പോക്സോ കേസ് അതിജീവിതയെ പീഡനത്തിനിരയായി വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് തലയോലപ്പറമ്ബ് സ്വദേശി അനൂപിനെ (24) ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്‌തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന 20കാരി അബോധാവസ്ഥയില്‍ വെന്റിലേറ്ററിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
തലയില്‍ ഗുരുതര പരിക്കും കഴുത്തില്‍ ആഴത്തിലുള്ള മുറിവും ദേഹമാസകലം ചതവുമുണ്ട്. ശനിയാഴ്ച രാത്രി അനൂപ് മറ്റൊരു സുഹൃത്തിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ബുധൻ പുലർച്ചെ തലയോലപ്പറമ്ബിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച രാത്രി 10.10ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അനൂപ് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് മടങ്ങിയത്.
അന്ന് ഉച്ചയ്‌ക്കുശേഷമാണ് പെണ്‍കുട്ടിയെ അവശനിലയില്‍ വീട്ടിലെ കട്ടിലിനടിയില്‍ അർദ്ധ നഗ്നയായി കണ്ടെത്തിയത്. കുട്ടികളില്ലാതിരുന്ന ദമ്ബതികള്‍ 20 വർഷം മുമ്ബ് പാലായിലെ കോണ്‍വെന്റില്‍ നിന്ന് ദത്തെടുത്ത കുട്ടിയാണ് അതിജീവിത. മുൻ ഫുട്ബാള്‍ താരമായ പെണ്‍കുട്ടിയും മാതാവും എക്‌സ് സർവീസുകാരനായ പിതാവിന്റെ മരണശേഷം ഒരുമിച്ച് കഴിയുകയായിരുന്നു. സംഭവദിവസം അമ്മ വീട്ടിലുണ്ടായിരുന്നില്ല.
അനൂപ് പെണ്‍കുട്ടിയെ തന്റെ മുന്നിലിട്ട് മർദ്ദിക്കാറുണ്ടായിരുന്നെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. തന്നെയും മർദ്ദിച്ചിരുന്നതായി അവർ വെളിപ്പെടുത്തി.
രാത്രിയില്‍ പതിവായി പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന അനൂപിനെ നേരത്തെ നാട്ടുകാർ ചോദ്യം ചെയ്തിട്ടുണ്ട്.
ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തതിനെ തുടർന്ന് ഇരുപതോളം കുടുംബങ്ങള്‍ ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാത്രിയെത്തിയ താൻ മദ്യപിച്ച ശേഷം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തശേഷം മർദ്ദിച്ചെന്ന് അനൂപ് പൊലീസിന് മൊഴി നല്‍കി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ താൻ കയറുമുറിച്ച് രക്ഷപ്പെടുത്തി. മരിച്ചെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നും പറഞ്ഞു. ഇടുക്കി പീരുമേട് പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും തലയോലപ്പറമ്ബ് സ്റ്റേഷനില്‍ അടിപിടി കേസിലും ഇയാള്‍ പ്രതിയാണ്.