കെ.എസ്.എഫ്.ഇ നിരവധി നിക്ഷേപ പദ്ധതികളും വായ്പാ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ എടുത്തു പറയേണ്ടത് കെ.എസ്.എഫ്.ഇ നല്‍കുന്ന ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളാണ്. പല ബാങ്കുകളും നല്‍കുന്നതിനേക്കാള്‍ ഉയർന്ന പലിശ നിരക്കാണ് കെ.എസ്.എഫ്.ഇ എഫ്.ഡികള്‍ക്ക് നല്‍കുന്നത്.
വന്ദനം, നേട്ടം, നേട്ടം പ്ലസ് എന്നീ എഫ്.ഡികളാണ് കെ.എസ്.എഫ്.ഇ പ്രധാനമായും നല്‍കുന്നത്. ഇവയെല്ലാം മികച്ച സ്ഥിര നിക്ഷേപങ്ങളായി കണക്കാക്കാം. ആകർഷകമായ പലിശയോടെ ഉറപ്പുള്ള വരുമാനം നല്‍കുന്ന ഒരു എഫ്.ഡി സ്കീമാണ് നേട്ടം പ്ലസ്.
ഈ എഫ്.ഡി സ്കീമിന്റെ നിക്ഷേപ കാലാവധി 444 ദിവസം വരെയാണ്. അതായത് ഏകദേശം ഒരു വർഷവും 2 മാസവും 19 ദിവസവും കണക്കാക്കാം. പലിശ നിരക്ക് പ്രതിവർഷം 8.5% വരും. ഈ നിക്ഷേപത്തില്‍ നിങ്ങള്‍ 1 ലക്ഷം നിക്ഷേപിച്ചാല്‍ 444 ദിവസം കൊണ്ടാണ് അതിന്റെ കാലാവധി പൂർത്തിയാവുന്നത്. അങ്ങനെയെങ്കില്‍ ഈ കാലയളവിലെ നിക്ഷേപത്തിന്റെ പലിശ മാത്രം 10,340 രൂപയാണ്. അതായത് കാലാവധി പൂർത്തിയാവുമ്ബോള്‍ മൊത്തം തുക 1,10,340 രൂപയാവും.
ഇതേ കാലാവധിയിലേക്ക് നിങ്ങള്‍ 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പലിശ മാത്രം 20,679 രൂപ നേടാം. കാലാവധി പൂർത്തിയാവുമ്ബോള്‍ മൊത്തം തുക 2,20,679 രൂപയാവും.
നേട്ടം പ്ലസിന്റെ കാലാവധിയായ 444 ദിവസത്തിനു മുന്നേ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപ തുക പിൻവലിക്കാം. എന്നാല്‍ 1 മാസം പൂർത്തിയാവുന്നതിനു മുന്നേ പിൻവലിച്ചാല്‍ ഒരു രൂപ പോലും ലാഭം കിട്ടില്ല. ഒരു മാസത്തിനു ശേഷവും 444 ദിവസത്തിനു മുന്നേയും പിൻവലിച്ചാല്‍ നേട്ടം പ്ലസ് വാഗ്ദാനം ചെയ്യുന്ന പലിശ ലഭിക്കില്ല. പകരം കെ.എസ്.എഫ്.ഇ യുടെ സുഗമ സേവിംഗ്സ് സ്കീമിലെ പലിശ ലഭിക്കും. സുഗമ കെ.എസ്.എഫ്.ഇയുടെ ഒരു സേവിംഗ്സ് അക്കൗണ്ട് സ്കീമാണ്. കുറഞ്ഞ പലിശയാണ് സുഗമ ഉറപ്പാക്കുന്നത്.
കെ.എസ്.എഫ്.ഇയുടെ നേട്ടം പ്ലസ് എഫ്.ഡിയ്ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭ്യമല്ല. മാത്രമല്ല ഈ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നികുതി അടക്കേണ്ടി വരും.
കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേരുന്നവർക്ക് എഫ്.ഡിയിലും നിക്ഷേപിക്കാൻ സാധിക്കും. അതായത് ചിട്ടിയില്‍ നറുക്കെടുപ്പിലൂടെയോ ലേലം വിളിക്കുമ്ബോഴോ വലിയ തുക ലഭിച്ചാല്‍ അത് പിൻവലിക്കാതെ കെ.എസ്.എഫ്.ഇയുടെ എഫ്.ഡിയില്‍ നിക്ഷേപിക്കാം. എഫ്.ഡി പലിശ ചിട്ടിയുടെ തിരിച്ചടവിലേക്കും കൊടുക്കാവുന്നതാണ്. വലിയ തുക പിൻവലിക്കാൻ സാധിക്കാതെ വരുമ്ബോള്‍ ഈ മാർഗം പലരും ഉപയോഗിക്കാറുണ്ട്.