Click to learn more 👇

പണം കയ്യില്‍ നില്‍ക്കുന്നില്ലേ ? ഈ 8 മാര്‍ഗങ്ങള്‍ പരീക്ഷിച്ച്‌ നോക്കൂ


 

കാശ് കയ്യില്‍ നിക്കുന്നില്ല എന്നത് ഭൂരിഭാഗമാളുകളുടെയും പ്രശ്നമാണ്. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും പണം സേവ് ചെയ്യാനാകുന്നില്ലെങ്കില്‍ ചില ചെറിയ ടെക്നിക്കുകള്‍ പരീക്ഷിച്ച്‌ നോക്കിയാലോ?


ബജറ്റ് പ്ലാൻ ചെയ്യുക


സ്വന്തമായി ഒരു ബജറ്റ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. വരവെത്രയെന്ന് ആദ്യം കണക്കാക്കി വയ്ക്കുക. ശേഷം നിങ്ങളുടെ ഇഎംഐകള്‍, തീർപ്പാക്കേണ്ട മറ്റു ബാധ്യകള്‍, മറ്റ് അത്യാവശ്യ ചെലവുകള്‍ തുടങ്ങിയവ കണക്കാക്കി വക്കുക. പണം സേവ് ചെയ്യാൻ ആദ്യം ഒഴിവാക്കേണ്ടത് അനാവശ്യ ആ‍ഡംബരമാണ്. വെട്ടിച്ചുരുക്കാൻ പറ്റുന്ന ചെലവുകള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ആ പണം സേവിങ്സിലേക്ക് മാറ്റാം. 

ചെറുതായി തുടങ്ങാം


എപ്പോഴും ചെറിയ തുക സേവ് ചെയ്ത് തുടങ്ങാം. നിങ്ങളെ സാമ്ബത്തികമായി വലിയ ഞെരുക്കത്തിലാക്കാത്ത തുക വച്ച്‌ തുടങ്ങാം. ഇത് നിങ്ങള്‍ക്കും പണം സേവ് ചെയ്യാനാകും എന്ന ആത്മവിശ്വാസം നല്‍കും. മറിച്ച്‌ വലിയ തുക മാറ്റി വച്ച്‌ തുടങ്ങിയാല്‍ നിങ്ങള്‍ തന്നെ ആ തുക മാസാവസാനം ഉപയോഗിക്കേണ്ട സാഹചര്യം വന്നേക്കാം. ഇത് നിങ്ങളിലെ ആത്മവിശ്വാസത്തെ കെടുത്തുകയാണ് ചെയ്യുക. അതു കൊണ്ട് എപ്പോഴും കൊക്കിലൊതുങ്ങാവുന്ന തുക മാറ്റി വച്ച്‌ തുടങ്ങാം. 

ബാങ്ക് അക്കൗണ്ടുകള്‍


സാലറി അക്കൗണ്ട് അല്ലാതെ മറ്റൊരു അക്കൗണ്ട് സേവിങ്സിനായി മാറ്റി വയ്ക്കാം. മാസം ശമ്ബളം വരുമ്ബോള്‍ ആദ്യം ഈ തുക മാറ്റി സേവിങ്സ് അക്കൗണ്ടിലേക്ക് ഇടുക. ഒരു മാസം100 രൂപയാണ് മാറ്റി വയ്ക്കുന്നതെങ്കില്‍പ്പോലും അത് കൃത്യമായി മാറ്റി വയ്ക്കണം. നിങ്ങളെത്ര രൂപ സേവ് ചെയ്യുന്നു എന്നതിനേക്കാള്‍, കൃത്യമായി അത് മാറ്റി വയ്ക്കുന്നുണ്ട് എന്നതിലാണ് കാര്യം. കഴിയുമെങ്കില്‍ നിങ്ങള്‍ സേവ് ചെയ്യാൻ മാറ്റി വച്ച അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കാതിരിക്കുക. ഇത് സേവിങ്സ് ആക്കൗണ്ടില്‍ നിന്ന് പണം ചെലവാക്കാനുള്ള നിങ്ങളുടെ പ്രവണത കുറയ്ക്കും. 

പരമാവധി കറൻസി ഉപയോഗിക്കാം


യുപിഐ അക്കൗണ്ടുകള്‍ വന്ന കാലം മുതല്‍ക്കാണ്, ഈ പണം ഏത് വഴിക്ക് പോകുന്നു എന്നുള്ളത് നമുക്ക് ഒട്ടും തിരിച്ചറിവില്ലാതെ ആയത്. ഇതിന് പരിഹാരമായി ചെലവുകള്‍ക്ക് പരമാവധി കറൻസി തന്നെ ഉപയോഗിക്കാൻ തുടങ്ങാവുന്നതാണ്. ഉദാഹരണത്തിന് ഒരു 5000 രൂപ നിങ്ങള്‍ കയ്യില്‍ എടുത്തു വച്ചുവെന്ന് കരുതുക. 10 -ാം തീയതിയോടെ കയ്യിലെ ഈ പണം തീർന്നെന്നിരിക്കട്ടെ. അപ്പോള്‍ കൃത്യമായി ഇത്ര പണം ഇത്ര ദിവസം കൊണ്ടാണ് നിങ്ങള്‍ ചിലവഴിക്കുന്നതെന്ന് ഒരു ധാരണ കിട്ടും. അങ്ങനെ നിങ്ങളുടെ ചെലവുകള്‍ ട്രാക്ക് ചെയ്യാനും സാധിക്കും. 


നോ സ്പെന്റ് ചലഞ്ച്

നിങ്ങള്‍ നിങ്ങളോട് തന്നെ സാമ്ബത്തികമായി ചലഞ്ച് ചെയ്യുന്ന ഒരു രീതിയാണിത്. അനാവശ്യമായോ, ആഡംബരമായോ നിങ്ങള്‍ ചെലവഴിക്കുന്ന പണം ലാഭിക്കാനുള്ള ഒരു വഴിയായി ഇതിനെ കാണാം. ഉദാഹരണത്തിന് ഒരാഴ്ച്ചത്തേക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുതെന്ന് നിങ്ങള്‍ നിങ്ങളോട് തന്നെ ചാലഞ്ച് ചെയ്യുക. വിജയിച്ചാല്‍ ദൈര്‍ഘ്യം കൂട്ടിക്കൂട്ടി വരാം. ഇത് വഴി നിങ്ങളുടെ സാമ്ബത്തികം മാത്രമല്ല, ആരോഗ്യവും മെച്ചപ്പെടും. വീട്ടില്‍ നിന്ന് പോയി വരുന്ന ആളുകള്‍ക്ക് ചെയ്യാനാവുന്ന ഒരു രീതിയാണിത്. മറ്റുള്ളവര്‍ക്ക് വേറെ മാര്‍ഗങ്ങളും പരീക്ഷിക്കാം. 


ഷോപ്പിങ്

നിങ്ങള്‍ക്ക് അത്യാവശ്യമുള്ളത് മാത്രം ഷോപ്പ് ചെയ്ത് ശീലിക്കുക. ഷോപ്പിങ്ങിനായി പോകുമ്ബോള്‍ ഈ സാധനം എനിക്ക് അത്യാവശ്യമാണോയെന്ന് രണ്ടു മൂന്ന് വട്ടമെങ്കിലും നിങ്ങളോട് തന്നെ ചോദിച്ച്‌ ഉറപ്പിക്കുക. ഇതിന് യെസ് എന്നാണ് ഉത്തരം കിട്ടുന്നതെങ്കില്‍ മാത്രം വാങ്ങിക്കാം. ഓണ്‍ലൈന്‍ ഷോപ്പിങ് ആണെങ്കിലും ഫിസിക്കല്‍ സ്റ്റോറില്‍ ആയാലും നിങ്ങളുടെ അത്യാവശ്യ സാധനങ്ങള്‍ക്ക് കിട്ടുന്ന ഡിസ്ക്കൗണ്ട് പരമാവധി പ്രയോജനപ്പെടുത്താം. അതേ സമയം ഡിസ്കൗണ്ടുണ്ട്, ബയ് 1 ഗെറ്റ് 1 ഓഫര്‍ ഉണ്ടെന്ന് കരുതി അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. 


ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്ത ജോലിക്കാര്‍ വളരെ കുറവായിരിക്കും. വളരെ സൂക്ഷിച്ച്‌ മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. നിങ്ങളുടെ ക്രെഡിറ്റില്‍ ഉള്ള പണം വായ്പയാണ്, നിങ്ങളുടെ സ്വന്തം പണമല്ല എന്നുള്ള ബോധം എപ്പോഴും ഉണ്ടാകണം. ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കുമ്ബോഴും നിങ്ങളുടെ ആവശ്യങ്ങളുടെ പ്രയോരിറ്റി നോക്കിയെടുക്കുക. ഫ്രീ പോയിന്റുകള്‍ റെഡീം ചെയ്തും പണം ലാഭിക്കാനാകും. 


ഓട്ടോ സബ്സ്ക്രിപ്ഷനുകള്‍


ഫോണില്‍ ഉപയോഗിക്കുന്ന ആപ് സബ്സ്ക്രിപ്ഷനുകള്‍ക്ക് നിങ്ങള്‍ ഭീമമായ തുക ചെലവാക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. യൂട്യൂബ് പ്രീമിയം, മൂവി സ്ട്രീമിങ് ആപ്പുകള്‍, മ്യൂസിക് പ്രീമിയം ആപ്പുകള്‍, ഓണ്‍ലൈന്‍ കോഴ്സുകള്‍, ഗെയ്മിങ്, ഗ്രാഫിക് ആപ്പുകള്‍ തുടങ്ങി വലിയ ലിസ്റ്റ് ഓട്ടോ സബ്സ്ക്രിപ്ഷന്‍ ആപ്പുകളുണ്ട്. നിങ്ങള്‍ കൊടുക്കുന്ന പണത്തിനും മാത്രം ഇത് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച്‌ ഒഴിവാക്കേണ്ടത് ഒഴിവാക്കാം. 


പണം സേവ് ചെയ്യുന്നതിനുള്ള വളരെ ബേസിക് ആയ കാര്യങ്ങളാണിത്. ഇനിയും ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ ചെലവുകള്‍ എങ്ങനെ വരുന്നു എന്നതിനനുസരിച്ച്‌ നിങ്ങള്‍ക്ക് ഇത് കസ്റ്റമൈസ് ചെയ്യാം. ചിട്ടയോടെ പണം ചെലവഴിക്കുക എന്നത് ഒരു ശീലമാക്കുക. ഇതിന് മാസങ്ങളുടെയോ വര്‍ഷങ്ങളുടെയോ സമയമെടുക്കും. ബേബി സ്റ്റെപ്സ് ആണെങ്കിലും അത് കണ്‍സിസ്റ്റന്റ് ആയി കൊണ്ടു പോകുക. സാമ്ബത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക