വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ നിസ്സാരവത്കരിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍.
വയനാട്ടില്‍ ഒരുനാട് മുഴുവന്‍ ഒലിച്ചുപോയി എന്നുപറയുന്നത് ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞു.
ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞടുപ്പിലെ ബിജെപി മുന്നേറ്റം തടയുന്നതിന് വേണ്ടിയാണ് വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ പണമിരിക്കുകയല്ലേ?. അത് വയനാട്ടില്‍ ചെലവഴിച്ചൂകൂടെയെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി എന്നു പറയുന്നത് ശരിയല്ല. വയനാട്ടിലെ ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡ് മാത്രമാണ് ഒലിച്ചുപോയത്. നാടുമുഴുവന്‍ ഒലിച്ചുപോയിട്ടില്ല. പണം ചെലവാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അതിന് അതിന്റെതായ രീതികളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന രീതിയില്‍ പ്രസ്താവനയല്ല താന്‍ നടത്തുന്നതെന്നും പാര്‍ലമെന്റിലെ രേഖകള്‍ സഹിതമാണ് കാര്യങ്ങള്‍ പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു. വയനാട്ടില്‍ എസ്ഡിആര്‍എഫിലെ ഫണ്ട് ചെലവഴിക്കാന്‍ എന്താണ് ബുദ്ധിമുട്ട്?. ആയിരത്തോളം വീടുകള്‍ പണിയാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവന്നിട്ടും അവരുമായി എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തില്ല?. പുനരധിവാസത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള ഭൂമി കണ്ടെത്തിയോ?. 788 കോടി ചെലവാക്കുന്നതിനുള്ള തടസ്സം നീക്കിത്തരാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടോയെന്നും മുരളീധരന്‍ ചോദിച്ചു.
ഇന്ന് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്താനുള്ള സാഹചര്യം എല്ലാവര്‍ക്കും അറിയാം. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുന്ന പശ്ചാത്തലത്തില്‍ അതിന് തടയിടാനാണ് ഇന്ന് എല്‍ഡിഎഫ് യുഡിഎഫ് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അത് തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ജനം തിരിച്ചറിയും. കേരളത്തിന് കേന്ദ്രം സഹായം നല്‍കില്ലെന്ന് ഒരുകാലത്തും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ പറയുന്നത് ചില മാധ്യമങ്ങള്‍ മാത്രമാണെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.