍ഡിഎഫിനെ അറിയിച്ചേക്കും. ശശീന്ദ്രന്‍ മാറി തോമസ് കെ തോമസ് മന്ത്രിയാകണമെന്നാണ് പി.സി.ചാക്കോ പക്ഷത്തിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിക്ക് ഒരു മന്ത്രി നിര്‍ബന്ധമാണെന്നാണ് ഇവരുടെ അഭിപ്രായം.
◾ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് . ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തായത്. ബിജെപിയെ തുരത്താന്‍ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികള്‍ ഐക്യകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
◾ പാലക്കാട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനാല്‍ കത്തിന് ഇനി പ്രസക്തിയില്ലെന്നും കത്തിനെക്കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനാധിപത്യപാര്‍ട്ടിയില്‍ ഒന്നിലധികം ആളുകളുടെ പേര് വരുന്നത് സ്വാഭാവികമാണെന്നും സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതിന് പല മാനദണ്ഡങ്ങളാണ് പരിഗണിക്കുകയെന്നും സതീശന്‍ പ്രതികരിച്ചു. അതേസമയം കത്ത് മുമ്പത്തെ കാര്യമാണെന്നും കത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു. ജനാധിപത്യ പാര്‍ട്ടിയിലെ അഭിപ്രായം മാത്രമാണിതെന്നും ഇപ്പോള്‍ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണെന്നും പാര്‍ട്ടിയില്‍ പറഞ്ഞ കാര്യം എന്തിന് വിവാദമാക്കണമെന്നും വികെ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു.
◾ എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ പ്രശാന്തിനെ സസ്പെന്റ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്പെന്റ്ചെയ്തത്. പ്രശാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയില്‍ പ്രമേയം. കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കളക്ടര്‍ പ്രമേയം അംഗീകരിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തുമെന്ന കാര്യം കളക്ടര്‍ക്ക് അറിയാമായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും താന്‍ തുടരണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും കളക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു.
◾ സുരേഷ് ഗോപി പാര്‍ട്ടി പരിപാടിയില്‍ അപമാനിച്ചെന്ന് ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാട് പ്രധാനമന്ത്രിക്കു പരാതി നല്‍കി. വെളളിയാഴ്ച ചങ്ങനാശേരിയില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി ഒരു മണിക്കൂര്‍ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ലെന്നും, അതോടൊപ്പം നിവേദനം നല്‍കാന്‍ എത്തിയവരെ ഞാന്‍ നിങ്ങളുടെ എംപി അല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണന്‍ ആരോപിക്കുന്നു.
◾ പി.ജയരാജന്റെ പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടിനിലപാടുകളല്ലെന്നും ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ടെന്നും അതിനെ അങ്ങനെത്തന്നെ ആയി കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി. ജയരാജന്റെ 'കേരളം മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ മദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് പി ജയരാജന്‍. മദനിയുടെ പ്രസംഗത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നുവെന്നും പില്‍ക്കാലത്തു മദനി നിലപാടില്‍ മാറ്റം വരുത്തിയെന്നും ഇതൊക്കെയാണ് പുസ്തകത്തില്‍ ഉള്ളതെന്നും ജയരാജന്‍ പറഞ്ഞു. 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ജയരാജന്‍. മദനിയിലൂടെ യുവാക്കാള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നും ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നും പി.ജയരാജന്‍ ആരോപിച്ചിരുന്നു.
◾ മഅദനിക്കെതിരായ പി. ജയരാജന്റെ പരാമര്‍ശം സ്വയം വിമര്‍ശനമായി കാണുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മഅദനി യുവാക്കളില്‍ തീവ്രവാദചിന്ത വളര്‍ത്തിയെന്ന പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.ഡി.പിയുമായി സഹകരിക്കരുതെന്ന് സി.പി.ഐ നേരത്തേ പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
◾ ഒരു പിഎച്ച്ഡി പ്രബന്ധമാകാനുള്ള എല്ലാ യോഗ്യതയും പി. ജയരാജന്റെ 'കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിനുണ്ടെന്ന് വായിക്കുന്ന ഏതൊരാള്‍ക്കും നിസംശയം പറയാനാകുമെന്ന് കെ.ടി.ജലീല്‍. കേരളത്തിലെ മുസ്ലീം മതസംഘടനകളെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ ഗ്രന്ഥം പ്രയോജനപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
◾ ആര്‍എസ്എസിനെതിരെ മദനി 90 കളില്‍ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം അലിയാര്‍. പി ജയരാജനെ മദനിക്കെതിരായ ആരോപണത്തില്‍ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്നും മദനിക്ക് പി ജയരാജന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും സിപിഎം നിലപാട് ഇത് തന്നെയാണോയെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധാരണക്കുറവ് കൊണ്ടാകാം ബിനോയ് വിശ്വത്തിന്റെ പ്രതികരണമെന്നും അലിയാര്‍ പറഞ്ഞു.
◾ പി.ജയരാജന്റെ പുതിയ പുസ്തകത്തെ കുറിച്ചുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ബിനോയ് വിശ്വം പുസ്തകം കണ്ടിട്ടുണ്ടാവില്ലെന്നും ചരിത്ര പഠനത്തിന് സഹായകരമാകുന്ന പുസ്തകമാണ് പി. ജയരാജന്റേതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. പി. ജയരാജന്റെ പരാമര്‍ശം സ്വയം വിമര്‍ശനമായി കാണുന്നുവെന്നും പി.ഡി.പിയുമായി സഹകരിക്കരുതെന്ന് സി.പി.ഐ നേരത്തേ പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയിരുന്നു.
◾ പി. ജയരാജന്റെ 'കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം. പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം.
◾ 1991-ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.എസ് ഗോപാലകൃഷ്ണന്‍ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യര്‍ഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍. സിപിഎം നേതാവ് നിതിന്‍ കണിച്ചേരിക്കുള്ള മറുപടിയായാണ് കത്ത് പുറത്തുവിട്ടത്. ഇക്കാലത്ത് സി.പി.എമ്മിന് പിന്തുണ നല്‍കിയിരുന്നതായി അന്നത്തെ ബിജെപി കൗണ്‍സിലറായ ശിവരാജനും പറഞ്ഞു.
◾ കാരാട്ട് റസാഖിന് ഡിഎംകെയിലേക്ക് വരേണ്ടി വരുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. നാല് എംഎല്‍എമാരെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഒപ്പം വരുമെന്നും അന്‍വര്‍ പ്രതികരിച്ചു. ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയില്‍ റസാഖുമായി കാര്യങ്ങള്‍ സംസാരിച്ചുവെന്നും ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനം പറയാമെന്ന് കാരാട്ട് റസാഖ് അറിയിച്ചതായും അന്‍വര്‍ പറഞ്ഞു.
◾ കേരളത്തില്‍ ഖനനമേഖലയുടെ സര്‍വ്വേയ്ക്കും ഇനി ഡ്രോണ്‍. മൈനിങ്ങ് ആന്‍ഡ് ജിയോളജി വകുപ്പ് കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഡ്രോണ്‍ ലിഡാര്‍ സര്‍വ്വേ പ്രവര്‍ത്തനമാരംഭിച്ചു. മൈനിങ്ങ് ആന്‍ഡ് ജിയോളജി മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
◾ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടികൂടിയത്. കോട്ടക്കല്‍ സ്വദേശി ബാബു, ചാലക്കുടി സ്വദേശി വിനോദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 54 കന്നാസ് സ്പിരിറ്റ് ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.
◾ ശസ്ത്രക്രിയയില്‍ പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. എല്ലായ്പ്പോഴും ശസ്ത്രക്രിയ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാനോ സാധിക്കുമെന്ന് കരുതാനാവില്ലെന്നും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഡോക്ടര്‍മാരെ പ്രതിചേര്‍ക്കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
◾ അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന മഹേഷ് ബിലിയ അടക്കം മറ്റ് 6 പേരെയുമാണ് കോടതി ശിക്ഷിച്ചത്. ഏഴ് പ്രതികളില്‍ നിന്നുമായി 44 കോടി രൂപ ഖജനാവിലേക്ക് കണ്ട് കെട്ടണമെന്നും വിധിയിലുണ്ട്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നല്‍കിയതിലൂടെ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്.
◾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ലോറന്‍സ് ബിഷ്‌ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്‍കാന്‍ ഉത്തര്‍ ഭാരതീയ വികാസ് സേന. നോമിനേഷന്‍ നല്‍കുന്നതിനായി റിട്ടേണിങ് ഓഫീസറുടെ പക്കല്‍നിന്നും ഫോം ആവശ്യപ്പെട്ടു. പാര്‍ട്ടി നേതാവായ സുനില്‍ ശുക്ലയാണ് ലോറന്‍സ് ബിഷ്‌ണോയിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
◾ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന കൂടികാഴ്ചകള്‍ സാധാരണ നടപടി മാത്രമെന്ന് ആര്‍എസ്എസ് മേധാവി ദത്താത്രേയ ഹൊസബലേ. രാഷ്ട്ര നന്മയില്‍ വിശ്വസിക്കുന്ന ആരുമായും കൂടികാഴ്ചകള്‍ നടത്തും, ആരോടും വിദ്വേഷമില്ല. ആരേയും അകറ്റി നിര്‍ത്തില്ലെന്നും ഹൊസബലേ ഉത്തര്‍പ്രദേശില്‍ പറഞ്ഞു. യുപിയിലെ മധുരയില്‍ ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
◾ വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്. തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നാണ് നിര്‍ദേശം. അത് അറിയിക്കാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന മുന്നറിയിപ്പും ഐടിമന്ത്രാലയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്.
◾ വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്രഇടതുപക്ഷക്കാരാണെന്നും അവര്‍ക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തണമെന്നും ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌കിന്റെ വിമര്‍ശനം.
◾ ഫിലിപ്പീന്‍സില്‍ ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേര്‍ മരിച്ചു. 3,20,000 പേരെ കൊടുങ്കാറ്റിനെ തുടര്‍ന്ന് മാറ്റിത്താമസിപ്പിച്ചു. മധ്യ ഫിലിപ്പീന്‍സിലെ ബിക്കോള്‍ മേഖലയിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൂടുതല്‍ മരണമുണ്ടായത്. ചിലയിടത്ത് 24 മണിക്കൂറിനുള്ളില്‍ പെയ്തത് ഒന്നോ രണ്ടോ മാസം പെയ്യേണ്ട മഴയാണ്. ഇത് മിന്നല്‍ പ്രളയത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ഇന്നലെ പുലര്‍ച്ചെ ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പാകിസ്താന്‍. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചു.
◾ പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മിര്‍ അലി പട്ടണത്തിലായിരുന്നു ആക്രമണം. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍സൈക്കിള്‍ റിക്ഷയുടെ പിന്നില്‍ നിന്ന് ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഇറാന്റെ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ പശ്ചിമേഷ്യ കലുഷിതമാകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ. സംയമനം പാലിക്കണമെന്നും നയതന്ത്രത്തിന്റെ പാതയിലേക്ക് തിരികെയെത്തണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
◾ ഇസ്രായേല്‍ ഇന്നലെ നടത്തിയ വ്യേമാക്രമണങ്ങളില്‍ 4 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാന്‍ സൈന്യം ആക്രമണത്തില്‍ കാര്യമായ നാശനഷ്ടമില്ലെന്നും വ്യക്തമാക്കി. മൂന്നു ഘട്ടമായി 140 പോര്‍വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ആദ്യമായാണ് ഇസ്രയേല്‍ ഇറാനെതിരെ തുറന്ന ആക്രമണം നടത്തുന്നത്. ആക്രമണത്തെ വിമര്‍ശിച്ച് സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. ആക്രമണം ഇറാന്റെ പരമാധികാരത്തെയും രാജ്യാന്തരനിയമങ്ങളെയും ലംഘിക്കുന്നതാണെന്നു അവര്‍ കുറ്റപ്പെടുത്തി. അതേസമയം ഇറാന്‍ പ്രത്യാക്രമണം നടത്തരുതെന്ന് യുഎസും യുകെയും ആവശ്യപ്പെട്ടു.
◾ ന്യൂസീലന്‍ഡിനു മുന്നില്‍ ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ആറു വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. 1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. 2012 ല്‍ ഇംഗ്ലണ്ടിനോടേറ്റ പരമ്പര തോല്‍വിക്ക് ശേഷം നാട്ടിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്.
◾ ഈടില്ലാതെ വായ്പയെടുത്ത് സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രധാനമന്ത്രി മുദ്ര യോജനയില്‍ വായ്പ തുകയായി ഇനി 20 ലക്ഷം രൂപ ലഭിക്കും. അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ (തരുണ്‍) തിരിച്ചടച്ചവര്‍ക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. പുതുതായി 'തരുണ്‍ പ്ലസ്' എന്ന കാറ്റഗറി ഉള്‍പ്പെടുത്തി. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതുവരെ 10 ലക്ഷം രൂപയുടെ വരെ വായ്പ വീതമാണ് നല്‍കിയിരുന്നത്. അഞ്ച് വിഭാഗങ്ങളിലാണ് മുദ്ര പദ്ധതിക്കു കീഴില്‍ വായ്പ. 1) ശിശു: 50,000 രൂപ വരെ 2) കിഷോര്‍: 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ 3) തരുണ്‍: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 4) തരുണ്‍ പ്ലസ്: 20 ലക്ഷം വരെ. വായ്പ എടുക്കാന്‍ അര്‍ഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാന്‍ പ്ലാന്‍ ഉള്ള ഏതൊരു വ്യക്തിക്കും സ്‌കീമിന് കീഴില്‍ ലോണ്‍ ലഭിക്കും. മുന്‍പ് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്. സംരംഭകന്റെ പ്രായപരിധി 24 മുതല്‍ 70 വയസ് വരെ.
◾ നസ്ലെന്‍ നായകനായി എത്തുന്ന 'ഐ ആം കാതലന്‍' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഗിരീഷ് എ ഡിയാണ് സംവിധാനം. നസ്ലെനൊപ്പം കഥാപാത്രങ്ങളായി ലിജോമോള്‍ ജോസ്, ദിലീഷ് പോത്തന്‍, അന്‍ഷിമ അനില്‍കുമാര്‍ വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം, അര്‍ഷാദ് അലി, ഷിന്‍സ് ഷാന്‍, ശരണ്‍ പണിക്കര്‍, അര്‍ജുന്‍ കെ, സനത്ത് ശിവരാജ് എന്നിവര്‍ എത്തുന്നു. തിരക്കഥ സജിന്‍ ചെറുകയില്‍. ഗോകുലും ഗോപാലനും ഡോ. പോള്‍ വര്‍ഗീസും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന് നിര്‍മിക്കുമ്പോള്‍ റിലീസ് നവംബര്‍ ഏഴിന് ആണ്. നസ്ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്തത്. പല വമ്പന്‍മാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ 136 കോടി നേട്ടമുണ്ടാക്കിയത്.
◾ പുതുമുഖം സിനോജ് മാക്സ്, ആദി ഷാന്‍, അഞ്ചല്‍, നൈറ നിഹാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ക്രൗര്യം'. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തി. കണ്‍മുനകളില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും അനു കുരിശിങ്കല്‍ ആണ്. വിധു പ്രതാപ് ആണ് ആലാപനം. വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, റോഷില്‍ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവന്‍ റോയ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, ഷൈജു ടി വേല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് പണിക്കരുടേതാണ് തിരക്കഥയും സംഭാഷണവും. അഖില്‍ ജി ബാബു, അനു കുരിശിങ്കല്‍ എന്നിവരുടെ വരികള്‍ക്ക് അനു കുരിശിങ്കല്‍ സംഗീതം നല്‍കി.
◾ ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വാഹനം നവംബര്‍ 4ന് വിപണിയിലെത്തും. പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ ബൈക്കിന്റെ അവസാന ഘട്ട പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. പുതിയ ബൈക്ക് പാരച്യൂട്ടില്‍ ഇറക്കുന്നതുപോലുള്ള ടീസര്‍ വിഡിയോ നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നു. നിലവില്‍ വിപണിയിലുള്ള ഇലക്ട്രിക് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി റെട്രോ ലുക്കിലായിരിക്കും റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക്. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാംപ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അഡ്ജസ്റ്റബിള്‍ ബ്രേക്ക് ലിവറുകള്‍, വൃത്താകൃതിയിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടിഎഫ്ടി സ്‌ക്രീന്‍ തുടങ്ങിയവയുണ്ടാകും. അധികം വലുപ്പമില്ലാത്ത രൂപത്തിലുള്ള സിറ്റി മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡ് ആദ്യം പുറത്തിറക്കുക. ബൈക്കിന്റെ റേഞ്ച്, ബാറ്ററി, മറ്റ് പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്.
◾ വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തര്‍ജ്ജനം നീരാട്ടിനു പോയപ്പോള്‍ തിരുവന്‍കടവില്‍ നിന്നു ലഭിച്ച കുട്ടിയാണ് പില്‍ക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവല്‍ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊര്‍ജ്ജവും നല്‍കുകയാണ് അഖില്‍. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവല്‍. 'മുത്തപ്പന്‍'. അഖില്‍ കെ. ഡിസി ബുക്സ്. വില 284 രൂപ.
◾ ആളുകള്‍ പ്രായമാകുന്നത് അനുസരിച്ച് കണ്ണിന്റെ കാഴ്ച മങ്ങുന്നത് സാധാരണമാണ്. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്ന മാക്യുലാര്‍ പിഗ്മെന്റ് കുറയുന്നതാണ് ഇതിന് കാരണം. റെറ്റീനയ്ക്ക് മീതെ കാണപ്പെടുന്ന ആന്റി-ഓക്സിഡന്റ് നിറഞ്ഞ ഈ മാക്യുലാര്‍ പിഗ്മെന്റ് കണ്ണിലേക്ക് അടിക്കുന്ന ബ്ലൂ ലൈറ്റുകളില്‍ നിന്നും റെറ്റീനയെ സംരക്ഷിക്കുന്നു. എന്നാല്‍ പ്രായമാകുമ്പോള്‍ മാക്യുലാര്‍ പിഗ്മെന്റിന്റെ അളവു കുറയുകയും കാഴ്ചാ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യുന്നു. അടുത്തിടെ ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോ. ടാമി സ്‌കോട്ട് നടത്തിയ പഠനത്തില്‍ ദിവസവും രണ്ട് ഔണ്‍സ് വീതം പിസ്ത കഴിക്കുന്നത് പ്രായമാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കാഴ്ചപ്രശ്നങ്ങളുടെ അപകട സാധ്യത കുറയ്ക്കാനാകുമെന്ന് കണ്ടെത്തി. പിസ്തയില്‍ മാക്യുലാര്‍ പിഗ്മെന്റ് കൂട്ടാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ല്യൂട്ടിന്റെ ആഗിരണം കൂടുതല്‍ ഫലപ്രദമാക്കുമെന്നും പഠനത്തില്‍ പറയുന്നു. 40നും 70നും ഇടയില്‍ പ്രായത്തിലുള്ള 36 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇതില്‍ ആറ് ആഴ്ച് പതിവായി പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്തിയവരില്‍ മക്യുലാര്‍ പിഗ്മെന്റിന്റെ അളവ് വര്‍ധിക്കുകയും കണ്ണിന്റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാവുകയും ചെയ്തതായി ഗവേഷകന്‍ പറയുന്നു.