കന്നുകാലികളില്‍ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി ഏപ്രിലോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
പത്തനംതിട്ട ജില്ലയില്‍ വിജയകരമായി പൂർത്തിയാക്കിയ പദ്ധതി ഒന്നരവർഷമായി തുടർപ്രവർത്തനങ്ങള്‍ ഇല്ലാതെ നിലച്ചിരിക്കുകയായിരുന്നു.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ഡേറ്റ എൻട്രിക്ക് ആവശ്യമായ ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കാലതാമസം കാരണമാണ് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നത് നീണ്ടത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധയുടെ ഭാഗമായാണ് കന്നുകാലികള്‍ക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയല്‍ സംവിധാനം ഒരുക്കുന്നത്. ചിപ്പ് ഘടിപ്പിച്ച് ഡേറ്റ എൻട്രി നടത്തുന്നതിലൂടെ കന്നുകാലികളുടെ വിവരങ്ങള്‍, അവയ്ക്കെടുത്തതും എടുക്കേണ്ടതുമായ വാക്സിനേഷനുകള്‍, തരുന്ന പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇ-സമൃദ്ധയുടെ ആപ്പിലും പോർട്ടലിലും ലഭ്യമാക്കും.
പത്തനംതിട്ട ജില്ലയിലെ പദ്ധതി ഒരുമാസംകൊണ്ട് പൂർത്തിയാക്കാനാണ് അധികൃതർ നിർദേശിച്ചത്. 7.5 കോടി രൂപ ഇതിനായി നല്‍കി. എന്നാല്‍, ജീവനക്കാരുടെ കുറവും വിവരശേഖരണത്തിനായുള്ള സാങ്കേതികസംവിധാനങ്ങളുടെ അപര്യാപ്തതയുംമൂലം നാലുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. കന്നുകാലികളുടെ ചെവിയിലെ തൊലിക്കടിയിലാണ് ചിപ്പ് സ്ഥാപിക്കുന്നത്.