Click to learn more 👇

താമരശ്ശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷം; ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു


 

താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്. 


താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘർഷം. സംഭവത്തില്‍ എളേറ്റില്‍ എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി താമരശ്ശേരി ചുങ്കം പാലോ റക്കുന്ന് മുഹമ്മദ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ക്ഷതമേറ്റ വിദ്യാർഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്‌. എസ്.എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ഞായറാഴ്ച താമരശ്ശേരി വ്യാപാര ഭവനില്‍വെച്ച്‌ ട്യൂഷൻ സെന്ററിലെ പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തില്‍ ട്യൂഷൻ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ എം.ജെ.എച്ച്‌. എസ്.എസിലെ കുട്ടികളുടെ നൃത്തം പാട്ടുനിന്നതിനെത്തുടർന്ന് തടസ്സപ്പെട്ടു. നൃത്തം തടസ്സപ്പെട്ടപ്പോള്‍ താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികള്‍ കൂവിവിളിച്ചു കളിയാക്കി. അത് നൃത്തസം ഘത്തിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചോദ്യം ചെയ്തു. വിദ്യാർഥികള്‍തമ്മില്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 


ആ സംഭവത്തിലെ അസ്വാരസ്യത്തിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ സംഘർഷം. സാമൂഹികമാധ്യമത്തിലൂടെയുള്ള ആഹ്വാനമനുസരിച്ച്‌ സ്ഥലത്തെത്തിയ ട്യൂഷൻ സെന്ററിലുള്ളവരും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ ട്യൂഷൻ സെന്ററില്‍ ഇല്ലാത്തവരുമായ എളേറ്റില്‍ സ്കൂള്‍ വിദ്യാർഥികളും പ്രദേശത്ത് തമ്ബടിച്ചിരുന്ന താമരശ്ശേരി ജി.വി.എച്ച്‌.എസ്.എസ്. വിദ്യാർഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തമ്മില്‍ത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും പിന്തിരിപ്പിച്ച്‌ ഓടിച്ചു. പിന്നീട് റോഡിനു സമീപത്തുവെച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി. സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 


നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികള്‍ പോലീസിനെ അറിയിച്ചത്. അതേസമയം വിദ്യാർഥികള്‍ക്കുപുറമേ പുറത്തു നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും ആയുധങ്ങളുപയോഗിച്ച്‌ അക്രമം നടത്തിയെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.


പുറമേ കാര്യമായ മുറിവില്ലാത്തതിനാല്‍ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഛർദിക്കുകയും തളർന്നിരിക്കുകയും ചെയ്തു. ആരെങ്കിലും ലഹരിവസ്തുക്കള്‍ നല്‍കിയതാണോയെന്ന സംശയംതോന്നി വീട്ടുകാർ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവമറിയുന്നത്. 


തുടർന്ന് വിട്ടുകാർ വ്യാഴാഴ്ച രാത്രി വിദ്യാർഥിയെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില വഷളാണെന്നുകണ്ട് പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലച്ചോറില്‍ ആന്തരികരക്തസ്രാവവും എല്ലിന് പൊട്ടലുമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. 



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക