ഹരിയാനയിലെ റോഹ്തക്കില്‍ കോണ്‍ഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
22 കാരിയായ ഹിമാനി നർവാളുടെ മൃതദേഹമാണ് റോഹ്തക്കിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സാംപ്ല ബസ് സ്റ്റാൻഡില്‍ നിന്ന് 200 മീറ്റര്‍ അകലെ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹിമാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സോനിപത്തിലെ റിന്ധാന സ്വദേശിയായ ഹിമാനി റോഹ്തക്കിലാണ് താമസിച്ചിരുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയിലെത്തിയപ്പോള്‍ ഹിമാനി സജീവമായി പങ്കെടുത്തിരുന്നു.സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയും റോഹ്തക് എംഎല്‍എ ബിബി ബത്രയും ആവശ്യപ്പെട്ടു.
'അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ് ഈ രീതിയിലുള്ള കൊലപാതകം. ഉന്നതതലത്തിലുള്ള, നിഷ്പക്ഷമായ അന്വേഷണം നടത്തണം. കുറ്റവാളികള്‍ക്ക് എത്രയും വേഗം കടുത്ത ശിക്ഷ ലഭിക്കണം,'' ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു, സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വർധിച്ചുവരികയാണെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ ബിജെപി സർക്കാർ പരാജയപ്പെട്ടതായും ഹൂഡ വിമര്‍ശിച്ചു .ഹൂഡക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഹിമാനി സജീവമായി പങ്കെടുത്തിരുന്നു.
അതേസമയം, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സാംപ്ല പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ബിജേന്ദർ പറഞ്ഞു.