അടൂർ തെങ്ങമത്ത് തട്ടുകടയില്‍ കൂട്ടത്തല്ല്. സി.പി.എം-ബി.ജെ.പി. പ്രവർത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയത്.
മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തർക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ആദ്യം ഇരുവിഭാഗവും തമ്മില്‍ റോഡില്‍വെച്ച് തർക്കമുണ്ടായിരുന്നു. ഇതിനുശേഷം ബി.ജെ.പി. പ്രവർത്തകരായ അഭിരാജ്, വിഷ്ണുരാജ് എന്നിവർ തട്ടുകടയിലേക്ക് വന്നു. തുടർന്ന് ഇവരെ പിന്തുടർന്ന് സി.പി.എം പ്രവർത്തകരും കടയിലെത്തി. പിന്നാലെ ഇരുസംഘങ്ങളും പരസ്പരം തമ്മില്‍ത്തല്ലുകയായിരുന്നു.
മിനിറ്റുകളോളം കടയിലെ സംഘർഷംനീണ്ടുനിന്നു. കടയിലെ പാചകസാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. 10 ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു. തുടർന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് ഇരുസംഘങ്ങളെയും അനുനയിപ്പിച്ച് സംഘർഷം അവസാനിപ്പിച്ചത്.
പത്തനംതിട്ടയിലെ തട്ടുകടയിൽ കൂട്ടയടി; മദ്യലഹരിയിൽ ഏറ്റുമുട്ടിയത് ബിജെപി സിപിഎം പ്രവർത്തകർPosted by Kerala Speaks Online on Monday, February 3, 2025
അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുരാജ്, അഭിരാജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കൂട്ടയടി നടന്ന തട്ടുകട തമിഴ്നാട് ചെങ്കോട്ട സ്വദേശിയുടേതാണ്. കഴിഞ്ഞമാസം 20-ാം തീയതിയാണ് തട്ടുകട പ്രവർത്തനം ആരംഭിച്ചത്.