Click to learn more 👇

യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദനം, വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയിട്ട് കൊടുത്തു; ചോരയൊലിച്ചിട്ടും ഒന്നരമണിക്കൂര്‍ ആശുപത്രിയില്‍ പോകാൻ അനുവദിച്ചില്ല


 

മങ്കടക്ക് സമീപം വലമ്ബൂരില്‍ ബൈക്ക് യാത്രികനായ യുവാവിനെ നടുറോഡില്‍ തടഞ്ഞുനിർത്തി വളഞ്ഞിട്ട് ആക്രമിച്ചു.

കരുവാരകുണ്ട് പുല്‍വെട്ട സ്വദേശി ഷംസുദ്ദീനെ (40) യാണ് ഇരുപതോളം പേർ ചേർന്ന് മർദിച്ചത്. 


ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പുലാമന്തോളില്‍ ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംസുദ്ദീൻ. ഇതിനിടെ വലമ്ബൂരില്‍വെച്ച്‌ മുമ്ബില്‍ പോയ ബൈക്ക് നടുറോഡില്‍ സഡൻബ്രേക്കിട്ട് നിർത്തിയത് ഇദ്ദേഹം ചോദ്യം ചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് ക്രൂരമർദനത്തില്‍ കലാശിച്ചത്.


വഴിയോരത്ത് ചോരയൊലിച്ച്‌ കിടന്ന ശംസുദ്ദീനെ ഒന്നരമണിക്കൂറോളം ആരും തിരിഞ്ഞ് നോക്കിയില്ല. ആശുപത്രിയില്‍ പോകാൻ അനുവദിച്ചതുമില്ല. വെള്ളം ചോദിച്ചപ്പോള്‍ നാട്ടുകാരില്‍ ഒരാള്‍ കുപ്പിവെള്ളം നല്‍കിയെങ്കിലും അക്രമികള്‍ ഇത് പിടിച്ചുവാങ്ങി അതില്‍ തുപ്പിയിട്ട് കുടിക്കാൻ പറയുകയായിരുന്നു. ഒടുവില്‍ കരുവാരകുണ്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശംസുദ്ദീന്റെ സഹോദരൻ മുഹമ്മദലിയുടെ പരാതിയില്‍ മങ്കട പൊലീസ് കേസെടുത്തു.


 

വലമ്ബൂരില്‍ ശംസുദ്ദീൻ സഞ്ചരിച്ച ബൈക്കിന് തൊട്ടുമുന്നില്‍ മറ്റൊരുസ്കൂട്ടർ നടുറോഡില്‍ നിർത്തിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിച്ചതത്രെ. അതുകഴിഞ്ഞ് ഇരുവരും യാത്ര തുടർന്നു. അല്‍പദൂരം പിന്നിട്ടപ്പോള്‍ മറ്റെയാള്‍ സ്കൂട്ടർ ഓവർടേക്ക് ചെയ്ത് ഷംസുദ്ദീന്റെ കുറുകെയിട്ട് വഴിതടഞ്ഞു. പിന്നാലെ, ഇയാള്‍ മറ്റൊരാളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഉടൻ മർദനം ആരംഭിച്ചു. ഒന്നും ചോദിക്കുക പോലും ചെയ്യാതെയായിരുന്നു മർദനം. പിന്നീട് കൂടുതല്‍ പേരെ വിളിച്ചുവരുത്തി ആക്രമണം തുടർന്നു. കമ്ബിവടി കൊണ്ട് കണ്ണിന് നേരെ അടിച്ചു.


 

മുഖം വെട്ടിച്ചതിനാല്‍ കണ്ണിന് മുകളിലാണ് അടിയേറ്റത്. ഇവിടെ 10 തുന്നലുണ്ട്. കാഴ്ചക്ക് നേരിയ മങ്ങല്‍ അനുഭവപ്പെടുന്നുണ്ട്. അടിയേറ്റ് രക്തംവാർന്ന് വീണുകിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. 


മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കി വീണുകിടക്കുകയാണെന്നാണ് വഴിയേ പോകുന്നവരോട് അക്രമികള്‍ പറഞ്ഞതെന്ന് ശംസുദ്ദീൻ പറഞ്ഞു. മദ്യപിച്ചിട്ടുണ്ടോ, എം.ഡി.എം.എയാണോ, കഞ്ചാവുണ്ടോ തുടങ്ങിയ ചോദ്യം ചെയ്യലിനും ദേഹപരിശോധനക്കും വിധേയനായി. മൊബൈല്‍ പിടിച്ചുപറിക്കാനും ശ്രമം നടന്നതായി ശംസുദ്ദീൻ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക