Click to learn more 👇

എന്റെ ഭര്‍ത്താവ് എന്നെ ഇല്ലാതാക്കും; കൊല്ലപ്പെടുന്നതിന് മുൻപ് ഹര്‍ഷിത മാതാപിതാക്കളോട് പറഞ്ഞത്; യുകെയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍


 

യുകെയില്‍ ഹർഷിത ബ്രെല്ല എന്ന യുവതി കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഭർത്താവ് തന്നെ കൊല്ലുമെന്ന് ഹർഷിത ഭയപ്പെട്ടിരുന്നുവെന്നും തങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും മാതാവ് സുദേഷ് കുമാരി ബിബിസിയോട് പറഞ്ഞു.

എന്റെ ഭർത്താവ് എന്നെ കൊല്ലും. ഞാൻ ഒരിക്കലും ഇനി അയാള്‍ക്കരികിലേക്ക് പോകില്ല- ഹർഷിത പറഞ്ഞതായി മാതാവ് പറയുന്നു. 


അയാള്‍ തന്റെ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. നടുറോഡില്‍ വച്ച്‌ പോലും മർദ്ദിക്കും. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് മകളുടെ ഗർഭം അലസിപ്പോയി. ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നായിരുന്നു അത് സംഭവിച്ചതെന്ന് ഹർഷിതയുടെ പിതാവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 


ഡല്‍ഹി സ്വദേശിനിയായ ഹർഷിതയെ നവംബർ 14 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭർത്താവ് പങ്കജ് ലാംബ ഒളിവില്‍പ്പോയി. പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പഴക്കം അനുസരിച്ച്‌ നാല് ദിവസം മുൻപാണ് ഹർഷിത കൊലപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. 


കഴുത്തു ഞെരിച്ച്‌ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം ഡിക്കിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പങ്കജ് ലാംബ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. ഇവിടുത്തെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. 

കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഹർഷിതയെ പങ്കജ് ലാംബ വിവാഹം കഴിക്കുന്നത്. തുടർന്ന് ഹർഷിത ഡല്‍ഹി വിട്ട് ഭർത്താവിനൊപ്പം യുകെയിലേക്ക് വന്നു. 


പങ്കജിന്റെ പീഡനത്തെ തുടർന്ന് ഹർഷിത ഈ വർഷം ഓഗസ്റ്റില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്തംബർ 13 ന് പങ്കജ് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. പരാതി നല്‍കിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് യു.കെ പോലീസ് പറയുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക