Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/02/2025)


 


2025 | ഫെബ്രുവരി 12 | ബുധൻ | മകരം 30 


◾  നാടുകടത്തല്‍ വിഷയത്തില്‍ ട്രംപിനെ വിമര്‍ശിച്ച് മാര്‍പാപ്പ. അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നാണ്  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. യുഎസിലുള്ള ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാര്‍പാപ്പ വിമര്‍ശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.


◾  അമേരിക്കയുടെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും ഒരുങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. വിദ്യാര്‍ഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ളവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബര്‍ ഗവണ്‍മെന്റാണ് അനധികൃതമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, നെയില്‍ ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു.


◾  അമേരിക്ക ഇന്ത്യക്കാരെ കുറ്റവാളികളെ പോലെ നാടുകടത്തിയത് ഇന്ത്യയോടുള്ള അനാദരവായി കാണാന്‍ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി  ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്കയുടെ ഈ നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി.


◾  ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഇതിനാവശ്യമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പലസ്തീന്റെ മണ്ണ് കയ്യടക്കി വെച്ചിരിക്കുന്നവര്‍ തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം വില കൊടുത്ത് വാങ്ങാന്‍ ഗസ റിയല്‍ എസ്റ്റേറ്റ് ഭൂമിയല്ലെന്നും പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾  സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ ഒരുങ്ങുന്നത്  വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫും സര്‍ക്കാരും ഒരു കാര്യം ചെയ്താല്‍ അത് സാമൂഹിക നീതി ഉറപ്പാക്കി മാത്രമേ ചെയ്യൂവെന്നും സ്വകാര്യ സര്‍വകലാശാലകളില്‍ പൊതു സംവരണം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫും സര്‍ക്കാരും ചെയ്യുന്നതിനെ അനാവശ്യമായി വിമര്‍ശിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


◾  ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍  കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിര്‍ക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍  എംപി.  സിപിഎമ്മിന്റെ അപരിഷ്‌കൃത നയങ്ങള്‍മൂലം  യുവജനങ്ങള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി കേരളത്തില്‍നിന്നു പലായനം ചെയ്യുമ്പോള്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങാനുള്ള തീരുമാനം വൈകി ഉദിച്ച വിവേകമാണെന്നും അദ്ദേഹം പറഞ്ഞു.  


◾  സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചും, വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ച ചെയ്തും മാത്രമേ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന സര്‍ക്കാരിനോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


◾  ആയുധ കച്ചവടം ഉറപ്പിക്കാനാണ്  പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്ക സന്ദര്‍ശിച്ചതിന്  പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  പോകുന്നതെന്നും രണ്ട് സന്ദര്‍ശനങ്ങളും യാദൃശ്ചിക സന്ദര്‍ശനമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



◾  വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. ഫാര്‍മേഴ്സ് റിലീഫ് ഫോറവും തൃണമൂല്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ഹര്‍ത്താലിനെ പിന്തുണച്ചിട്ടില്ല. ഹര്‍ത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.


◾  കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്ത് കാന്‍സര്‍ ഗ്രിഡ് സംവിധാനം നിലവില്‍ വന്നു.  സംസ്ഥാനത്തെ വിവിധ കാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണല്‍ കാന്‍സര്‍ സെന്ററുകളുടേയും ഒരു ശൃംഖലയാണിത്. സംസ്ഥാനത്തെമ്പാടും ഒരേ തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള കാന്‍സര്‍ പരിചരണം ലഭ്യമാക്കുകയാണ് കാന്‍സര്‍ ഗ്രിഡിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.


◾  കോഴിക്കോട് ജില്ലയില്‍ മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി - കക്കാടം പൊയില്‍ റോഡിന്റെ ഉദ്ഘാടനം ഫെബ്രുവരി  15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകീട്ട് മൂന്ന് മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് പരിപാടി.


◾  കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും കുടിശികയും നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 2023 ല്‍ വിരമിച്ച ശേഷം സിസ തോമസിന് ഇതുവരെ ആനുകൂല്യങ്ങളൊന്നും നല്‍കിയിരുന്നില്ല. സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കികൊണ്ടാണ് സിസയുടെ പരാതിയില്‍ ട്രിബ്യൂണലിന്റെ ഉത്തരവ്. സര്‍ക്കാര്‍ നോമിനികള മറികടന്ന് അന്നത്തെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത്.


◾  പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.


◾  പാതിവിലത്തട്ടിപ്പില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിന് പിന്നാലെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.


◾  കൊച്ചി കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു.ആരോപണങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കയര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.


◾  ജമാഅത്തെ ഇസ്ലാമിയുടെ സകാത്തിനെതിരെ വിമര്‍ശനവുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ബൈത്തു സകാത്തിന്റെ കമ്പനിയെ ആരും വിശ്വസിക്കരുതെന്നും അതില്‍ ആരും പെട്ടു പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സംഘടിത സകാത്തുമായി ഒരു കൂട്ടര്‍ വരികയാണെന്നും നിസ്‌കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവരെന്നും കാന്തപുരം പറഞ്ഞു. സകാത്ത് എന്ന സല്‍കര്‍മ്മം മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്നും അത് കൂടി നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുതലാളിമാരെ കബളിപ്പിച്ചാണ് അവര്‍ സംഘടിത സകാത്ത് നടപ്പാക്കാന്‍ പോകുന്നതെന്നും ആ സംഖ്യ മറ്റു മാര്‍ഗത്തിലേക്ക് ചെലവഴിക്കാനാണ് അവര്‍ നീക്കം നടത്തുന്നതെന്നും കാന്തപുരം പറഞ്ഞു.


◾  പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങളെ കണ്ട് ഡിവൈഎസ്പി ജി സന്തോഷ്. വളരെ ഗുരുതരമായിട്ടാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ഡിവൈഎസ്പി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരന്‍ സുധീഷുമാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാന്‍ഡ് ചെയ്തു.


◾  സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണം. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.


◾  സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും തണലൊരുക്കണമെന്ന്  മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. നിര്‍ജലീകരണം തടയാന്‍ തണുത്ത കുടിവെള്ളം ലഭ്യമാക്കണമന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.


◾  സില്‍വര്‍ ലൈനില്‍ സമവായം ഉണ്ടാക്കാനായി കെ റെയിലും റെയില്‍വേയുമായി നടന്ന ചര്‍ച്ചയില്‍ ഉണ്ടായത് രൂക്ഷമായ തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ ആറിന് ദക്ഷിണ റയില്‍വെ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസറും കെ റയില്‍ അധികൃതരും നടത്തിയ ചര്‍ച്ചയാണ് രൂക്ഷമായ വാക്കുതര്‍ക്കത്തിലേക്ക് നീങ്ങിയതെന്ന് യോഗത്തിന്റെ മിനുട്‌സ് വ്യക്തമാക്കുന്നു. ഈ ചര്‍ച്ച ഉടക്കിപ്പിരിഞ്ഞതോടെ ആണ് സില്‍വര്‍ ലൈനില്‍ സുപ്രധാനവിഷയങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് റയില്‍വെയെ കെ റയില്‍ അറിയിച്ചത്.


◾  മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ' ചട്ടം പഠിപ്പിച്ച് ' സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്തതോടെയാണ് സ്പീക്കര്‍ ഇടപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ ഇനി മുതല്‍ മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന് സ്വീക്കര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ എം.ബി. രാജേഷിനോട് ക്ഷമ പറയേണ്ട ആവശ്യമില്ലെന്നും ചട്ടപ്രകാരം അനുസരിക്കേണ്ട കാര്യമാണെന്നും ഷംസീര്‍ മറുപടി നല്‍കി. 


◾  ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. തിരൂര്‍ എം.എല്‍.എ. കുറുക്കോളി മൊയ്തീന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയക്രമം രാവിലത്തേക്ക് മാറ്റുന്നത് മാര്‍ച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.


◾  കോഴിക്കോട് തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണ് മരിച്ചത്. അസ്വഭാവികതയുണ്ടെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടരുകയാണ് പൊലീസ്. രണ്ട് വര്‍ഷം മുമ്പും നിസാറിന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള മൂത്ത കുട്ടിയും പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.


◾  ആലുവയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്. തന്നെ മൊബൈലില്‍ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടില്‍ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാന്‍ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്.


◾  വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യാജ രേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയ കേസില്‍ ഷെജിലിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാന്‍ ഇല്ലെന്നായിരുന്നു ഷെജിലിന്റെ മറുപടി.


◾  ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ വിദ്യാര്‍ത്ഥികളെ റാഗിംങ്ങിന് ഇരയാക്കിയ 5 മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.


◾  നെന്മാറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂര്‍ സ്വദേശിയാണ് കൈഞരമ്പ് മുറിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാര്‍ ഉടന്‍ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. 


◾  തിരുവനന്തപുരം പാലോട് കരുമണ്‍കോട് വീട്ടിലെ കോമ്പൗണ്ടില്‍ കിടന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു. അജു എന്ന് വിളിക്കുന്ന പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടില്‍ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാര്‍ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കാറിലിരുന്ന് തന്നെ പുരുഷോത്തമന്‍ മരിച്ചിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


◾  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 21-ാം നൂറ്റാണ്ടില്‍ മനുഷ്യവംശത്തിന്റെ കോഡ് എഴുതികൊണ്ടിരിക്കുകയാണ് എ.ഐ യെന്നും ആരോഗ്യവും വിദ്യാഭ്യാസവും കൃഷിയുമടക്കം മെച്ചപ്പെടുത്തിക്കൊണ്ട് ദശലക്ഷക്കണക്കിന് പേരുടെ ജീവിതം പരിവര്‍ത്തനം ചെയ്യാന്‍ എ.ഐ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


◾  തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീംകോടതി ചോദിച്ചു.തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാന്‍ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്‌ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ കമ്മിഷന്‍ നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.


◾  തമിഴ് സൂപ്പര്‍താരം വിജയ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച ചെന്നൈയിലെ വസതിയില്‍  കൂടിക്കാഴ്ച നടത്തി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമാണ് ഈ കൂടികാഴ്ച എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഊഹിക്കുന്നത്.


◾  നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുപ്പിച്ച് സിപിഐ . ഇന്ത്യ സഖ്യത്തിന്റെ  യോഗം വിളിക്കാത്തത് എന്ത് കൊണ്ടെന്ന് ഡി രാജ ചോദിച്ചു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖര്‍ഗെയെ ചെയര്‍പേഴ്സന്‍ ആക്കിയതെന്നും സഖ്യത്തില്‍ പ്രശനങ്ങള്‍ ഉണ്ടെന്നും സിപിഐ ജനറല്‍ സെക്രട്ടറി പറഞ്ഞു. ആര് ഒപ്പം ഇല്ലെങ്കിലും പണ്ട് ബ്രിട്ടീഷുകാരെ എതിര്‍ത്തത് പോലെ ബിജെപിയെയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.


◾  മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇതുവരെ സമവായത്തിലെത്താനായിട്ടില്ല. ബുധനാഴ്ച ബി.ജെ.പി എം.എല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട്നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.


◾  ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പട്രോളിങിന് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.


◾  ഭൂമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്ത് കാര്യമാണ് ഉള്ളതെന്ന് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. കുംഭമേളയെ തുടര്‍ന്ന് പ്രയാഗ് രാജില്‍ അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 300 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്കില്‍ അകപ്പെട്ടു കിടക്കുകയാണെന്നും ഇതാണോ വികസിത ഭാരതമെന്നും അഖിലേഷ് യാദവ് ചോദിച്ചു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഡബിള്‍ മണ്ടത്തരങ്ങളാണ് ചെയ്യുന്നതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.


◾  കുംഭ മേളയിലെ മാഗി പൂര്‍ണിമ ദിവസമായ ഇന്ന് പ്രധാനസ്‌നാനം നടക്കാനിരിക്കേ ട്രാഫിക് മുന്നറിയിപ്പുകളുമായി ഭരണകൂടം. പ്രദേശത്ത് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാനത്തിനായെത്തുന്ന ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ഭരണകൂടത്തിന്റെ നടപടി.


◾  ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തന്‍ കരാര്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ മുതിര്‍ന്ന ഹമാസ് നേതാവ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി ഗാസ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഹമാസ് നേതാവ് സമി അബു സുഹ്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


◾  ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസില്‍ ട്രംപ് ജോര്‍ദാന്‍ രാജാവ് കൂടിക്കാഴ്ച തുടങ്ങി.


◾  ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ ലിസ്റ്റ് ബി.സി.സി.ഐ. പുറത്തുവിട്ടു. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. സമീപകാലത്തെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യന്‍ ബൗളിങ്ങിന് നേതൃത്വം നല്‍കിയ ബുംറയ്ക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനായില്ലെങ്കില്‍ ടീമിന് തിരിച്ചടിയാകും.


◾  ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചക്ക് 1.30 മുതല്‍. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ വിജയത്തിനായിട്ടാകും ക്രീസിലിറങ്ങുക.


◾  അബൂദബി ഓഹരി വിപണിയിലെ ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ വാര്‍ഷിക കണക്കെടുപ്പില്‍ ലുലു റീട്ടെയിലിന് വന്‍ ലാഭ വര്‍ധന. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനത്തില്‍ 4.7 വര്‍ധനവുണ്ടായപ്പോള്‍ ലാഭ വര്‍ധന 12.6 ശതമാനമാണ്. 760 കോടി ഡോളറിന്റെ (66,500 കോടി രൂപ) വരുമാനമാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ഗള്‍ഫ് രാജ്യങ്ങളിലെ 250 ലുലു സ്റ്റോറുകളില്‍ നിന്നുള്ള മൊത്ത വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 16,600 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.8 ശതമാനം വര്‍ധന. നാലാം പാദത്തിലെ അറ്റാദായ മാര്‍ജിന്‍ 3.4 ശതമാനമാണ്. 2024 ല്‍ പുതിയ 21 സ്റ്റോറുകളാണ് തുറന്നത്. നാലാം പാദത്തില്‍ മാത്രം 9 പുതിയ സ്റ്റോറുകള്‍. കമ്പനിയുടെ സ്വന്തം ലേബല്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് മൊത്ത വരുമാനത്തിന്റെ 29.9 ശതമാനം. ഇ- കൊമേഴ്‌സ് വില്‍പ്പയില്‍ 70 ശതമാനം വളര്‍ച്ചയുണ്ടായി. റീട്ടെയില്‍ വില്‍പ്പനയില്‍ 4.5 ശതമാനവും. ലുലു റീട്ടെയിലിന്റെ ഡയറക്ടര്‍ ബോര്‍ഡ് 735 കോടി രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചു. ഓരോ ഓഹരിക്കും 3 ഫില്‍സ് വീതമാണ് ഡിവിഡന്റ്. അബൂദബി സ്റ്റോക്ക് എക്‌ചേഞ്ചില്‍ 1.66 ദിര്‍ഹത്തിന് (39 രൂപ) ട്രേഡിംഗ് നടക്കുന്ന ലുലുവിന്റെ ഓരോ ഓഹരിക്കും 80 പൈസയോളമാണ് ഡിവിഡന്റ്. 85 ശതമാനമാണ് പേഔട്ട് അനുപാതം. 2024 നവംബറില്‍ അബൂദബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഐപിഒയിലൂടെ 1.72 ബില്യണ്‍ ഡോളറാണ് കമ്പനി സമാഹരിച്ചത്.


◾  'ലവ് ടുഡേ'യ്ക്കു ശേഷം നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന 'ഡ്രാഗണ്‍' സിനിമയുടെ ട്രെയിലര്‍ എത്തി. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ്. മൂന്നു കാലഘട്ടങ്ങളില്‍ കഥ പറയുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, കയാദു ലോഹര്‍, ഗോപിക രമേശ് എന്നിങ്ങനെ മൂന്ന് നായികമാര്‍ ആണുള്ളത്. പ്രണയ സഫലീകരണത്തിനായി മറ്റൊരാളായി പെരുമാറേണ്ടി വരുമ്പോള്‍ കുടുംബജീവിതം ജോലി എന്നീ വിഷയങ്ങളില്‍ ഉഴറേണ്ടി വരുന്ന നായകന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. ഗൗതം മേനോന്‍, മിഷ്‌കിന്‍, കെ.എസ്. രവികുമാര്‍ എന്നീ മൂന്ന് തമിഴ് സംവിധായകര്‍ ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജോര്‍ജ് മറിയനും നായക കഥാപാത്രത്തിന്റെ അച്ഛന്‍ വേഷത്തിലെത്തുന്നു. ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്തും.


◾  മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പുറത്തിറക്കിയത്. അരുണ്‍ വൈഗ യാണ് ഡഗഛഗയുടെ സംവിധായകന്‍. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് - പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ് - സജീവ് പി കെ - അലക്സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗാനരചന - ശബരീഷ് വര്‍മ്മ.


◾  കഴിഞ്ഞ മാസം പുറത്തിറക്കിയ സിബിആര്‍650ആര്‍, സിബി650ആര്‍ എന്നീ മോട്ടോര്‍ സൈക്കിളുകളുടെ ബുക്കിങ് ആരംഭിച്ച് ഹോണ്ട. ഹോണ്ട ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ രണ്ടു മോട്ടോര്‍ സൈക്കിളുകളും ബുക്കു ചെയ്യാനാവും. സിബി650ആറിന് 9.20 ലക്ഷം രൂപയും സിബിആര്‍650ആറിന് 9.99 ലക്ഷം രൂപയുമാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. രണ്ടു മോഡലുകളും 2025ല്‍ പുതിയ ഫീച്ചറുകളോടെയാണ് ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട സിബി650ആര്‍ എന്‍ജിനില്‍ മാറ്റമില്ല. 642സിസി, ലിക്വിഡ് കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ 94ബിഎച്ച്പി കരുത്തും 63 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ്. ഹോണ്ട സിബിആര്‍650ആര്‍ 649സിസി ഇന്‍ലൈന്‍ ഫോര്‍സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. 94ബിഎച്ച്പി കരുത്തും പരമാവധി 63എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ ബോക്‌സ്.


◾  മദ്യാസക്തനെ കലാപകാരിയും സ്വതന്ത്രനുമായ അന്യനായി സ്ഥാപിക്കുന്നതിനുപകരം മദ്യാസക്തിയെ ഒരു സൗന്ദര്യശാസ്ത്ര സംവര്‍ഗ്ഗമായി ഉപയോഗിച്ചുകൊണ്ട് നാടുപേക്ഷിക്കല്‍, പ്രവാസം, കുടുംബം, മഹാനഗരജീവിതം, ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമായ വ്രണിതത്വം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് പ്രശ്‌നവത്കരിക്കുന്നു... പല ഇടങ്ങളിലേക്കൊഴുകാന്‍ വായനയെ പ്രേരിപ്പിക്കുന്നു എന്നതാണ് 'കരയിലെ മീനുകളു'ടെ സവിശേഷത. ഒരു പതിറ്റാണ്ടിലേറെയായി മികച്ച കഥകളെഴുതുന്ന കനേഡിയന്‍ പ്രവാസിയായ നിര്‍മ്മലയുടെ ഈ നോവല്‍ പ്രവാസസാഹിത്യത്തിലെ പതിവുരീതികള്‍ ലംഘിച്ച് സമകാലിക നോവലില്‍ പുതിയൊരു ചുവടുവയ്പായിത്തീരുന്നതും അതുകൊണ്ടാണ്. 'കരയിലെ മീനുകള്‍'. നിര്‍മ്മല. മാതൃഭൂമി ബുക്സ്. വില 300 രൂപ.


◾  പാലക്ക് ചീര ജ്യൂസ് പതിവായി കുടിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിര്‍ത്തുന്നു. പാലക്ക് ചീരയില്‍ നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇരുമ്പിന്റെ അംശമുള്ള പാലക്ക് ചീര ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്നു. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് പാലക്ക് ചീര. ചീരയിലെ നൈട്രേറ്റുകള്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. അതേസമയം വിറ്റാമിന്‍ കെ, കാല്‍സ്യം എന്നിവ എല്ലുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇതില്‍ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്ക്കുന്നതിലൂടെ കാഴ്ചയെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. വെറും വയറ്റില്‍ ചീര ജ്യൂസ് കുടിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നും പോഷകങ്ങളുടെ ആഗിരണം, ജലാംശം, ദഹനം മെച്ചപ്പെടുത്തല്‍ എന്നിവ വര്‍ദ്ധിപ്പിക്കും. പാലക്ക് ചീര ജ്യൂസില്‍ നാരുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. പാലക്ക് ചീര ജ്യൂസ് പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഇരുമ്പ് ആഗിരണം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായകമാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക