വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസില്‍ പരാതി നല്‍കിയത്. വാലന്റൈൻസ് ഡേ യുടെ ഭാഗമായി കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ചിത്രീകരിച്ച റീല്‍സിനിടെയാണ് സംഭവം. വ്ലോഗര്‍ മുകേഷ് നായരായിരുന്നു ഇതില്‍ അഭിനയിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധ നഗ്ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. റീല്‍സിനിടെ തന്റെ കാലിലേക്ക് കിടന്നോളൂ എന്ന് മുകേഷ് പറഞ്ഞെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്.
ഇക്കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് മുകേഷ് നായര്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായും, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.