നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി കല്ലറ തുറന്നു. കല്ലറക്കുളളില്‍ നിന്നും ഒരു മൃതദേഹം ലഭിച്ചിട്ടുണ്ട്.
ഹൃദയഭാഗം വരെ കര്‍പ്പൂരവും ഭസ്മവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍കൊണ്ടു മൂടിയിരിക്കുകയാണെന്നും മുഖത്തും ശിരസ്സിലും വിഗ്രഹത്തില്‍ ചാര്‍ത്തുന്നതുപോലെ കളഭം ചാര്‍ത്തി, പിന്നീട് പിതാവ് വാങ്ങിവച്ചിരുന്ന ശിലയെടുത്ത് സമാധിമണ്ഡപം മൂടി എന്നാണ് മക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. കല്ലറ പൊളിച്ചപ്പോള്‍ മക്കള്‍ പറഞ്ഞതു ശരിവയ്ക്കുന്ന തരത്തിലാണ് മൃതദേഹം ഇരിക്കുന്നത്. മരണത്തില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് അറിയാനുള്ള ഫൊറന്‍സിക് പരിശോധനയാണു പൊലീസ് നടത്തുക.
കല്ലറയ്ക്കുള്ളില്‍ ഭസ്മവും കര്‍പ്പൂരവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങള്‍ മൃതദേഹത്തിനു ചുറ്റും കുത്തിനിറച്ച നിലയിലാണ്. ഇതു പൂര്‍ണമായി മാറ്റിയ ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം പുറത്തെടുത്തത്. കല്ലറയിലെ മൃതദേഹത്തിന്, കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഗോപന്‍ സ്വാമിയുമായി സാദൃശ്യമുണ്ടെന്നു പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കുന്നു. കണ്ടെത്തിയത് ഗോപന്‍ സ്വാമിയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് വരണം. കൂടാതെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്.
പിതാവിനെ സമാധിയിരുത്തി എന്നാണ് ഭാര്യയുടേയും മക്കളുടേയും അവകാശവാദം. മറ്റാരും കാണരുതെന്ന് പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രഹസ്യമായി ചടങ്ങുകള്‍ നടത്തിയതെന്നും കുടംബം പറയുന്നു.
വീടിന് സമീപം ക്ഷേത്രം സ്ഥാപിച്ച് പൂജ നടത്തിയിരുന്ന ഗോപന്‍ സ്വാമിയെ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മക്കളും ഭാര്യയും ചേര്‍ന്ന് കോണ്‍ക്രീറ്റ് അറയുണ്ടാക്കി സമാധി ഇരുത്തിയത്.കൊലപ്പെടുത്തിയെന്ന സംശയം നാട്ടുകാര്‍ ഉന്നയിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. സമാധി പൊളിച്ച് പരിശോധിക്കാന്‍ പോലീസ് അന്ന് തന്നെ ശ്രമിച്ചെങ്കിലും കുടുംബം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ചില സംഘടനകളും കുടുംബത്തിന് പിന്തുണയുമായി എത്തിയതോടെ അന്ന് പോലീസ് പിന്‍വാങ്ങുകയായിരുന്നു.
എന്നാല്‍ കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്നായിരുന്നു കുടുംബം ഹര്‍ജിയില്‍ പറഞ്ഞത്. പൊളിക്കല്‍ നടപടിയുമായി പൊലീസ് മുന്നോട്ട് പോകുന്നത് ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്താനാണ് എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി ചോദിച്ചത്. ദുരൂഹതയുളളതിനാല്‍ കല്ലറ പൊളിക്കുന്നത് വിലക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെയാണ് പോലീസ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിക്കാന്‍ നടപടി തുടങ്ങിയത്.