Click to learn more 👇

കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലില്‍ വൻ ലഹരി ശേഖരം; 2 കിലോ കഞ്ചാവ് പിടികൂടി; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വൻ കഞ്ചാവ് വേട്ട. രണ്ട് കിലോയോളം കഞ്ചാവാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകള്‍.


മൂന്ന് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറികളില്‍ നിന്നാണ് ബാക്കി കഞ്ചാവ് കണ്ടെത്തിയത്. വേയിംഗ് മെഷീൻ ഉള്‍പ്പടെ പിടികൂടിയിട്ടുണ്ട്.


കൊച്ചി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കളമശ്ശേരി പോളി ടെക്നിക്കില്‍ ഏഴ് മണിക്കൂറോളമാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന പുലർച്ചെ നാലുമണിയോടെയാണ് അവസാനിച്ചത്.

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് മാത്രമല്ല മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥികള്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്‌ക്കുവേണ്ടിയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് എത്തിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. പൊലീസിനെ കണ്ട് ഭയന്ന് ചില വിദ്യാർത്ഥികള്‍ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.


ഹോളി ആഘോഷത്തിനായി വിദ്യാർത്ഥികള്‍ ഹോസ്റ്റലില്‍ വൻ തോതില്‍ ലഹരി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടേക്ക് എത്തിയത്. സംഭവത്തെക്കുറിച്ച്‌ സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും. ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.

ഹോസ്റ്റലില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവം ഗൗരവകരമായ വിഷയമാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവിയർ പ്രതികരിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക