2024 | ഒക്ടോബർ 16 | ബുധൻ | കന്നി 30
◾ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതികളും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നവംബര്‍ 13 നു വയനാട്, ചേലക്കര, പാലക്കാട് എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തും. വോട്ടെണ്ണല്‍ നവംബര്‍ 23 നാണ്. 81 സീറ്റുകളുള്ള ജാര്‍ഖണ്ഡില്‍ നവംബര്‍ 13-നും 20-നുമായി രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായായി നവംബര്‍ 20ന് ആയിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് സംസ്ഥാനത്തേയും വോട്ടെണ്ണല്‍ നവംബര്‍ 23-നാണ്.
◾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധിയും പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ ആലത്തൂര്‍ മുന്‍ എം.പി രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍.
◾ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. വൈകാതെ തന്നെ മൂന്നിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി എംബി രാജേഷും വ്യക്തമാക്കി.
◾ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ക്കായി എന്‍ഡിഎ ഒരുങ്ങിയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ . എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയില്‍ ഒരോ മണ്ഡലത്തിലും മൂന്നുപേരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം കൊടുത്ത ലിസ്റ്റിനു പുറത്തു നിന്നും സ്ഥാനാര്‍ഥി വരാമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
◾ പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളുണ്ടാവുമെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും അവിടെ ആര്‍ക്ക് പിന്തുണ കൊടുക്കുമെന്ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
◾ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ബിജെപി നേതാവ് പത്മജ വേണുഗോപാലിന്റെ ഫേസ് ബുക്ക് കുറിപ്പ്. പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കെ.കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസ്സുകാര്‍ക്ക് കിട്ടിയുള്ളൂവെന്നാണ് പത്മജയുടെ കുറിപ്പില്‍ പറയുന്നത്. കെ.കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ല എന്ന് പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചുവെന്നും പത്മജ കുറിച്ചു.
◾ രാഹുല്‍ മാങ്കൂട്ടത്തലിന് സീറ്റ് നല്‍കിയത് പാലക്കാട് ജില്ലയില്‍ മറ്റ് ആളില്ലാത്തതുകൊണ്ടല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമാണെന്നും ചെറുപ്പക്കാര്‍ക്ക് ആവേശം നല്‍കുന്ന യുവ നേതാവുമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ പാര്‍ട്ടിയില്‍ നിന്ന് പോലും ഇത്തവണ കോണ്‍ഗ്രസിന് വോട്ട് കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് നവംബര്‍ 13 ന് ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും. നവംബര്‍ 13 മുതല്‍ 15 വരെയുള്ള തീയ്യതികളില്‍ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. കല്‍പ്പാത്തി രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം.
◾ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പത്തനംതിട്ടയില്‍ നിന്നെത്തിയ ബന്ധുക്കളാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം ഏറ്റുവാങ്ങിയത്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയതെന്നും, എന്നാല്‍ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.
◾ കണ്ണൂരില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവില്‍ നിന്ന് തിങ്കളാഴ്ച വിജിലന്‍സ് മൊഴിയെടുത്തതായി വിവരം. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലന്‍സ് ഡിവൈഎസ്പി വിവരങ്ങള്‍ അന്വേഷിച്ചത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലന്‍സ് അധികൃതര്‍ പറയുന്നു.
◾ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
◾ കണ്ണൂര്‍ എഡിഎം നവീന്റെ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
◾ എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്. ഇന്ന് സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യൂ ജീവനക്കാരുടെ തീരുമാനം. ജീവനക്കാര്‍ മിക്കയിടത്തും അവധിക്ക് അപേക്ഷ നല്‍കി.
◾ ധിക്കാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും ആള്‍രൂപമായ പി.പി. ദിവ്യ ഒരു മനുഷ്യനെ പച്ചയായി കൊന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കണ്ണൂര്‍ എഡിഎം കെ. നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ പെട്രോള്‍ പമ്പ് പി.പി. ദിവ്യയുടെ തന്നെ കുടുംബത്തിന്റെ ബിനാമിയുടേതാണോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇതില്‍ ഇത്രയും വാശി കാണിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
◾ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് പിന്തുണയുമായി സിപിഎം നേതാവ് ജെയ്ക്ക് സി തോമസ്. ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ ഒരാളുടെ രാഷ്ട്രീയ ജീവിതം പകരം എടുക്കാന്‍ അനുവദിക്കില്ല. സംരംഭകന്‍ കൈക്കൂലി കൊടുത്തു എന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ജെയ്ക്ക് പറഞ്ഞു.
◾ കേരളത്തിലെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ ചര്‍ച്ചക്കിടെ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. പിന്നാലെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. എഡിഎമ്മിന്റെ മരണത്തില്‍ ധനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
◾ പ്രതിപക്ഷത്തിന്റെ അനാവശ്യമായ ബഹളം അംഗങ്ങള്‍ എല്ലാവരും നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തത് കൊണ്ടാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രതിപക്ഷം സ്വന്തം അടിയന്തര പ്രമേയത്തില്‍ നിന്ന് ഒളിച്ചോടുന്നത് രണ്ടാം തവണയെന്ന് മന്ത്രി രാജീവും കുറ്റപ്പെടുത്തി. ട്രെയിനിന്റെ സമയം അനുസരിച്ച് സഭ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് എംബി രാജേഷും വ്യക്തമാക്കി.
◾ ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയില്‍ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയില്‍ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
◾ സംസാര, ഭാഷാ വൈകല്യങ്ങള്‍ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്സില്‍ നിന്നും അയോഗ്യരാക്കുക . നേരത്തെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എംബിബിഎസ് പ്രവേശനത്തില്‍ നിന്നും വിലക്കിയിരുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ റെഗുലേഷനിലെ നിയമം റദ്ദാക്കുകയായിരുന്നു സുപ്രീം കോടതി.
◾ എഡിജിപി പി വിജയനെതിരെ എഡിജിപി എംആര്‍ അജിത്കുമാറിന്റെ മൊഴി. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുള്ളതായി മുന്‍ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആര്‍ അജിത്കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട രേഖയിലാണ് പരാമര്‍ശം.
◾ എഡിജിപി പി വിജയന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും മുന്‍ എസ്പി സുജിത് ദാസ് . എംആര്‍ അജിത് കുമാര്‍ താന്‍ അങ്ങനെ പറഞ്ഞു എന്ന തരത്തില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുജിത് ദാസ് പറഞ്ഞു. പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാന്‍ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് വ്യക്തമാക്കി.
◾ എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി സര്‍ക്കാര്‍. പകരം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്‍ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്.
◾ പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ വീണ്ടും പൊലീസ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തിയെന്ന ഷാജന്‍ സ്‌കറിയയുടെ പരാതിയില്‍ എരുമേലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറുനാടന്‍ മലയാളിയിലൂടെ സം്രേപക്ഷണം ചെയ്ത വാര്‍ത്തകള്‍ പി.വി അന്‍വര്‍ എഡിറ്റ് ചെയ്ത് മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിധം പ്രചരിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
◾ കെ എസ് ആര്‍ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് എല്ലാ മാസത്തിലും ഒന്നാം തീയതി തന്നെ മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എ സി സര്‍വീസുകളുടെ ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ല ഭാവിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നു എന്നതിന്റെ ഉദാഹരണമാണ് അത്യാന്താധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ ഫാസ്റ്റ് എ സി സര്‍വീസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ വഖഫ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഐക്യകണ്‌ഠേന പാസാക്കിയ പ്രേമേയത്തിനെതിരെ ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നെടുത്തിരിക്കുന്നത് ജനവിരുദ്ധ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 18,026.49 കോടിയാണെന്ന് നിയമസഭയില്‍ വെച്ച 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ പാലാരിവട്ടം മേല്‍പാലം നിര്‍മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ആണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.
◾ ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സര്‍വ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥലം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍.കൂടാതെ സങ്കേതത്തിന്റെ അതിരുകള്‍ തിട്ടപ്പെടുത്തതിന് പ്രസ്തുത വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും നിയമസഭയില്‍ എ രാജ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു.
◾ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആര്‍ ടി ഒ യുടെ നടപടി. ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
◾ തിരുവനന്തപുരം കരവാരം പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലത്തെ കൗണ്‍സിലില്‍ പാസായതോടെയാണ് ഭരണം നഷ്ടമായത്. പഞ്ചായത്തിലെ ഒരു കോണ്‍ഗ്രസ് അംഗവും രണ്ട് എസ്ഡിപിഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് ബിജെപി അംഗം വി ഷിബുലാലിന്റെ പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
◾ തൂണേരി ഷിബിന്‍ വധക്കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് . ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ 19 വയസുകാരന്‍ ഷിബിനെ വടകരയിലെ തൂണേരിയില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കും 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കാനും കോടതി വിധിച്ചു.
◾ ദേശീയപാതയില്‍ ആറാം മൈലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. 15 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നേര്യമംഗലം അടിമാലി റോഡില്‍ ആറാം മൈലിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചക്ക് 2.17 നാണ് അപകടം.
◾ തിരുവനന്തപുരം പൂജപ്പുര ജംഗ്ഷനില്‍ കന്നാസില്‍ പെട്രോളുമായി എത്തിയ യുവാവ് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. പെട്രോളുമായി നടന്നു പോകുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോലീസിലെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചിരുന്നു. അവര്‍ എത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തലയിലൂടെ പെട്രോള്‍ ഒഴിച്ച് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
◾ കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുകയായിരുന്ന ഓടുന്ന ബസില്‍ നിന്ന് തുറന്നുകിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്.
◾ ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തിയുള്ള കവര്‍ച്ചയില്‍ ശാസ്ത്രീയ പരിശോധനകള്‍ തുടരുന്നു. മയക്കുമരുന്ന് കലര്‍ത്തിയെന്ന് കരുതുന്ന ഫ്ലാസ്‌ക്കിലെ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്കായി റെയില്‍വേ പൊലീസ് സംഘം കൊണ്ടുപോയി. തമിഴ്നാട്ടിലെ ഹുസൂരിലെ ദമ്പതികളുടെ വീട്ടിലെത്തി പൊലീസ് സംഘം മൊഴിയെടുത്തു.സ്വര്‍ണവും പണവുമെല്ലാം കൂടെ യാത്ര ചെയ്തിരുന്നയാള്‍ മോഷ്ടിച്ചുവെന്നാണ് നിഗമനം.
◾ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാര്‍ഹമാണെന്നും കേരള ഹൈക്കോടതി. കുട്ടി കാണണം എന്ന ഉദ്ദേശത്തോടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ പറഞ്ഞു.
◾ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ ബഹറൈച്ചില്‍ കനത്ത ജാഗ്രത. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബം യുപി പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചു.ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നടന്നത്.
◾ എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി. ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഈ മരുന്നുകളുടെ വില 50 ശതമാനം വരെ ഉയരും. വില വര്‍ധിപ്പിക്കാന്‍ മരുന്ന് നിര്‍മ്മാതാക്കളില്‍ നിന്ന് എന്‍പിപിഎയ്ക്ക് അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മരുന്നുകളുടെ വില ഉയര്‍ത്താനുള്ള നടപടി സ്വീകരിച്ചത്.
◾ ബെംഗളൂരു നഗരത്തില്‍ കനത്ത മഴ. നഗരത്തിലെ ഹെബ്ബാള്‍, ഇലക്ട്രോണിക് സിറ്റി, ഔട്ടര്‍ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ് നഗര, മഹാദേവപുര എന്നിവിടങ്ങളില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. തിങ്കളാഴ്ച വൈകിട്ടോടെയാണ് മഴ ശക്തമായത്. മൈസുരു- ബംഗളുരു ഹൈവേയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.
◾ തമിഴ്നാട്ടില്‍ കനത്ത മഴ. ചെന്നൈ നഗരത്തിലടക്കം വെള്ളക്കെട്ടില്‍, രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. നിരവധി വീടുകളില്‍ വെളളം കയറി. പല സബ് വേകളും അടച്ചു. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 4 ട്രെയിനുകളും ദക്ഷിണ റെയില്‍വേ ഇന്നലെ റദ്ദാക്കി. ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു
◾ മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഹരീഷ് കുമാര്‍ ബാലക് രാമിനെയാണ് അറസ്റ്റ് ചെയ്തത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും കൊലപാതകികള്‍ക്ക് പണം നല്‍കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.
◾ തുടരെ തുടരെയുള്ള ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്നലെ ആറു വിമാനങ്ങള്‍. കൂടി താഴെയിറക്കിയതോടെ അന്വേഷണം പ്രഖ്യാപിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. ദില്ലി ചിക്കാഗോ എയര്‍ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇന്‍ഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയര്‍, മധുര സിംഗപൂര്‍ എയര്‍ ഇന്ത്യ വിമാനങ്ങളാണ് ബോംബ് ഭീഷണി കാരണം ഇന്നലെ താഴെ ഇറക്കിയത്. തിങ്കളാഴ്ച മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി വന്നത്. ഇതില്‍ രണ്ടെണ്ണം ഇന്‍ഡിഗോയുടേയും ഒന്ന് എയര്‍ ഇന്ത്യ വിമാനത്തിനും നേരെയായിരുന്നു.
◾ പരമേഷ് ശിവമണി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. കോസ്റ്റ് ഗാര്‍ഡിന്റെ ഇരുപത്തിയാറമത്തെ ഡയറക്ടര്‍ ജനറലാണ് പരമേഷ് ശിവമണി. അന്തരിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാലിന് പകരമായാണ് എസ് പരമേഷ് സ്ഥാനമേറ്റത്ത്.
◾ പ്രതിരോധ സേനകള്‍ക്കായി 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു . 32,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാര്‍ ഒപ്പിട്ടതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾ ന്യൂസിലാണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ഒന്നാമത്തെ മത്സരം ഇന്നു മുതല്‍. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്ക് മത്സരം ആരംഭിക്കും . മൊത്തം മൂന്ന് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പയിലുള്ളത്.
◾ വനിതാ ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് തോല്‍പിച്ച വിന്‍ഡീസ് സെമിഫൈനലില്‍ കടന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം 2 ഓവര്‍ ബാക്കി നില്‍ക്കെ മറികടന്ന വിന്‍ഡീസ് മികച്ച നെറ്റ് റണ്‍റേറ്റോടെ ബി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സെമിയില്‍ എത്തിയത്. മത്സരത്തിനു മുന്‍പ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇംഗ്ലണ്ട്, തോല്‍വിയോടെ മൂന്നാം സ്ഥാനത്തേക്കു വീണു. ഇതോടെ ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയിലെത്തി. ഗ്രൂപ്പ് എയില്‍ നിന്ന് നേരത്തെ ഓസ്ട്രേലിയയും ന്യൂസിലാണ്ടും സെമിയിലെത്തിയിരുന്നു.
◾ 27,870 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ള ഹ്യുണ്ടായ് ഐ.പി.ഒയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചത് 18 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി നീക്കി വച്ചതിന് 5 ശതമാനവും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ളതിന് 26 ശതമാനവും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കുള്ളതിന് 13 ശതമാനവും അപേക്ഷകള്‍ ലഭിച്ചു. റീറ്റെയില്‍ നിക്ഷേപകര്‍ക്കായി 4.94 കോടി ഓഹരികള്‍ മാറ്റിവച്ചതില്‍ 1.3 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 2.12 കോടി ഓഹരികള്‍ നീക്കിവച്ചതില്‍ 27.66 ലക്ഷം ഓഹരികള്‍ക്കാണ് അപേക്ഷ ലഭിച്ചത്. ജീവനക്കാര്‍ക്കുള്ള 7.78 ലക്ഷം ഓഹരികളില്‍ 6.19 ലക്ഷം ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചതില്‍ അഞ്ച് ശതമാനത്തിനാണ് ഇന്ന് അപേക്ഷ ലഭിച്ചത്. ഐ.പി.ഒയ്ക്ക് മുന്നോടിയായി 225 ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഇന്നലെ 8,315.3 കോടി രൂപ ഹ്യുണ്ടായ് സമാഹരിച്ചിരുന്നു. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഹ്യുണ്ടായ് ഐ.പി.ഒയുമായി എത്തിയത്. 17ന് ഓഹരി വില്‍പ്പന അവസാനിക്കും. 18നാണ് ഓഹരികള്‍ അലോട്ട് ചെയ്യുക. 22ന് ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.
◾ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന 'മുറ'യിലെ ശ്രീനാഥ് ഭാസ് ആലപിച്ച ഗാനം ഫഹദ് ഫാസില്‍ റിലീസ് ചെയ്തു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഫഹദ് ഗാനം പുറത്തിറക്കിയത്. മുറ ചിത്രത്തിന്റെ ടീസറിനും ടൈറ്റില്‍ സോങിനും പിന്നാലെയാണ് ശ്രീനാഥ് ഭാസി ആലപിച്ച 'നൂലില്ലാ കറക്കം' എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റോ ജോബിയാണ്. സുരാജ് വെഞ്ഞാറമൂടും ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, തഗ്‌സ്, മുംബൈക്കാര്‍ തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണുമാണ് മുറയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ ഹന്ന റെജി കോശിയും കലേഷ് രാമാനന്ദനും ഒന്നിക്കുന്ന 'ഫെയ്‌സസ്' സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചര്‍ച്ചയാകുന്നു. ടോപ്ലെസ് ആയി ബോഡി പെയ്ന്റിങ് ചെയ്താണ് നായകനും നായികയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നവാഗതനായ നീലേഷ് ഇകെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എസ്വികെഎ മൂവീസിന്റെ ബാനറില്‍ എസ്‌കെആര്‍, അര്‍ജുന്‍ കുമാര്‍, ജനനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുമന്‍ സുദര്‍ശനനും, നീലേഷും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ബികെ ഹരിനാരായണന്റെതാണ് വരികള്‍. സരയു, അര്‍ജുന്‍ ഗോപാല്‍, ശിവജി ഗുരുവായൂര്‍, ആര്‍ജെ വിജിത, മറീന മൈക്കിള്‍, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, ബിറ്റോ ഡേവിസ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
◾ വില്‍പ്പന വീണ്ടും കൂട്ടാന്‍ ബലേനോയുടെ പുതിയ റീഗല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. പരിമിത കാലത്തേക്ക് മാത്രമേ ഈ പതിപ്പ് വാങ്ങാന്‍ കഴിയൂ. ഇതില്‍ ഓട്ടോമാറ്റിക്, സിഎന്‍ജി ഓപ്ഷനുകള്‍ ഉള്‍പ്പെടുന്നു. മാരുതി ബലേനോയുടെ സിഎന്‍ജി പതിപ്പ് 30.61 കിമി/കിലോഗ്രാം മൈലേജ് നല്‍കുന്നു. കാറിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 22.35 മുതല്‍ 22.94 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. ഇതിന് 1197 സിസി, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, ഇത് 6000 ആര്‍പിഎമ്മില്‍ 88.5 ബിഎച്ച്പി പവറും 4400 ആര്‍പിഎമ്മില്‍ 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായോ 5-സ്പീഡ് എഎംടിയുമായോ ഘടിപ്പിച്ചിരിക്കുന്നു. നിലവില്‍ ബലേനോയ്ക്ക് 6.60 ലക്ഷം മുതല്‍ 9.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടി വരിക. റീഗല്‍ എഡിഷനൊപ്പം ആല്‍ഫ വേരിയന്റിന് അധികമായി 45,820 രൂപയും, സീറ്റയ്ക്ക് 50,428 രൂപയും, ഡെല്‍റ്റയ്ക്ക് 49,990 രൂപയും, സിഗ്മയ്ക്ക് 60,199 രൂപയും അധികമായി മുടക്കിയാല്‍ മതിയാവും.
◾ 1948 ജനുവരിയവസാനം പ്രവര്‍ത്തിച്ചു വിജയിച്ച ആ യന്ത്രത്തിന്റെ ബുള്ളറ്റുകള്‍ ഇന്നും മരിക്കാതെ വീണ്ടും വീണ്ടും ഒച്ചകേള്‍പ്പിക്കുന്നതിനു കാരണവും 1948ലേതുതന്നെ എന്നോര്‍ക്കുമ്പോഴാണ് നാം ആരാണെന്നും നാം എവിടേക്കാണു സഞ്ചരിക്കുന്നതെന്നും നമുക്കു ബോദ്ധ്യമാവുക. 1948ലെ പക നിന്നേടത്തുതന്നെ നിന്ന് വളര്‍ന്നു തിടംവെച്ചപ്പോള്‍, നാം അതിനെതിരേ നീന്തി അനേകദൂരം മുന്നോട്ടു പോയതിന്റെ ബോദ്ധ്യം. ഈ ബോദ്ധ്യത്തിന്റെ ശരിയായ വിവരണമാണ് നിങ്ങള്‍ ഇപ്പോള്‍ വായിക്കാനെടുത്തിരിക്കുന്നത്. കാലത്തിന്റെ നിശ്ശബ്ദതയെ ചോദ്യംചെയ്യുന്ന 23 ലേഖനങ്ങള്‍. എന്നന്നേക്കുമായി തോല്‍ക്കാതിരിക്കാനുള്ള ഔഷധങ്ങള്‍. വെറുപ്പിന്റെ ഫൗളുകള്‍ക്ക് ഒരു ചുവപ്പുകാര്‍ഡ്. 'ഒറ്റനിറമുള്ള മഴവില്ല്'. മധു വി.കെ. മാതൃഭൂമി. വില 170 രൂപ.
◾ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളില്‍ ഒന്നാണ് കൊഴുപ്പ്. നമ്മുടെ ദൈനംദിന ഊര്‍ജ്ജ നില നിലനിര്‍ത്താനും ശരീരത്തില്‍ വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യുന്നതിനും കോശ നിര്‍മാണത്തിനും കൊഴുപ്പ് ശരീരത്തില്‍ കൂടിയേ തീരൂ. എന്നാല്‍ എല്ലാ തരം കൊഴുപ്പുകളും നല്ലതല്ല താനും. സസ്യാധിഷ്ഠിത ഭക്ഷണത്തിലാണ് കൂടുതലായും അപൂരിത കൊഴുപ്പുകള്‍ കാണുന്നത്. കൊളസ്ട്രോള്‍, ശരീരവീക്കം എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അപൂരിത കൊഴുപ്പ് സഹായിക്കും. ഫാറ്റി ആസിഡ് അടങ്ങിയ കൊഴുപ്പാണ് മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. ഇവ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒലിവ് ഓയില്‍, നിലക്കടല എണ്ണ, അവോക്കാഡോ, ബദാം, മത്തങ്ങ വിത്തുകള്‍, എള്ള് എന്നിവയില്‍ മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡ് അടങ്ങിയവയാണ് പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ്. സൂര്യകാന്തി, ചോളം, ഫ്ളാക്സ് വിത്തുകള്‍, വാല്‍നട്ട് എന്നിവയില്‍ പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഘടകമാണ് ഒമേഗ-3 കൊഴുപ്പ്. മത്സ്യം, വാല്‍നട്ട്, ചിയ വിത്തുകള്‍ തുടങ്ങിയവയില്‍ ഒമേഗ-3 കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. മൃഗ ഉല്‍പ്പന്നങ്ങളിലാണ് കൂടുതലായും സാച്ചുറേറ്റഡ് കൊഴുപ്പ് ഉള്ളത്. വെളിച്ചെണ്ണ പോലുള്ള സസ്യഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. സാച്ചുറേറ്റഡ് കൊഴുപ്പ് അമിതമാകുന്നത് ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍), അപ്പോളിപോപ്രോട്ടീന്‍ ബി എന്നിവ കൂട്ടാന്‍ കാരണമാകും. എന്നാല്‍ 6-7% വരെ മിതമായ രീതിയില്‍ കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമല്ല. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് കൊഴുപ്പ് ചീത്ത കൊളസ്ട്രോള്‍ കൂട്ടാനും ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ശരീരവീക്കം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.