കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി, കേന്ദ്ര-സംസ്ഥാന സർക്കാറുകളെ പ്രകീർത്തിച്ച് ശശി തരൂർ എം.പി.
ഇടത് ഭരണത്തില്‍ വ്യവസായ മേഖലയില്‍ കേരളം നേടിയ മാറ്റം അഭിനന്ദനം അർഹിക്കുന്നെന്ന് ഇംഗ്ലീഷ് പത്രത്തില്‍ ലേഖനമെഴുതിയ തരൂർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്മു.
യു.എസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ പ്രശംസിച്ചെങ്കില്‍ അത് വെറുതെയാകില്ലെന്നായിരുന്നു തരൂരിന്‍റെ കമന്‍റ്.
ഇടതുഭരണത്തില്‍ കേരളം സർവനാശത്തിലേക്കെന്ന് പ്രതിപക്ഷം വാദിക്കുമ്ബോഴാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് എല്‍.ഡി.എഫ് സർക്കാറിനെ വാഴ്ത്തിയത്.
നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം പരാജയമെന്ന രാഹുല്‍ ഗാന്ധിയടക്കമുള്ളവരുടെ നിലപാടിനെതിരാണ് പ്രവർത്തക സമിതിയംഗം കൂടിയായ തരൂരിന്‍റെ മോദി പ്രശംസ. രണ്ട് നിലപാടിലും തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു. എന്നാല്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തരൂർ.
അക്കാര്യം മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കുകയും ചെയ്തു. തരൂരിനെതിരെ ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍.
പാർട്ടി തള്ളിയശേഷവും വിവാദ പരാമർശം ആവർത്തിച്ചതില്‍ തരൂരിനോട് ഹൈകമാൻഡിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
ട്രംപ്-മോദി കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്ന തരൂരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കനയ്യകുമാർ രംഗത്തെത്തി.
മോദി-ട്രംപ് ഉഭയകക്ഷി ചർച്ച നല്ലതാണെന്നും 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വ്യാപാര സാധ്യതകള്‍ ഏറെയാണെന്നും കനയ്യകുമാർ പറഞ്ഞു. അതേസമയം, വ്യക്തിപരമായ അഭിപ്രായമാകാമെന്നും പാർട്ടി നിലപാടാണ് പ്രധാനമെന്നും തരൂരിന്‍റെ പേര് പരാമർശിക്കാതെ ജയറാം രമേശ് പറഞ്ഞു. മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ തരൂരിന്‍റെ നിലപാട് തള്ളുന്നതായി എ.ഐ.സി.സി വക്താവ് പവൻ ഖേര പറഞ്ഞു.
വ്യവസായരംഗത്തെ നേട്ടം അംഗീകരിച്ചതിന് തരൂറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ രംഗത്തുവന്നു.
യു.ഡി.എഫ് പ്രചാരണത്തിനുള്ള മറുപടിയാണ് തരൂർ നല്‍കിയതെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍, ഏത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം വ്യവസായരംഗത്ത് മുന്നേറിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു.
കയർ, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ ജോലിയും കൂലിയുമില്ലാതെ നില്‍ക്കുമ്ബോള്‍ വ്യവസായത്തില്‍ ഒന്നാമതെത്തിയെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി പ്രതികരിച്ചു. തരൂരിന്‍റെ ലേഖനം വായിച്ചിട്ടില്ലെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രതികരണം.
തരൂരിനെ ഭാഗികമായി പിന്തുണക്കുന്നതാണ് മുൻ എം.എല്‍.എ ശബരീനാഥന്‍റെ നിലപാട്. നല്ലതിനെ അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഉമ്മൻ ചാണ്ടി ചെയ്തതുള്‍പ്പെടെ കാര്യങ്ങളും പറയേണ്ടിയിരുന്നെന്നും ശബരീനാഥ് ചൂണ്ടിക്കാട്ടി.
തരൂരിനെ പരിഹസിച്ചായിരുന്നു കെ. മുരളീധരന്‍റെ പ്രതികരണം. താൻ വിശ്വപൗരനല്ല, വ്യവസായം പോലെ വലിയ കാര്യങ്ങളെക്കുറിച്ച് പറയാൻ അറിയില്ല. പാർട്ടി പറയുന്ന സ്ഥലങ്ങളിലെല്ലാം മത്സരിക്കുക മാത്രമാണ് തന്‍റെ ജോലിയെന്ന് മുരളീധരൻ പറഞ്ഞു.
വ്യവസായരംഗത്തെ കേരളത്തിന്‍റെ നേട്ടത്തെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ശശി തരൂർ. രാഷ്ട്രീയം വേറെ, വികസനം വേറെ. സംസ്ഥാന സര്‍ക്കാറോ കേന്ദ്ര സര്‍ക്കാറോ നല്ലത് ചെയ്താല്‍ അംഗീകരിക്കുകയും മോശം കാര്യമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതി.
വസ്തുതയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ ഉദ്ധരിച്ച് തീയതികളും അക്കങ്ങളും ഉള്‍പ്പെടെയാണ് ലേഖനം എഴുതിയത്. കേരളത്തിന്റെ ഭാവി ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തിനതീതമായി കാണണം.
കേരളീയര്‍ രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. അതുപോലെ വികസനം കാണണമെങ്കില്‍ എല്ലാവരും ഒരുപോലെ ചിന്തിച്ച് മുന്നോട്ടുപോവണം. മന്ത്രി രാജീവിന്റെ പ്രസംഗത്തില്‍, ഇന്ന് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ രണ്ട് മിനിറ്റ് മതിയെന്ന് കേട്ടു. അത് പെരുപ്പിച്ച് പറഞ്ഞതല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കണം.
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് തോറ്റാല്‍ ഇതേ ആളുകള്‍തന്നെ അത് തടസ്സപ്പെടുത്തി ചുവന്ന കൊടി കാണിക്കരുതെന്നുകൂടി താൻ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. ആര് ഭരിച്ചാലും കേരളത്തിന് നിക്ഷേപവും വികസനവും അത്യാവശ്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു.