നാടിനെ നടുക്കിയ സംഭവമാണ് മംഗലപുത്ത് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് 20 വയസുകാരിയായ നഴ്സിങ് വിദ്യാർഥിയെ രണ്ടുപേർ ചേർന്ന് വീട്ടില്‍ അതിക്രമിച്ചുകയറി അതിക്രൂരമായി പീഡിപ്പിച്ചത്.
ഈസമയം, വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു. സമീപപ്രദേശത്ത് കേബിള്‍ പണിക്കായി എത്തിയ കൊല്ലം സ്വദേശികളാണ് ക്രൂരകൃത്യത്തിന് പിന്നില്‍. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പ്രദേശത്ത് ജോലി ചെയ്തുവരികയാണ്.
20-കാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്നവരായിരുന്നു. പെണ്‍കുട്ടിയും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരൻ പുറത്തുപോയ സമയം നോക്കിയാണ് രണ്ടുപേരും വീട്ടില്‍ അതിക്രമിച്ചുകയറി ക്രൂര പീഡനത്തിനിരയാക്കിയത്. അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്ബും ഈ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് വിവരം.
വീട്ടില്‍ ആരും ഇല്ലാതാകുന്ന സമയം നേരത്തേ നോക്കിവെച്ച ശേഷമാണ് അക്രമികള്‍ വീട്ടിലെത്തിയത്. ഒച്ചവെയ്ക്കാൻ ആവുന്നതിനും മുമ്ബേ ഇരുവരും ചേർന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി ശേഷമായിരുന്നു പീഡനം. ഇതിനുപിന്നാലെ ഇരുവരും ഇവിടെനിന്ന് മുങ്ങിയിരുന്നു. എന്നാല്‍, രാത്രിയോടെ പോലീസ് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കൊല്ലം കൊട്ടിയം സ്വദേശികളായ ബൈജു, ജിയോ എന്നീ രണ്ടുപേരെയാണ് പിടികൂടിയത്. ഇതില്‍ ബൈജു എന്നയാള്‍ പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടയാളാണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും