അച്ചടക്കമാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന് വേണ്ട ഏറ്റവും അനിവാര്യമായ ഗുണം. അതില്ലെങ്കില്‍ അവര്‍ സേനയ്ക്കു തന്നെ ഭാരമാകും.
ഇനി പൊലീസ് നായയാണെങ്കില്‍ അച്ചടക്ക നടപടിയില്‍ നിന്നു രക്ഷപ്പെടാമെന്നു വിചാരിക്കണ്ട. അച്ചടക്ക ലംഘനത്തിന് ചൈനയിലെ പൊലീസ് നായയ്ക്ക് എട്ടിന്റെ പണിയാണ് മേലുദ്യോഗസ്ഥര്‍ കൊടുത്തത്.
ഡ്യൂട്ടിക്കിടെ ഉറങ്ങി, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിച്ചു എന്നതാണ് ഫുസായി എന്ന നായ ചെയ്ത കുറ്റങ്ങള്‍. അതിനുള്ള ശിക്ഷയും വിചിത്രമാണ്. ജോലി സമയത്ത് ഉറങ്ങിയതിനാല്‍ പൊലീസ് നായക്ക് വര്‍ഷാവസാനം കിട്ടേണ്ടിയിരുന്ന ഇയര്‍ എന്‍ഡ് ബോണസാണ് നഷ്ടമായിരിക്കുന്നത്.
വെല്‍ഷ് കോര്‍ഗി ഇനത്തില്‍പെട്ട നായയാണ് ഫുസായ്. ചൈനീസ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലെ ഫുസായിയുടെ അക്കൗണ്ടില്‍ അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അച്ചടക്ക നടപടി പുറംലോകം അറിഞ്ഞത്. 384,000-ലധികം ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ പേജാണിത്.
2023 ഓഗസ്റ്റിലാണ് ഫുസായ് ജനിച്ചത്. രണ്ട് മാസം പ്രായമായ ഫുസായിയെ ഒരിക്കല്‍ ആദ്യത്തെ ഉടമ പാര്‍ക്കില്‍ കൊണ്ടുവന്നിരുന്നു. അവിടെ വച്ചാണ് പൊലീസ് ഡോഗ് ട്രെയിനര്‍ ഷാവോ ക്വിന്‍ഷുവായ് നായയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഫുസായി വടക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പൊലീസ് നായ പരിശീലന കേന്ദ്രത്തില്‍ എത്തിപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫുസായി പൂര്‍ണയോഗ്യതയുള്ള പൊലീസ് നായയായി മാറി. തുടര്‍ന്ന് വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഭാഗമായി. സുരക്ഷാ ജോലികള്‍ ചെയ്തതിന് ഫുസായിക്ക് സമ്മാനം ലഭിക്കുന്ന വീഡിയോകളും പേജിലുണ്ട്. ചുവന്ന പൂവും സ്‌നാക്‌സുമാണ് സമ്മാനമായി നല്‍കുന്നത്.
ഫുസായിക്ക് സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള ഫുസായിയുടെ കഴിവും ഓമനത്വം തുളുമ്ബുന്ന മുഖവും കൊച്ചു ശരീരവും ഈ നായയെ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കി.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫുസായി അച്ചടക്ക ലംഘനങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീഡിയോയില്‍ പറയുന്നു. തുടര്‍ന്ന് സ്‌നാക്‌സ് തിരികെയെടുക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ഫുസായിക്ക് നഷ്ടപ്പെട്ട ബോണസ് തുക വാഗ്ദാനം ചെയ്ത് നിരവധി ആരാധകരും രംഗത്തെത്തുന്നുണ്ട്. മറ്റു ചിലര്‍ ഫുസായിക്ക് ബോണസ് തുക തിരികെ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Fuzai, China's first corgi policeman, lost his annual bonus for "inappropriate behavior on duty." The dog regularly fell asleep at the workplace, and once urinated in his bowl. For this, his snacks were taken away from him. #Fuzai #Corgi #meme #sol #bullx pic.twitter.com/4L1pMZdGyv
ഈ വാര്‍ത്തയ്ക്ക് രസകരമായ കമന്റുകളാണ് മലയാളികള്‍ കുറിച്ചത്. 'ഇങ്ങനത്തെ കടുത്ത നിയമങ്ങള്‍ വന്നാലേ നമ്മുടെ നാട് രക്ഷപെടൂ' എന്നാണ് ഒരാള്‍ കുറിച്ചത്. നായയെ ആര് പറഞ്ഞ് മനസിലാക്കും ബോണസ് കട്ടായെന്ന്, ഡിജിപിയായി സ്ഥാനക്കയറ്റം കൊടുക്കണം, അതാണല്ലോ ഇപ്പൊ തെറ്റു ചെയ്യുന്നവര്‍ക്കുള്ള കഠിനമായ ശിക്ഷ, ഒരു കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കായിരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍.