Click to learn more 👇

ഇനി ജീവിക്കണ്ട, തന്നെ തൂക്കി കൊല്ലണമെന്ന് പെരിയ കേസിലെ 15ാം പ്രതി; കോടതിയോട് പ്രാരാബ്ദം പറഞ്ഞ് കുറ്റക്കാര്‍; പെരിയ ഇരട്ടക്കൊലപാതക കേസ്; സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ


 

പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍.


അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ തനിക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. കരഞ്ഞുകൊണ്ടായിരുന്നു എ സുരേന്ദ്രന്‍റെ പ്രതികരണം. കൊലപാതകത്തില്‍ പങ്കില്ലെന്നും തനിക്ക് ജീവിക്കണ്ടെന്നും ജീവിതം അവസാനിപ്പിക്കാൻ സഹായിക്കണമെന്നും തൂക്കി കൊല്ലാൻ വിധിക്കണമെന്നും എ സുരേന്ദ്രൻ കോടതിയില്‍ പറഞ്ഞു.


പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളും ഉണ്ടെന്നാണും ശിക്ഷയില്‍ ഇളവ് വേണമെന്നും ഏറെ നാളായി ജയിലിലാണെന്നുമാണ് മറ്റു പ്രതികള്‍ ആവശ്യപ്പെട്ടത്. പതിനെട്ടാം വയസില്‍ ജയിലില്‍ കയറിയതാണെന്നും പട്ടാളക്കാരാൻ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഏഴാം പ്രതി അശ്വിൻ പറഞ്ഞു. വീട്ടുകാരെ ആറ് വര്‍ഷമായി കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അമ്മ രോഗാവസ്ഥയിലാണെന്നും എട്ടാം പ്രതി പറഞ്ഞു.


കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികള്‍ക്കും പറയാനുള്ളത് കേട്ടശേഷമാണ് ശിക്ഷാവിധി ജനുവരി മൂന്നിന് പ്രഖ്യാപിക്കുമെന്ന് കോടതി ഉത്തരവിട്ടത്. പെരിയ ഇരട്ടക്കൊലക്കേസിലെ 24 പ്രതികളില്‍ 14 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും കൊലപാതകവും തെളിഞ്ഞു. മറ്റു പത്തു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.


കേസില്‍ 15ാം പ്രതിയായ വിഷ്ണു സുര എന്ന എ സുരേന്ദ്രനെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കല്‍, ഗൂഡാലോചന തെളിഞ്ഞതിനാല്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും അടക്കം ചുമത്തിയിട്ടുണ്ട്.എട്ടാം പ്രതിയായ സുബീഷിനെതിരെ കൊലക്കുറ്റം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, ഐപിസി 148. മാരക ആയുധങ്ങള്‍ ഉപയോഗിച്ച്‌ ഉപദ്രവം, ഐപിസി 341 തടഞ്ഞു നിർത്തല്‍, ഐപിസി 120 B ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് തെളിഞ്ഞിട്ടുള്ളത്.


ഏഴാം പ്രതിയായ അശ്വിനെതിരെ കൊലക്കുറ്റം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തെളിവ് നശിപ്പിക്കല്‍, മാരക ആയുധങ്ങള്‍ ഉപയോഗിച്ച്‌ ഉപദ്രവം,തടഞ്ഞു നിർത്തല്‍ ,ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. കേസിലെ പ്രതിപട്ടികയിലുള്ള ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, പത്ത്,14,15, 20,21,22 എന്നീ 14 പ്രതികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ഒമ്ബത്, 11,12,13,16,17,18,19,23,24 എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.


മുൻ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും സി.പി.എം. മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പാർട്ടി പാക്കം-പെരിയ ലോക്കല്‍ സെക്രട്ടറിമാരായിരുന്ന വെളുത്തോളി രാഘവൻ, എൻ. ബാലകൃഷ്ണൻ തുടങ്ങി 24 പ്രതികളാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതില്‍ 14 പേരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ 11 പേർ വിയ്യൂർ സെൻട്രല്‍ ജയിലിലും പ്രതിപ്പട്ടികയില്‍ സി.ബി.ഐ. ചേർത്ത പത്തു പേരില്‍ അന്നു സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ അഞ്ചു പേർ കാക്കനാട് ജയിലിലുമാണ് കഴിഞ്ഞത്. 


കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്ത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.


വിവിധ ഘട്ടങ്ങളില്‍ സർക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകർക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാൻഡിങ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയർ അഭിഭാഷകനും സുപ്രീം കോടതിയില്‍ ഹാജരായി. ഈ അഭിഭാഷകൻ ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.


ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2019 സെപ്റ്റംബറില്‍ അന്വേഷണം സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചില്‍ സംസ്ഥാന സർക്കാർ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയതോടെ സിബിഐ അന്വേഷണത്തെ എതിർത്തു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലെത്തി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ തടസഹർജിയും നല്‍‌കി. സംസ്ഥാന സർക്കാരിന്റെ അപ്പീല്‍ 2019 ഡിസംബർ ഒന്നിന് സുപ്രീം കോടതി തള്ളി.

അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബർ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക