2024 | ഒക്ടോബർ 18 | വെള്ളി | തുലാം 2
◾ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ 3 ദിവസത്തിന് ശേഷം അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി സിപിഎം. ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി. കെ.കെ.രത്‌നകുമാരിയെ പകരം പ്രസിഡന്റായി പരിഗണിക്കാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതികരിച്ച് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പിപി ദിവ്യ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു. അഴിമതിക്കെതിരെ താന്‍ നടത്തിയത് സദ്ദുദ്ദേശപരമായ വിമര്‍ശനമായിരുന്നെങ്കിലും തന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാടിനെ താന്‍ മാനിക്കുന്നുവെന്നും ദിവ്യ പറഞ്ഞു.
◾ ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്നും രാജിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തി വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചിട്ട് രാജി കൊണ്ട് പരിഹാരമാകുമോയെന്നും ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോയെന്നും സതീശന്‍ ചോദിച്ചു.
◾ വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മോകേരി പറഞ്ഞു. വയനാട്ടില്‍ മുന്‍പ് മത്സരിച്ചുളള അനുഭവങ്ങള്‍ ശക്തമാണെന്നും ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
◾ രാഹുല്‍ ഗാന്ധിക്ക് 2019 ല്‍ കിട്ടിയ വോട്ടിനേക്കാളും കൂടുതല്‍ വോട്ട് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കുമെന്നും അത് അഞ്ച് ലക്ഷം വരെയാകാമെന്നും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ നോമിനേഷന്‍ കൊടുക്കേണ്ട ദിവസം പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പ്രിയങ്കാ ഗാന്ധിക്ക് പ്രചാരണം നടത്തേണ്ടതായുണ്ടെന്നും എങ്കിലും പരമാവധി സമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടില്‍ ചിലവഴിക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാന്‍ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാര്‍ത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം.
◾ പാലക്കാട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ ആവേശോജ്വല വരവേല്‍പ്പ് . തോളിലേറ്റിയാണ് രാഹുലിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പില്‍ റോഡ് ഷോയും നടന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എംപി ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷന്‍ പികെ ഫിറോസും രാഹുലിനൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെ സ്വീകരിക്കാന്‍ എത്തി. തനിക്ക് കിട്ടിയതിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കുമെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്.
◾ പാര്‍ട്ടിക്കകത്ത് കോലാഹലം ഉണ്ടായിട്ടില്ലെന്നും പ്രസ്ഥാനങ്ങള്‍ തമ്മിലാണ്, വ്യക്തികള്‍ തമ്മില്‍ അല്ല മത്സരമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. ഞാന്‍ തന്നെ എനിക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാള്‍ വലിയ അല്പത്തം വേറെ ഇല്ലെന്നും സരിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
◾ വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട പി.സരിന്റെ ആരോപണങ്ങള്‍ തള്ളി ഷാഫി പറമ്പില്‍ എംപി. വടകരയിലെ നീക്കം ശരിയായിരുന്നുവെന്നും വടകരയിലെ ഡീല്‍ സിപിഎമ്മിനേയും ബിജെപിയെയും തോല്‍പിക്കുക എന്നതായിരുന്നുവെന്നും ഷാഫി പറഞ്ഞു. പാലക്കാടും അതുതന്നെയാണ് ലക്ഷ്യമെന്നും ഷാഫി വ്യക്തമാക്കി.
◾ പാലക്കാട്ടേക്കുള്ള യാത്രക്കു മുന്നെ പുതുപ്പളളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥ നടത്തി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ നിരതന്നെ പുതുപ്പളളിയില്‍ രാഹുലിനെ സ്വീകരിച്ചു. താന്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മന്‍ എതിര്‍ത്തെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നും ഇരുവരെയും അത് വേദനിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു.
◾ ഡോ. പി സരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥന്‍. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കില്‍, മനസ്സില്‍ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കില്‍ മറുകണ്ടം ചാടുന്ന കരിയര്‍ അല്ല രാഷ്ട്രീയമെന്ന് ശബരീനാഥന്‍ വിമര്‍ശിച്ചു
◾ എഡിഎം നവീന്‍ ബാബുവിന് വിടനല്‍കി ജന്മനാട്. ഇന്നലെ നാലു മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവര്‍ത്തകരുമെത്തി. റവന്യുമന്ത്രി കെ രാജന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
◾ വിജിലന്‍സിന് എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി ലഭിച്ചത് അദ്ദേഹത്തിന്റെ മരണശേഷമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്‍ നല്‍കിയ പരാതിയില്‍ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. പ്രശാന്തനെതിരെയും വിജിലന്‍സ് അന്വേഷണം ഉണ്ടാകും. അതേസമയം പെട്രോള്‍ പമ്പിന്റെ അനുമതിയില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി.
◾ എഡിഎമ്മിന്റെ മരണത്തില്‍ സിപിഎം വേട്ടപ്പട്ടിക്കൊപ്പമെന്ന് കെ മുരളീധരന്‍. എഡിഎം നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാല്‍ പത്തനംതിട്ടയില്‍ സിപിഎം നവീന്റെ കുടുംബത്തിനൊപ്പമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏര്‍പ്പാട് സിപിഎം അവസാനിപ്പിക്കണമെന്നും ദിവ്യയെ ഒരു നിമിഷം പോലും വൈകാതെ രാജിവെപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾ എഡിഎം നവീന്‍ ബാബുവിന്റെ വിയോഗം നാട്ടുകാരുടെ നഷ്ടമെന്ന് പത്തനംതിട്ട മുന്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ്. വെളളപ്പൊക്കത്തിന്റെയും കൊവിഡിന്റെയും കാലത്തും ശബരിമല മണ്ഡല വിളക്ക് കാലത്തും നവീന്‍ ബാബുവിനൊപ്പം ജോലി ചെയ്തിരുന്നുവെന്നും ജോലികള്‍ 100 ശതമാനം വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും നൂഹ് പറഞ്ഞു. ഒരു പണിയേല്‍പ്പിച്ചാല്‍ പണി ചെയ്ത് തീര്‍ത്തിട്ടാണ് വരിക. അതിലൊരു ചോദ്യവും പറച്ചിലുമില്ല. പരാതികളും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും പി.ബി നൂഹ് മാധ്യമങ്ങളോട് പ്രതികരിച്ചു.
◾ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് എഡിഎം നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു. പിപി ദിവ്യക്കെതിരെ നടപടി വേണമെന്നും പ്രവീണ്‍ ബാബു പറഞ്ഞു. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ആ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കുടുംബം അറിയിക്കുന്നത്.
◾ എ ഡി എം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ചും അദ്ദേഹം നേരിട്ട ക്രൂരമായ മാനസിക പീഡനത്തെക്കുറിച്ച് പരാമര്‍ശിച്ചും മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്. ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാകാതെയാണ് നവീന്‍ ബാബു ഈ ലോകത്തോട് വിടപറഞ്ഞതെന്ന് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടി.
◾ സിപിഐ അഭിഭാഷക സംഘടനാ നേതാവ് എസ്എസ് ബാലു പിവി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ പത്ര സമ്മേളനത്തിലാണ് അന്‍വര്‍ സിപിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അന്‍വര്‍ ആരോപണം തിരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
◾ തൃശൂര്‍ പൂരം അട്ടിമറി ആരോപണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ കീഴിലാണ് പ്രത്യേക സംഘം. ലോക്കല്‍ പൊലീസിലെയും സൈബര്‍ ഡിവിഷനിലേയും വിജിലന്‍സിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.
◾ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയ നൂതന ചികിത്സാരീതി വിജയം. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട കൊല്ലം ചാരുംമൂട് സ്വദേശിയായ 54 വയസുള്ള നിര്‍ധന രോഗിയ്ക്കാണ് സൗജന്യമായി അത്യാധുനിക ചികിത്സ ലഭ്യമാക്കിയത്. സങ്കീര്‍ണമായ സര്‍ജറി ഒഴിവാക്കി നൂതന ചികിത്സാ മാര്‍ഗമായ ഓര്‍ബിറ്റല്‍ അതരക്ടമി (orbital atherectomy) ചികിത്സയിലൂടെയാണ് സുഖപ്പെടുത്തിയത്. മികച്ച ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
2222222222222222222222222222
◾ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കുമ്പള സ്വദേശി നിഷ്മിത ഷെട്ടിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
◾ വയനാട്ടിലെ സ്പാ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. ആയുര്‍വേദ മസാജ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് പോലിസ് നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച സ്ഥാപന ഉടമകള്‍ ഒരാഴ്ച്ചക്കുള്ളില്‍ മതിയായ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലെത്തണം എന്നും നിര്‍ദ്ദേശമുണ്ട്.
◾ ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ആറ് പള്ളികള്‍ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജികള്‍ തള്ളി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ച് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജികള്‍ തള്ളിയത്. യാക്കോബായ വിഭാഗവും സര്‍ക്കാരുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
◾ ആലപ്പുഴയില്‍ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന പരാതി. പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവായ യുവതിയാണ് പരാതിക്കാരി. പാര്‍ട്ടി ഓഫീസില്‍ വച്ച് കയറിപ്പിടിച്ചുവെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
◾ എട്ടാം ക്ലാസില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വര്‍ഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുക്കി നിര്‍മിച്ച കണ്ണൂര്‍ ശിക്ഷക് സദന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
◾ ലക്ഷദ്വീപിന് മുകളിലടക്കം ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ സാധ്യത ശക്തമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു.
◾ റെയില്‍വേ മുന്‍കൂട്ടി ടിക്കറ്റെടുക്കാനുള്ള നിയമത്തില്‍ മാറ്റം വരുത്തി . ഇനി 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ . ദീര്‍ഘ ദൂര ട്രെയിനുകളില്‍ യാത്രയ്ക്ക് 120 ദിവസം മുന്‍പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിച്ചിരുന്ന നിയമമാണ് മാറ്റുന്നത്. നവംബര്‍ ഒന്നിന് പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ ബോര്‍ഡ്, പ്രിന്‍സിപ്പല്‍ ചീഫ് കോമേഴ്സ്യല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചു.
◾ നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ, പ്രമുഖ ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നായബിന്റെ സത്യപ്രതിജ്ഞ. പാഞ്ച്കുളയിലെ വാത്മീകി ക്ഷേത്രത്തില്‍ പൂജ നടത്തിയതിനുശേഷമാണ് നായബ് സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
◾ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പന്‍വേലിലെ ഫാംഹൗസില്‍ വെച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ കരാറെന്ന് നവി മുംബൈ പോലീസ്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്കെതിരെയുള്ള ചാര്‍ജ് ഷീറ്റിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാര്‍ എടുത്തതെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്.
◾ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയില്‍ ഇസ്രയേലിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നും നേരത്തെ ഇസ്രയേലി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊലപ്പെട്ടത് യഹിയ സിന്‍വര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്.
◾ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍. ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ 46 റണ്‍സിന് പുറത്താക്കിയ ന്യൂസീലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു.
◾ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ തനിക്ക് തെറ്റിപ്പോയെന്നും ഫ്‌ളാറ്റ് പിച്ചാണെന്ന് കരുതിയാണ് ബാറ്റിങ് തെരഞ്ഞെടുത്തതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാമിന്നിംഗ്സില്‍ 46 റണ്‍സിന് പുറത്തായിരുന്നു.
◾ വനിതാ ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയാണ് ദക്ഷിണാഫ്രിക്ക ചരിത്രനേട്ടം സ്വന്തമാക്കിയത്.
◾ ഇന്ത്യന്‍ വിപണിയില്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഇതുവരെയുള്ള നിക്ഷേപം നടത്തിയത് 4 ലക്ഷം കോടി. ഇതാദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുന്നത്. വര്‍ഷം അവസാനിക്കാന്‍ ഇനിയും രണ്ടു മാസം ശേഷിക്കെ ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഒക്ടോബറില്‍ ഇതു വരെ 68,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഈ വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വെറും 57 വ്യാപാരദിനങ്ങളാണെടുത്തത്. രണ്ടാമത്തെ ലക്ഷം കോടി 60 വ്യാപാര ദിനങ്ങളിലുമായി നിക്ഷേപിച്ചു. അതേസമയം, നാലാമത്തെ ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ 31 വ്യാപാര ദിനങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളു. സെപ്റ്റംബര്‍ വരെ വലിയ തോതില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് വലിയ തോതില്‍ പണമൊഴുക്കിയിരുന്നു. സെപ്റ്റംബറില്‍ മാത്രം 57,724 കോടി രൂപയാണ് നിക്ഷേപിച്ചത്. 2024ല്‍ ഒരു മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന നിക്ഷേപമായിരുന്നു ഇത്.
◾ ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂള്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ നടന്‍ അല്ലു അര്‍ജുന്‍ തന്റെ സിഗ്നേച്ചര്‍ പുഷ്പ ലുക്കില്‍ ഇരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. തിളക്കമുള്ള ഷര്‍ട്ടിലും ചുവന്ന ലുങ്കിയിലുമാണ് താരം. ധാരാളം സ്വര്‍ണ്ണാഭരണങ്ങളും ധരിച്ചിട്ടുണ്ട്. എന്തായാലും പുതിയ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡിസംബര്‍ 6ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. നേരത്തെ ഈ വര്‍ഷം ആഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പൊലീസ് വില്ലന്‍ കഥാപാത്രത്തെയാണ് പുഷ്പയില്‍ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ രശ്മിക മന്ദാന തന്നെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
◾ അനാര്‍ക്കലി മരയ്ക്കാര്‍, സുഹാസിനി, രണ്‍ജി പണിക്കര്‍, ഡയാന ഹമീദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസ് 'സോള്‍ സ്റ്റോറീസ്' സ്ട്രീമിങിനൊരുങ്ങുന്നു. സ്ത്രീകേന്ദ്രീകൃതമായ വിഷയം കൈകാര്യം ചെയ്യുന്ന സീരിസ് ജനപ്രയി ഒടിടി പ്ലാറ്റ്ഫോമായ 'മനോരമ മാക്സി'ലൂടെയാണ് റിലീസിനെത്തുന്നത്. സനില്‍ കളത്തിലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. ആര്‍ജെ കാര്‍ത്തിക്, വഫ ഖതീജ, ആശാ മടത്തില്‍, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരിസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സോള്‍ സ്റ്റോറീസിലൂടെ സുഹാസിനി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ഒക്ടോബര്‍ 18 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
◾ ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ടൈസര്‍ മൈക്രോ എസ്യുവിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. ടൊയോട്ട ടെയ്‌സര്‍ ലിമിറ്റഡ് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ 20,160 രൂപ വിലയുള്ള യഥാര്‍ത്ഥ ടൊയോട്ട ആക്‌സസറികളുമായാണ് വരുന്നത്. ഈ പ്രത്യേക പതിപ്പ് 10.56 ലക്ഷം മുതല്‍ 12.88 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിലാണ് എത്തുന്നത്. 100 ബിഎച്പി ഉത്പാദിപ്പിക്കുന്ന 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഇത് ലഭ്യമാകൂ. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ഓഫറില്‍ ലഭ്യമാണ്. ഈ മോഡല്‍ 2024 ഒക്ടോബര്‍ 31 വരെ മാത്രം ലഭ്യമാണ്.
◾ നാരായണീയവും ഭഗവദ് ഗീതയും ദേവിമാഹാത്മ്യവും അഷ്ടപദിയും സൗന്ദര്യലഹരിയും ഭക്തമനസ്സുകളിലേക്കെത്തിക്കുകയാണ് യൂട്യൂബിലൂടെ കഴിഞ്ഞ കുറെ കാലങ്ങളായി ഗ്രന്ഥകാരി. തന്റെ ജീവിതത്തിലുടനീളം അനുപൂരണം ചെയ്യുന്ന അദ്ധ്യാത്മിക ദര്‍ശനങ്ങളിലൂടെ അര്‍ത്ഥബോധനം നല്‍കുന്ന വലിയൊരു സാമൂഹികദൗത്യമാണ് എഴുത്തുകാരി നിര്‍വഹിക്കുന്നത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധത്തില്‍ സംസ്‌കൃതശ്ലോകങ്ങളെ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചയിതാവിന്റെ കര്‍മ്മപദ്ധതിക്ക് തുടക്കം കുറിച്ച ശക്തിയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി. ആത്മീയധാരയിലൂടെ സമാധാനത്തിന്റെയും സംതൃപ്തിയുടെയും പാതകളിലൂടെ സഞ്ചരിക്കാനുള്ള പാഥേയമാണിത്. 'എല്ലാം എനിക്കെന്റെ കണ്ണന്‍'. സുസ്മിത ജഗദീശന്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◾ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ രണ്ട് ഭക്ഷണങ്ങളാണ് ഓറഞ്ചും നെല്ലിക്കയും. നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ പ്രവണതയെ സന്തുലിതമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഓറഞ്ചിനേക്കാള്‍ ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളതിനാല്‍ നെല്ലിക്ക ഒരു സൂപ്പര്‍ഫുഡ് ആയി കണക്കാക്കപ്പെടുന്നു. ഈ ശക്തമായ ആന്റിഓക്‌സിഡന്റ് ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഫ്ലേവനോയിഡുകള്‍, പോളിഫെനോള്‍സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. ജലാംശം നിലനിര്‍ത്തുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ചൊരു പഴമാണ് ഓറഞ്ച്. ഓറഞ്ച് കഴിച്ചതിനുശേഷം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുന്നു. ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിന്റെ മെറ്റബോളിസത്തെ വളരെയധികം ത്വരിതപ്പെടുത്തുന്നു. വിറ്റാമിന്‍ സി ശരീരത്തെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കി മാറ്റാന്‍ സഹായിക്കുന്നു. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നെല്ലിക്കയും ഓറഞ്ചും സഹായകമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഓറഞ്ച് സഹായിക്കുന്നു. അതേസമയം നെല്ലിക്ക വിഷാംശം ഇല്ലാതാക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു.