സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ വെടിനിർത്തല്‍. രമേശ് ചെന്നിത്തല യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകട്ടെ എന്ന് ഹൈക്കമാൻഡ്.
കോണ്‍ഗ്രസ് നേതാക്കളുടെ ചേരിതിരിവ് കാരണം പ്രതിസന്ധിയിലായ യുഡിഎഫ് നേതൃത്വം വിഷയം ഹൈക്കമാണ്ടില്‍ എത്തിച്ചതോടെ ഘടകകക്ഷികളുടെ സമ്മർദ്ദം ഫലം കണ്ടുതുടങ്ങി.
മുൻ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷനേതാവ് എന്ന നിലയില്‍ തിളങ്ങിയ രമേശ് ചെന്നിത്തലയ്ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിലും ഘടകകക്ഷികള്‍ക്കിമിടയിലും ഉള്ളത്. എൻഎസ്‌എസ് പോലുള്ള സാമുദായിക സംഘടനകളെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാതിരിക്കാൻ ഇത് അനിവാര്യമാണെന്നും നേതൃത്വം കരുതുന്നു. കോണ്‍ഗ്രസ് ഹൈക്കമാണ്ട് നടത്തിയ ചർച്ചയിലും ഈയൊരു ഫോർമുലയാണ് മുന്നോട്ടുവെച്ചത്.
അതുകൊണ്ടുതന്നെയാണ് ചർച്ചകള്‍ക്ക് ശേഷം നിലവിലെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയത്. അടുത്ത ഊഴം വി.ഡി സതീശന് നല്‍കും. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനയായി വേണം ഈ തീരുമാനങ്ങളെ കാണാൻ. ഘടകകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ കണ്ടതോടുകൂടിയാണ് കോണ്‍ഗ്രസില്‍ ഐക്യശ്രമത്തിന് ആക്കം കൂട്ടിയത്.
ഒരു നേതാവിനു കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഘടകകക്ഷികള്‍ ഹൈക്കമാണ്ടിനോട് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം ചരട് വലികള്‍ ഉണ്ടാകും. അത് മുന്നണിക്ക് ദോഷം ചെയ്യും. മൂന്നാം പിണറായി സർക്കാർ അധികാരത്തില്‍ വരാൻ ഇടയായാല്‍ കോണ്‍ഗ്രസിലും, യുഡിഎഫിലും ഉണ്ടാകുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് ഘടകകക്ഷി നേതാക്കള്‍ ഹൈക്കമാണ്ടിനെ വേണ്ട വിധത്തില്‍ ധരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ഹൈക്കമാണ്ട് മുന്നോട്ട് വെച്ച ഈ ഫോർമുല കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചതും.
ഡല്‍ഹി ചർച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസിലെ മഞ്ഞുരുക്കം ഇപ്പോള്‍ പാർട്ടി വേദികളില്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. രമേശ് ചെന്നിത്തലയും, വിഡി സതീശനും, കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ഒരുമയോടെ പാർട്ടി വേദികളില്‍ സജീവമാണ്. എവിടെയും ഭിന്ന സ്വരങ്ങളില്ല. നേതാക്കളുടെ ഭിന്നത മുതലെടുത്ത് ഹൈക്കമാണ്ട് സ്വാധീനത്തില്‍ മുഖ്യമന്ത്രിയാവാം എന്ന് വ്യാമോഹിച്ചവർക്ക് നേതാക്കള്‍ക്കിടയിലെ മഞ്ഞുരുക്കം തിരിച്ചടിയായിട്ടുമുണ്ട്.
ഹൈക്കമാണ്ട് മുന്നോട്ടുവെക്കുന്ന ഫോർമുല പ്രകാരം വി ഡി സതീശൻ, കെ മുരളീധരൻ, ബെന്നി ബഹനാൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരൊക്കെ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭയില്‍ പ്രധാന വകുപ്പുകളില്‍ ഇടം പിടിക്കും എന്നാണറിയുന്നത്.