ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം മതവർഗീയവാദികളാണെന്ന വിദ്വേഷ പരാമർശത്തിന് പിന്നാലെ കൂടുതല്‍ വിവാദ പരാമർശങ്ങളുമായി മുൻ എംഎല്‍എയും ബിജെപി നേതാവുമായ പി.സി. ജോര്‍ജ്.
വിദ്വേഷ പരാമർശ കേസില്‍ ജാമ്യത്തില്‍ തുടരവേയാണ് വീണ്ടും സമാനമായ പരാമർശം നടത്തിയിരിക്കുന്നത്. വിദ്വേഷ പരാമർശങ്ങള്‍ ആവർത്തിക്കരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ പി.സി. ജോർജിനോട് കോടതി നേരത്തെ നിർദേശിച്ചിരുന്നതാണ്.
ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകണമെന്നും 400 ഓളം പെണ്‍കുട്ടികളെ മീനച്ചില്‍ താലൂക്കില്‍ മാത്രം "ലൗ ജിഹാദി"ലൂടെ നഷ്ടപ്പെട്ടുവെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. ഇതില്‍ 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും പി.സി. ജോർജ് പറഞ്ഞു.
പാലാ ളാലത്ത് കെ.സി.ബി.സി ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോർജ്. ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ടെന്നും പി.സി ജോർജ് പറഞ്ഞു.
അത് എവിടെ കത്തിക്കാനുള്ളതാണെന്ന് അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞിരുന്നു. ഇതോടെ പ്രസ്താവന വലിയ വിവാദമായി. പിന്നാലെ മതസ്പർധ വളർത്തല്‍, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് ജോർജിനെതിരെ കേസെടുത്തിരുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പി.സി. ജോർജിൻ്റെ പരാമർശം ഗൗരവതരമെന്നും സമാന കുറ്റകൃത്യം മുൻപും നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന രാഷ്ട്രീയ നേതാവാണെന്ന് പി.സി. ജോർജിനെ കോടതി ഓർമിപ്പിക്കുകയും ചെയ്തു. സമാനമായ നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.