മലയാള സിനിമയില്‍ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്. റഷീദ് അന്തരിച്ചു.
57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതല്‍ എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.
വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതല്‍ കലൂരില്‍ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ.
രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളില്‍ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്.
2001ല്‍ വണ്‍മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ല്‍ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉള്‍പ്പടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. കല്യാണരാമനായിരുന്നു സൂപ്പർഹിറ്റുകളില്‍ മുന്നില്‍.
തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മായാവി തുടങ്ങിയവയും ജനങ്ങള്‍ ഏറ്റെടുത്തു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.