ഡേ കെയർ സ്ഥാപനത്തില്‍ വെച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍
ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരില്‍ വീട്ടില്‍ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെണ്‍കുട്ടികളെ സ്ഥാപനത്തില്‍ വെച്ച് പല സമയങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് കൊടും ക്രൂരത പുറത്തറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ പൊലീസ് കേസെടുത്തതോടെ ലോറൻസ് ഒളിവില്‍ പോയി. ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണ സംഘത്തില്‍ സബ് ഇൻസ്പെക്ടർ വൈശാഖ്.ഡി, എഎസ്‌ഐമാരായ രമേഷ്, നന്ദകുമാർ, സിവില്‍ പൊലീസ് ഓഫീസർമാരായ ജയകൃഷ്ണൻ,പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.