വാളയാർ കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസിലെ ഒന്നാം പ്രതിയുമായി കുട്ടികളുടെ അമ്മ ലൈംഗികവേഴ്ച്ചയില്‍ ഏർപ്പെട്ടിരുന്നു എന്ന് സിബിഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്ന് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
പെണ്‍കുട്ടികളുടെ മുന്നില്‍വെച്ചാണ് അമ്മ പ്രതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പ്രതി പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു എന്നുമാണ് കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്നത് എന്നാണ് റിപ്പോർട്ട്. രണ്ടാഴ്‌ച മുമ്ബാണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.
മരിച്ച വാളയാർ പെണ്‍കുട്ടികളുടെ അമ്മ ഒന്നാം പ്രതിയുമായി "കുട്ടികളുടെ സാന്നിധ്യത്തില്‍" ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും ഇരയുടെ മൂത്ത സഹോദരിയെ ഒന്നാം പ്രതി ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് നന്നായി അറിഞ്ഞ ശേഷം മനഃപൂർവ്വം സഹായിച്ച് തൻ്റെ ഇളയ മകളെ "ലൈംഗിക പീഡനത്തിന് ഒന്നാം പ്രതിയെ പ്രേരിപ്പിച്ചു
എന്നാണ് സി.ബി.ഐ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയ കുട്ടിക്ക് അറിയാമായിരുന്നു എന്നും സിബിഐ വ്യക്തമാക്കുന്നു.
മൂത്ത മകളെ ഒന്നാം പ്രതി പീഡിപ്പിച്ചുവെന്ന് അറിഞ്ഞിട്ടും ഇളയ മകളേയും ഇതേ പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതിന് അമ്മ കൂട്ടുനിന്നു. പ്രതി മദ്യവുമായി വീട്ടില്‍ വരുന്നത് അമ്മ പ്രോത്സാഹിപ്പിച്ചു. ഇവരുടെ ഭർത്താവും ഇതിന് കൂട്ടുനിന്നിരുന്നു എന്നാണ് കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കുറ്റപത്രത്തില്‍ പറയുന്നത് പ്രകാരം, 2016 ഏപ്രിലില്‍ മൂത്ത മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നതിന് അമ്മ സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാഴ്‌ചയ‌്ക്ക് പിന്നാലെ അച്ഛനും ഇതേ കാഴ്‌ച കണ്ടു. എന്നിട്ടും മൂത്ത മകളെ ഇതേ പ്രതി ലൈംഗിക ചൂഷണം ചെയ‌്ത കാര്യം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചില്ല. മാത്രമല്ല പ്രതിയുമായി സൗഹൃദം തുടരുകയും ചെയ‌്തു. മൂത്ത മകള്‍ മരിച്ചിട്ട് പോലും ഇളയ മകളെ പ്രതിയുടെ വീട്ടിലേക്ക് ദമ്ബതികള്‍ പറഞ്ഞയച്ചു. ചേച്ചിക്ക് സംഭവിച്ചതെല്ലാം ഇളയകുട്ടിക്കും അറിയാമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നത്.
2017 ജനുവരി 13ന് ആണ് വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാർച്ച് നാലിന് ഇളയ പെണ്‍കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്ബതും വയസായിരുന്നു കുട്ടികള്‍ക്ക്. വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടർന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്.
2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് 4 ഇതേ വീട്ടില്‍ അനുജത്തി ഒമ്ബത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്ബതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്ത ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
വിധി റദ്ദാക്കണമെന്നും പുനർവിചാരണ വേണമെന്നുമാവശ്യപ്പെട്ട് 2019 നവംബർ 19 ന് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2020 മാർച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമീഷൻ കണ്ടെത്തി. 2020 നവംബർ 4 മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തു. 2021 ജനുവരി ന് പ്രതികളെ വെറുതെവിട്ട വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐക്ക് വിടുകയും ചെയ്തു. കേസ് ഏറ്റെടുത്ത സിബിഐ 2021 ഏപ്രില്‍ ഒന്ന് പാലക്കാട് പോക്സോ കോടതിയില്‍ എഫ്‌ഐആർ സമർപ്പിച്ചു. 2021 ഡിസംബർ 27 ന് വാളയാർ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലില്‍ സിബിഐ കുറ്റപത്രം 2022 ഓഗസ്റ്റ് 10 കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ടുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുരന്വേഷണം നടത്തണം എന്നായിരുന്നു ഉത്തരവ്.
ലോക്കല്‍ പൊലീസിനെ പോലെ സിബിഐയും കുട്ടികളുടേത് ആത്മഹത്യ എന്ന് പറഞ്ഞപ്പോഴാണ് തുടരന്വേഷണത്തിന് നിർദേശിച്ചത്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കി എന്നായിരുന്നു ഉത്തരവിലെ വിമർശനം. സിബിഐ നല്‍കിയ തെളിവുകള്‍ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍ എന്നാല്‍ കേസ് അന്വേഷിച്ച ഏജൻസികള്‍ പ്രധാനപ്പെട്ട ശാസ്ത്രീയ തെളിവുകള്‍ അവഗണിച്ചു കളഞ്ഞിരുന്നു. അതില്‍ ഒന്നാമത്തേതാണ് സെല്ലോഫൈൻ ടേപ്പ് റിപ്പോർട്ട്. മക്കള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നു എന്നാരോപിച്ച് ഇവർ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു