Click to learn more 👇

കാസര്‍കോട് കാണാതായ15കാരിയും 42 വയസുകാരനും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിനടുത്തുള്ള ഗ്രൗണ്ടിന് സമീപം


 മണ്ടേക്കാപ്പില്‍ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയേയും അയല്‍വാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

കാസർകോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയല്‍വാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 


വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഇൻക്വസ്റ്റിന് ശേഷം ആശുപത്രിയിലേക്ക് മാറ്റും.


ഫെബ്രുവരി 12-ന് പുലർച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്റെ പിറക് വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് പോയെന്നാണ് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും

മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച്‌ ഓഫാവുകയായിരുന്നു. 


ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഇയാളുടെ ഫോണും 12-ാം തിയതിമുതല്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, അപ്പോഴൊന്നും മൃതദേഹം കണ്ടെത്താനായിരുന്നില്ല.


ഫെബ്രുവരി 11-ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും ഫെബ്രുവരി 12-ന് പുലർച്ചെ 4.45-ന് എണീറ്റപ്പോള്‍ മകളെ കണ്ടില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛൻ പറഞ്ഞു. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോർപസ് ഹർജിയും ഫയല്‍ചെയ്തിരുന്നു. കുമ്ബള പോലീസില്‍ നിന്നും അന്വേഷണം മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന അപേക്ഷ കാസർകോട് എസ്പിക്ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക