തിങ്കളാഴ്ച സംസ്ഥാന വ്യാപക ക്യാമ്ബസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്‌എഫ്. 4 വർഷ (എഫ്‌വൈയുജിപി) ഡിഗ്രി കോഴ്‌സ് ഫീസ് വർധനവില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.
കേരള- കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ എഐഎസ്‌എഫ്, കഴിഞ്ഞ വർഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. സാധാരണ വിദ്യാർഥികള്‍ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്‌എഫ് ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം വിദ്യാർഥികളുടെ അവകാശമാണെന്ന് മനസ്സിലാക്കി, അത്യന്തം വിദ്യാർഥിവിരുധമായ കേരള- കാലിക്കറ്റ് സർവകലാശാലകളുടെ ഈ തീരുമാനം പുനപരിശോധിക്കണമെന്നും വിദ്യാർഥി പക്ഷ നിലപാട് പിൻവലിക്കണമെന്നും എഐഎസ്‌എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.