*പ്രഭാത വാർത്തകൾ*
2024 | നവംബർ 24 | ഞായർ | വൃശ്ചികം 9
◾ ഭരണവിരുദ്ധ വികാരം എന്ന പ്രചരണം ലവലേശം ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്നും ചേലക്കരയിലേത് തിളങ്ങുന്ന വിജയമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുപ്രചരണങ്ങളെയും കടന്നാക്രമങ്ങളെയും ജനം മുഖവിലയ്ക്കെടുത്തില്ലെന്നും സര്‍ക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതല്‍ ദൃഢമാക്കുന്നതാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് പറഞ്ഞ മുഖ്യമന്ത്രി പാലക്കാട് വര്‍ഗീയതയ്ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്നും കൂട്ടിച്ചേര്‍ത്തു.
◾ മുനമ്പത്തെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. അതേസമയം സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യല്‍ കമ്മിഷനോട് സഹകരിക്കുമെന്ന് ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാര്‍, നേരിട്ട് ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
◾ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്ന് ഉറപ്പുവരുത്തുമെന്നും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി ഉജ്വല വിജയമാണ് നേടിയതെന്നും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷാഫി പറമ്പില്‍ 2021ല്‍ വിജയിച്ചതിന്റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിനാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചതെന്നും പതിനെണ്ണായിരം എന്ന ഭൂരിപക്ഷം ബിജെപിയുടെയും സിപിഎമ്മിന്റെയും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും സതീശന്‍ പറഞ്ഞു. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നു തെളിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
◾ പാലക്കാട് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലും വോട്ട് ചോര്‍ച്ചയുണ്ടായതിലും, കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍. പാലക്കാട് സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി നേതാവ് എന്‍ ശിവരാജന്‍ പറഞ്ഞു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.
◾ സിപിഎമ്മിനെ പരിഹസിച്ച് വി കെ ശ്രീകണ്ഠന്‍ എംപി. ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ എന്ന് എ കെ ബാലനെ ട്രോളി കൊണ്ടായിരുന്നു ശ്രീകണ്ഠന്റെ പാട്ട്. പാലക്കാടിന്റെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതുപോലെ കരണക്കുറ്റിക്ക് അടി കിട്ടുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചതിന് പിന്നാലെ വേറിട്ട ആഘോഷവുമായി പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട്ടെ സിപിഎമ്മിന് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ടാണ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വിജയം ആഘോഷിച്ചത്. പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസിലാണ് പ്രവര്‍ത്തകര്‍ ട്രോളി ബാഗ് കൊടുത്തു വിട്ടത്.
◾ ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് സന്ദീപ് വാര്യര്‍. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കില്‍ ചെകുത്താന്‍ കയറിയ വീട് എന്ന് പാടാം എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രജിനികാന്തിന്റെ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യര്‍ മറുപടി പറഞ്ഞത്. കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ ഡയലോഗ്.
◾ ഭരണവിരുദ്ധ വികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.പ്രയിങ്കാ ഗാന്ധി നേടിയ വിജയം മോദി -പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ താക്കീതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
◾ ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്നും സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പാലക്കാട്ടെ യുഡിഎഫിന്റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ചാണെന്നും സരിന്‍ ഇടതുപക്ഷത്തിന് മുതല്‍ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
◾ ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ലെന്നും വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു .
◾ പാലക്കാട് മഴവില്‍ സഖ്യം എന്ന എംവി ഗോവിന്ദന്റെ പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. തകര്‍പ്പന്‍ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള പ്രതികരണം ജനങ്ങള്‍ ചിരിച്ചു തള്ളുമെന്നും അവര്‍ പറഞ്ഞു. പത്രങ്ങളില്‍ ഇടതുമുന്നണി നല്‍കിയ വര്‍ഗീയ വിഷലിപ്തപ്രചരണം ജനങ്ങളെ രോഷാകുലരാക്കിയെന്നും വര്‍ഗീയ പ്രചരണം ജനങ്ങള്‍ അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് ഈ ജനവിധി എന്നും അവര്‍ പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയത്തിനുശേഷം പാലക്കാട് നഗരത്തില്‍ നടത്തിയ റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുല്‍ മാങ്കൂട്ടത്തില്‍, വികെ ശ്രീകണ്ഠന്‍ എംപി, സന്ദീപ് വാര്യര്‍, പികെ ഫിറോസ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന ജീപ്പില്‍ കയറി വിജയം ആഘോഷിക്കുന്നതിനിടെയാണ് പിസി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ പിസി വിഷ്ണുനാഥ് ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ വീണ്ടും ആഘോഷത്തില്‍ പങ്കെടുത്തു.
◾ പ്രിയങ്ക ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് കെ സി വേണുഗോപാല്‍. ഗോവിന്ദന്‍ മാഷിന്റെ മുഖത്ത് ബിജെപി തോറ്റതിന്റെ വിഷമമാണെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു. ബിജെപിയെ തോല്‍പിച്ച രാഹുല്‍മാങ്കൂട്ടത്തിലിനെ അഭിനന്ദിക്കുകയാണ് എംവി ഗോവിന്ദന്‍ ചെയ്യേണ്ടിയിരുന്നതെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ തോല്‍വി അംഗീകരിക്കുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 26-27 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ ഹാത്രസില്‍ ഫുഡ് ഗോഡൗണില്‍ തളിച്ച കീടനാശിനി ശ്വസിച്ച് നൂറിലധികം കുരങ്ങുകള്‍ ചത്തെന്ന് പൊലീസ്. ജഡം രഹസ്യമായി ഒരു വലിയ കുഴിയില്‍ കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. കുഴിച്ചിട്ട ജഡം മൃഗ ഡോക്ടര്‍മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. പ്രീണനരാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വോട്ട് ബാങ്ക് സുരക്ഷിതമാക്കാന്‍ വഖഫിനെ അവര്‍ കൂട്ടുപിടിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.
◾ മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ അതിദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഒരു പ്രതിപക്ഷ പാര്‍ട്ടിക്കും കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 288 അംഗ നിയമസഭയില്‍ 10 ശതമാനം അല്ലെങ്കില്‍ 29 സീറ്റുകള്‍ ഉള്ള ഒരു പാര്‍ട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍, മഹാവികാസ് അഘാടി സഖ്യത്തിലെ ഒരു പാര്‍ട്ടിയ്ക്കും 29 സീറ്റുകള്‍ സീറ്റുകള്‍ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷത്തുള്ള ഉദ്ധവ് താക്കറെ വിഭാഗം ശിവസേനക്ക് 20 ഉം കോണ്‍ഗ്രസിന് 16 ഉം ശരദ് പവാര്‍ വിഭാഗം എന്‍.സി.പിക്ക് 10 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതേസമയം 236 സീറ്റുകളോടെ അധികാരത്തില്‍ വന്ന മഹായുതി സഖ്യത്തിലെ ബിജെപിക്ക് 132 ഉം ശിവസേനക്ക് 57 ഉം എന്‍സിപിക്ക് 41 ഉം സീറ്റുകള്‍ ലഭിച്ചു.
◾ മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാറിന്റെ മുന്നേറ്റം അമ്പരപ്പിക്കുന്നതാണെന്ന് വിലയിരുത്തല്‍. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരം നിലനിര്‍ത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 48 ലോക്സഭാ സീറ്റില്‍ 17 എണ്ണം മാത്രമാണ് ബിജെപി സഖ്യത്തിന് നേടാന്‍ കഴിഞ്ഞത്.
◾ മഹാരാഷ്ട്രയിലേറ്റ തിരിച്ചടിയില്‍ വൈകാരികമായി പ്രതികരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എങ്കിലും തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍ഡിഎ തരംഗമല്ല, വോട്ടിന്റെ സുനാമി ഉണ്ടായതായാണ് മനസ്സിലാവുന്നതെന്നും എന്നാല്‍ ഇത്തരമൊരു ജനവിധിയുണ്ടാവാന്‍ അവര്‍ എന്താണ് ചെയ്തതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യാ സംഘം ഭൂരിപക്ഷത്തിലെത്തിയതിനു പിന്നാലെ മക്കളോടൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. എന്റെ ശക്തി എന്നാണ് മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതിയത്.
◾ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്സരിച്ച മൂന്നിടത്തും കെട്ടിവെച്ച കാശ് നഷ്ടമായി. നാലില്‍ മൂന്നിടത്തും ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്നില്‍ താഴെ വോട്ടുകള്‍ മാത്രമേ ജന്‍ സൂരജ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചുള്ളൂ. അതേസമയം 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
◾ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ എലോണ്‍ മസ്‌കിനുള്ള സ്വാധീനത്തില്‍ വലിയ ഉത്കണ്ഠ പ്രകടിപ്പിച്ച് മുന്‍ ജര്‍മന്‍ ചാന്‍സിലര്‍ ഏഞ്ചെല മെര്‍ക്കല്‍. ഡൈ സെയ്റ്റില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
◾ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെടുത്തിട്ടുണ്ട്. 90 റണ്‍സുമായി യശസ്വി ജയ്സ്വാളും 62 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസിലുണ്ട്. 10 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 218 റണ്‍സിന്റെ ആകെ ലീഡുണ്ട്. നേരത്തെ 67ന് 7 എന്ന നിലയില്‍ ഒന്നാമിന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 104 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
◾ ബോളിവുഡ് താരം സഞ്ജയ് ദത്തിന് പങ്കാളിത്തമുള്ള പ്രീമിയം സ്‌കോച്ച് വിസ്‌കി ബ്രാന്‍ഡായ ദ ഗ്ലെന്‍വോക്കിന്റെ വിപണി വിഹിതത്തില്‍ വന്‍ വര്‍ധന. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴുമാസം കൊണ്ട് ആറുലക്ഷം കുപ്പി വിസ്‌കിയാണ് കമ്പനി വിറ്റത്. നിലവില്‍ 10 സംസ്ഥാനങ്ങളിലാണ് ഈ പ്രീമിയം ബ്രാന്‍ഡിന് മാര്‍ക്കറ്റുള്ളത്. കേരളത്തില്‍ ഇതുവരെ വില്‍പന തുടങ്ങിയിട്ടില്ല. ഗ്ലെന്‍വോക്ക്‌സിന്റെ വിസ്‌കിയില്‍ നിന്നുള്ള വരുമാനത്തിന്റെ 45 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. ഹരിയാന (25), ഉത്തര്‍പ്രദേശ് (20) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. നിലവില്‍ ഗോവ, ഡല്‍ഹി, പഞ്ചാബ്, ചണ്ഡിഗഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ദാമന്‍ ദിയു എന്നിവിടങ്ങളിലും ഗ്ലെന്‍വോക്ക്‌സിന് സാന്നിധ്യമുണ്ട്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ഘട്ടത്തില്‍ ലക്ഷ്യംവയ്ക്കാനാണ് കമ്പനിയുടെ നീക്കം. പരീക്ഷണം കുപ്പിയിലും കഴിഞ്ഞ മാസം ഒരു ലിറ്ററിന്റെ ബോട്ടില്‍ പുറത്തിറക്കിയ കമ്പനി ഈ മാസം200 മില്ലി ലിറ്ററിന്റെ ബോട്ടിലും വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നുണ്ട്.
◾ ജയം രവിയും നിത്യ മേനനും പ്രധാന വേഷത്തില്‍ എത്തുന്ന 'കാതലിക്കാ നേരമില്ലൈ' എന്ന ചിത്രത്തിലെ ഗാനം എത്തി. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. എ ആര്‍ റഹ്‌മാനും ധീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇപ്പോള്‍ ട്രെന്റി?ങ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 'കാതലിക്കാ നേരമില്ലൈ' ഡിസംബര്‍ 20നാകും തിയറ്ററുകളില്‍ എത്തുക എന്നാണ് വിവരം. കിരുത്തിഗ ഉദനിധിയാണ് സംവിധാനം. നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയം രവി പറഞ്ഞിരുന്നു.
◾ പുതുമുഖങ്ങളായ സോണി ജോണ്‍, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എന്‍ വി മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വവ്വാലും പേരയ്ക്കയും'. ആര്‍ എസ് ജെ പി ആര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ രഘുചന്ദ്രന്‍ ജെ മേനോന്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ജോവിന്‍ എബ്രഹാമിന്റേതാണ് കഥ. നവംബര്‍ 29 ന് ചിത്രം തിയറ്ററുകളിലെത്തും. മൂവിമാര്‍ക്ക് ആണ് വിതരണം. കോമഡി ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ജോവിന്‍ എബ്രഹാം, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഹരീഷ് പേങ്ങന്‍, സീമ ജി നായര്‍, അഞ്ജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലിമല്‍ ജി പടത്ത്, രജീഷ്, ബിനീഷ്, റിജോയ് പുളിയനം, സ്റ്റാലിന്‍, സുല്‍ഫിക്ക് ഷാ, അശ്വിന്‍, ഗോപിക, ഗ്ലാഡിസ് സറിന്‍, മെറിന്‍ ചെറിയാന്‍, ഷിയോണ ജോര്‍ജ് എന്നിവരും അഭിനയിക്കുന്നു.
◾ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025-ല്‍ എത്തും. 2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ കമ്പനി അതിന്റെ ആദ്യത്തെ പ്രൊഡക്ഷന്‍-സ്പെക്ക് ഇലക്ട്രിക് എസ്യുവി അവതരിപ്പിക്കും. ഈ പുതിയ ഓള്‍-ഇലക്ട്രിക് എസ്യുവിയുടെ പേര് ഇ-വിറ്റാര എന്നാണ്. നേരത്തെ ഇത് ഇവിഎക്‌സ് എന്നറിയപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇവിഎക്സ് വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മാരുതി ഇ-വിറ്റാര വരുന്നത്. ഇതില്‍ ഒരു 49 കിലോവാട്ട്അവര്‍ പാക്കും മറ്റൊന്ന് 61 കിലോവാട്ട്അവര്‍ പാക്കും ലഭിക്കും. ആദ്യത്തേത് 2 ഡബ്ളിയുഡി കോണ്‍ഫിഗറേഷനില്‍ മാത്രമേ നല്‍കൂ. രണ്ടാമത്തേതിന് 2ഡബ്ളിയുഡി, 4ഡബ്ളിയുഡി എന്നീ രണ്ട് ഡ്രൈവ്ട്രെയിനുകള്‍ ലഭിക്കും.
◾ ആര്‍ദ്രമായ കണ്ണുകളില്‍നിന്ന് അടരാന്‍ വിതുമ്പിയ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍. കാന്‍വാസില്‍ അത് ഒരു ഛായാചിത്രമായി പിറക്കുന്നു. അര്‍ഹമായ കൈകളില്‍ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി. പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങള്‍; ദൂരങ്ങള്‍. വിലമതിക്കാനാവാത്ത ഒരു ഛായാചിത്രത്തിന്റെ അവിശ്വസനീയമായ യാത്രയുടെ അപൂര്‍വ സുന്ദരമായ ആഖ്യാനം. കാലം വിശാലമായ കാന്‍വാസിലേക്ക് മാറ്റി വരച്ച ഒരു ചിത്രകാരിയുടെ അനിതരസാധാരണമായ ജീവിത കഥ. 'ബൈ ജൂനറ്റ് ഗ്രേയ്‌സ്'. രാമചന്ദ്രന്‍ കൊട്ടാരപ്പാട്ട്. ഗ്രീന്‍ ബുക്സ്. വില 281 രൂപ.
◾ മാനസിക സമ്മര്‍ദം ഉള്ളപ്പോള്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ കൊക്കോ, ഗ്രീന്‍ ടീ പോലെ ഫ്ലേവനോളുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സമ്മര്‍ദം നേരിടുന്ന സമയത്ത് രക്തധമനികളെ ബാധിക്കുകയും തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണം ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ സ്ട്രെസ്, കൊഴുപ്പ് ഉപഭോഗം എന്നിവയെത്തുടര്‍ന്ന് രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുന്നത് തടയാന്‍ ഉയര്‍ന്ന ഫ്ലേവനോളുകള്‍ അടങ്ങിയ കൊക്കോ പാനീയം, ഗ്രീന്‍ ടീ എന്നിവ ഫലപ്രദമാണെന്ന് യുകെയിലെ ബിര്‍മിന്‍ഗാം സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ മാനസിക പിരിമുറക്കമുള്ളപ്പോള്‍ തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫ്ലേവനോളുകള്‍ തലച്ചോറിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുകയോ ഒരാളുടെ മാനസികാവസ്ഥയെ ബാധിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയില്ലെങ്കിലും ഫ്ലേവനോളുകള്‍ അടങ്ങിയ ഭക്ഷണം കുടിക്കുകയോ കഴിക്കുകയോ ചെയ്യുന്നത് വാസ്‌കുലര്‍ സിസ്റ്റത്തില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ആഘാതങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മാനസിക പിരിമുറം ഉള്ളപ്പോള്‍ ഏത് തരം ഭക്ഷണം കഴിക്കണമെന്ന് നമ്മളെ ബോധവന്മാരാക്കാന്‍ ഈ പഠനം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.