മലപ്പുറത്ത് നവവധു ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് വധുവിന്റെ നിറം പ്രശ്നമാണെന്ന് ഭർത്താവ് അബ്ദുല്‍ വാഹിദ് വിളിച്ച് പറഞ്ഞതെന്ന് ഷഹാനയുടെ ബന്ധുവായ അബ്ദുള്‍ സലാം ഒരു ചാനലിനോട് വെളിപ്പെടുത്തി.
നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.
ഷഹാനയുടെ നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നും ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നു.
20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭർത്താവിനെ കിട്ടില്ലേയെന്നും പെണ്‍കുട്ടിയോട് ഭർതൃമാതാവ് ചോദിച്ചു. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെണ്‍കുട്ടിക്ക് മാനസിക സംഘർഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്ബത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നു',- ബന്ധു ആരോപിക്കുന്നു. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.